World cup 2023 | ദക്ഷിണാഫ്രിക്കയോടും തോറ്റ് പാകിസ്ഥാൻ ലോകകപ്പിൽനിന്ന് പുറത്തേക്ക്

Last Updated:

ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വൻ മാർജിനിൽ ജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താൽ മാത്രമെ പാകിസ്ഥാന് സെമിയിൽ കടക്കാനാകൂ

മർക്രാം
മർക്രാം
ചെന്നൈ: ലോകകപ്പിൽ പാകിസ്ഥാന് വീണ്ടും തോൽവി. മികച്ച ഫോമിൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ തോറ്റത്. മത്സരത്തിൽ അവസാനഘട്ടം പാകിസ്ഥാൻ പിടിമുറുക്കിയെങ്കിലും ഇന്ത്യൻ വംശജനായ കേശവ് മഹാരാജ് നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ ലോകകപ്പിൽ പാകിസ്ഥാൻ സെമി കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ 270 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 16 പന്തും ഒരു വിക്കറ്റും ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. 93 പന്തിൽ 91 റൺസെടുത്ത എയ്ഡൻ മർക്രാം ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. പാകിസ്ഥാന് വേണ്ടി ഷഹിൻ ഷാ അഫ്രിദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ് വസിം, ഉസാമ മിർ, ഹാരിസ് റൌഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി. 46.4 ഓവറിൽ പാകിസ്ഥാൻ 270 റൺസിന് പുറത്തായി. 52 റൺസെടുത്ത സൌദ് ഷക്കീലാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറർ. ബാബർ അസം 50 റൺസും ഷദാബ് ഖാൻ 43 റൺസും നേടി. മൊഹമ്മദ് റിസ്വാൻ 31 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഷംസി നാലു വിക്കറ്റ് മാർക്കോ യാൻസൻ മൂന്നു വിക്കറ്റും സ്വന്തമാക്കി. ജെറാൾഡ് കോട്ട്സീയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
advertisement
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവർ മുതൽ അടിച്ചുതകർത്താണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. എന്നാൽ ക്വിന്‍റൻ ഡികോക്ക് 24 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ടെംബ ബവുമ 28 റൺസെടുത്തു. വാൻഡർ ഡസന് 21 റൺസാണ് നേടാനായത്. ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും പിടിച്ചുനിന്ന് കളിച്ച മർക്രാമാണ് ദക്ഷിണാഫ്രിക്കയെ വിജയതീരത്തേക്ക് നയിച്ചത്. മൂന്ന് സിക്സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മർക്രാമിന്‍റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ മർക്രാം യാൻസനും പുറത്തായതോടെ മത്സരം പാകിസ്ഥാന് അനുകൂലമായി മാറി. എന്നാൽ ക്ഷമയോടെ പിടിച്ചുനിന്ന വാലറ്റക്കാർ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
advertisement
ഇന്നത്തെ വിജയത്തോടെ ആറ് മത്സരങ്ങളിൽനിന്ന് 10 പോയിന്‍റുമായി ദക്ഷിണാഫ്രിക്ക പോയിന്‍റ് നിലയിൽ ഒന്നാമതെത്തി. അഞ്ച് കളികളിൽ ഇന്ത്യയ്ക്കും പത്ത് പോയിന്‍റുണ്ട്. എന്നാൽ റൺ നിരക്കിൽ ഇന്ത്യ രണ്ടാമതാണ്. ആറ് മത്സരങ്ങളിൽനിന്ന് നാല് പോയിന്‍റുള്ള പാകിസ്ഥാൻ ആറാം സ്ഥാനത്താണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വൻ മാർജിനിൽ ജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താൽ മാത്രമെ പാകിസ്ഥാന് സെമിയിൽ കടക്കാനാകൂ.
ഒക്ടോബർ 31ന് കൊൽക്കത്തയിൽവെച്ച് ബംഗ്ലാദേശിനെതിരെയാണ് പകിസ്ഥാന്‍റെ അടുത്ത മത്സരം. ദക്ഷിണാഫ്രിക്ക നവംബർ ഒന്നിന് പൂനെയിൽവെച്ച് ന്യൂസിലാൻഡിനെ നേരിടും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
World cup 2023 | ദക്ഷിണാഫ്രിക്കയോടും തോറ്റ് പാകിസ്ഥാൻ ലോകകപ്പിൽനിന്ന് പുറത്തേക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement