• HOME
  • »
  • NEWS
  • »
  • sports
  • »
  • ഖത്തർ ലോകകപ്പ് 2022-ൽ ആദ്യ ഗോൾ നേടിയ എന്നർ വലൻസിയയെ അറിയാമോ?

ഖത്തർ ലോകകപ്പ് 2022-ൽ ആദ്യ ഗോൾ നേടിയ എന്നർ വലൻസിയയെ അറിയാമോ?

കടുത്ത ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ പശുവിനെ കറന്നും പാൽവിൽപനയിൽ അച്ഛനെ സഹായിച്ചും വളർന്നുവന്ന എന്നർ വലൻസിയ എന്ന ഫുട്ബോളിലെ സൂപ്പർതാരത്തിന്‍റെ ജീവിതകഥ...

  • Share this:
ദോഹ: ഫിഫ ലോകകപ്പ് 2022-ന് കളിത്തട്ടുണർന്നപ്പോൾ ആദ്യ ഗോൾ നേട്ടം ഇക്വഡോർ നായകനും സൂപ്പർതാരവുമായ എന്നർ വലൻസിയയുടെ പേരിൽ. 16-ാം മിനിട്ടിൽ പെനാൽറ്റി കിക്കിലൂടെയാണ് എന്നർ വലൻസിയ ഇക്വഡോറിനെ മുന്നിലെത്തിച്ചത്. നേരത്തെ കിക്കോഫിന് തൊട്ടുപിന്നാലെ മൂന്നാം മിനിട്ടിൽ എന്നർ വലൻസിയ ലക്ഷ്യം കണ്ടെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിക്കുകയായിരുന്നു. ഇക്വഡോർ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് എന്നർ വലൻസിയ. താരത്തെക്കുറിച്ച് കൂടുതൽ അറിയാം.

1989 നവംബർ നാലിന് ഇക്വഡോറിലെ സാൻ ലോറെൻസോയിലാണ് വലൻസിയയുടെ ജനനം. ദരിദ്ര കുടുംബത്തിൽനിന്ന് കാൽപ്പന്ത് കളിയിലെ പ്രതിഭാവിലാസം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ താരമാണ് എന്നർ വലൻസിയ. കുട്ടിക്കാലത്ത്, സാൻ ലോറെൻസോയിലെ തെരുവുകളിൽ പിതാവിനെ പാൽവിൽപനയിൽ സഹായിച്ചുകൊണ്ടായിരുന്നു അദ്ദേഹം വളർന്നത്. പിന്നീട് തെരുവിൽ ഫുട്ബോൾ തട്ടി വളർന്നു. കളിമികവ് ശ്രദ്ധിച്ച സ്കൂളിലെ പരിശീലകൻ എന്നർ വലൻസിയയിലെ താരത്തെ പ്രത്യേകമായി പരിശീലിപ്പിച്ചു. അച്ഛന്‍റെ ഡയറിഫാമിലെ പശുക്കളെ പരിപാലിച്ചശേഷമാണ് എന്നർ വലൻസിയ കുട്ടിക്കാലത്ത് ഫുട്ബോൾ കളിക്കാൻ പോയിരുന്നത്.

2008-ൽ പ്രാദേശിക അക്കാദമിയായ കാരിബ് ജൂനിയർ ട്രയൽസിന് വിളിച്ചതാണ് എന്നർ വലൻസിയയുടെ കരിയറിൽ വഴിത്തിരിവായത്. കാരിബ് ജൂനിയർ യൂത്ത് ടീമിനുവേണ്ടി ഗോളടിച്ചുകൂട്ടി വലൻസിയ അതിവേഗം ശ്രദ്ധേയനായ കളിക്കാരനായി മാറി. ഇക്വഡോറിലെ മുൻനിര ക്ലബായ സ്പോർട്ട് എമെലെകിൽ ഇടംനേടാൻ താരത്തിന് അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. അടുത്ത രണ്ടുവർഷത്തിനുള്ളിൽ എന്നർ വലൻസിയ ഇക്വഡോറിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന നിലയിലേക്ക് വളർന്നു. വൈകാതെ ദേശീയ ടീമിലുമെത്തി. അതിന് പിന്നാലെ മെക്സിക്കോയിലെ പച്ചുക ക്ലബിനുവേണ്ടിയും വലൻസിയ കളിച്ചു. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ ഇക്വഡോറിന്‍റെ കുന്തമുനയായിരുന്നു വലൻസിയ. സ്വിസ്റ്റർലൻഡിനെതിരായ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി.

ഇതോടെ യൂറോപ്യൻ ക്ലബുകൾ വലൻസിയയെ നോട്ടമിട്ടുകഴിഞ്ഞിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമുമായി കരാറിലേർപ്പെട്ടതോടെ അദ്ദേഹം യൂറോപ്പിലെത്തി. രണ്ടുവർഷത്തിനുശേഷം എവർട്ടൻ നിരയിലും വലൻസിയ എത്തി. ഇപ്പോൾ തുർക്കിയിലെ ഒന്നാം നമ്പർ ടീമായ ഫെനർബാഷെയ്ക്കുവേണ്ടിയാണ് എന്നർ വലൻസിയ ക്ലബ് ഫുട്ബോളിൽ പന്തുതട്ടുന്നത്.

Also Read- ലോകകപ്പ് 2022ന് കിക്കോഫ്; പതിനഞ്ചാം മിനിട്ടിൽ ഇക്വഡോർ മുന്നിൽ

ബ്രസീലും അർജന്‍റീനയും അണിനിരക്കുന്ന ദക്ഷിണഅമേരിക്കൻ യോഗ്യതാ മത്സരങ്ങൾ താണ്ടിയാണ് ഇത്തവണ വലൻസിയയുടെ നേതൃത്വത്തിൽ ഇക്വഡോർ ഖത്തറിലെത്തിയത്. ബ്രസീലിനെതിരെ അവിസ്മരണീയ സമനില നേടിയാണ് ഇക്വഡോർ ഖത്തർ ടിക്കറ്റുറപ്പിച്ചത്. യോഗ്യതാ മത്സരങ്ങളിൽ ഇക്വഡോറിന് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയതും മറ്റാരുമായിരുന്നില്ല.

കരിയറിൽ ഉയരങ്ങളിലേക്ക് വ്യക്തിജീവിതത്തിൽ അനേകം പ്രതിസന്ധികൾ എന്നും എന്നർ വലൻസിയയ്ക്കൊപ്പമുണ്ടായിരുന്നു. 2021ൽ സഹോദരിയെ അക്രമികൾ തട്ടിക്കൊണ്ടുപോയത് എന്നർ വലൻസിയയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. പിന്നീട് പ്രത്യേക ദൌത്യസംഘം അക്രമികളെ കീഴടക്കി എന്നർ വലൻസിയയുടെ സഹോദരിയെ മോചിപ്പിക്കുകയായിരുന്നു. അനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത എന്നർ വലൻസിയയെന്ന ഫുട്ബോൾ മാന്ത്രികനിൽനിന്ന് അത്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണ് ഇക്വഡോർ എന്ന രാജ്യമൊന്നാകെ...
Published by:Anuraj GR
First published: