Sachin Yadav |ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയെ മറികടന്ന സച്ചിൻ യാദവ് ആരാണ്?
- Published by:Sneha Reghu
- news18-malayalam
Last Updated:
ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ നീരജിനൊപ്പം ഇന്ത്യക്ക് ജാവലിനിലെ മെഡല്‍ പ്രതീക്ഷയായി ഉയരുകയാണ് സച്ചിൻ
ന്യൂഡൽഹി: 2025-ലെ ടോക്കിയോ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം സച്ചിൻ യാദവിന്റെ പ്രകടനം ഏറെ ചർച്ചയായി കഴിഞ്ഞിരുന്നു. പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ 86.27 മീറ്റർ ദൂരം എറിഞ്ഞ് അദ്ദേഹം നാലാം സ്ഥാനം നേടി.
ഈ 25-കാരൻ ഇന്ത്യൻ താരം നീരജ് ചോപ്രയെയും പാക് താരം അർഷാദ് നദീമിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ നീരജ് എട്ടാം സ്ഥാനത്തും നദീം പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. മത്സരത്തിലെ സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ആദ്യ ശ്രമത്തിൽ തന്നെ നേടിയ 86.27 മീറ്റർ. യോഗ്യതാ റൗണ്ടുകളിൽ 80.16 മീറ്ററും 83.67 മീറ്ററും എറിഞ്ഞാണ് അദ്ദേഹം ഫൈനലിൽ പ്രവേശിച്ചത്.
ബുധനാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ 83.67 മീറ്റർ ദൂരം മാത്രമാണ് സച്ചിന് പിന്നിടാൻ സാധിച്ചത്. അതിനാൽ ഫൈനലിൽ അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. രാജ്യം മുഴുവൻ നീരജ് ചോപ്രയുടെ പ്രകടനത്തിനായി ഉറ്റുനോക്കിയപ്പോൾ, ഒരു പ്രതീക്ഷയുടെ ഭാരവുമില്ലാതെയാണ് സച്ചിൻ ഫൈനലിൽ ഇറങ്ങിയത്. ഈ മാനസികാവസ്ഥ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ സഹായകമായി.
advertisement
ആരാണ് സച്ചിൻ യാദവ്?
ഉത്തർപ്രദേശിലെ ഖേക്ര സ്വദേശിയായ സച്ചിൻ യാദവിന്റെ ഉയരം 6 അടി 5 ഇഞ്ചാണ്. ഒരു ക്രിക്കറ്റ് കളിക്കാരനാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 19-ാം വയസ്സിലാണ് ക്രിക്കറ്റ് ഉപേക്ഷിച്ച് ജാവലിൻ ത്രോയിലേക്ക് മാറിയത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയെയും പേസ് ബൗളർ ജസ്പ്രീത് ബുംറയുടെയും കടുത്ത ആരാധകനാണ് സച്ചിൻദേവ്. കായികരംഗത്തെ തന്റെ ഉയർച്ചയ്ക്ക് കാരണം കഠിനാധ്വാനമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. ഡെറാഡൂണിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ 84.39 മീറ്റർ ദൂരം എറിഞ്ഞ് മീറ്റ് റെക്കോർഡോടെ സ്വർണ്ണവും നേടി. അതുപോലെ, ആദ്യത്തെ നീരജ് ചോപ്ര ക്ലാസിക് മത്സരത്തിൽ 82.33 മീറ്റർ ദൂരമെറിഞ്ഞ് നാലാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
advertisement
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ മത്സരത്തിൽ, നീരജ് ചോപ്രക്കും അർഷാദ് നദീമിനുമൊപ്പം മത്സരിച്ച സച്ചിൻ യാദവ്, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ലോക അത്‌ലറ്റിക്സ് വേദിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ നീരജിനൊപ്പം ഇന്ത്യക്ക് ജാവലിനിലെ മെഡല്‍ പ്രതീക്ഷയായി ഉയരുകയാണ് സച്ചിൻ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 19, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sachin Yadav |ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയെ മറികടന്ന സച്ചിൻ യാദവ് ആരാണ്?