ഫിഫയുടെ മാച്ച് ഒഫീഷ്യലിനെ കൈമുട്ട് കൊണ്ട് ഇടിച്ച ലോകകപ്പ് താരത്തെ 15 മത്സരങ്ങളിൽനിന്ന് വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. ഉറുഗ്വായ് ഡിഫൻഡർ ജോസ് ഗിമെനെസിനാണ് കടുത്ത ശിക്ഷ നൽകാൻ ഫിഫ തയ്യാറെടുക്കുന്നത്. ഘാനയെ തോൽപ്പിച്ച് ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷമാണ് ഗിമെനെസിന്‍റെ മോശം പെരുമാറ്റം ഉണ്ടായത്.
നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ ഉറുഗ്വായ് 2-0 ന് ജയിച്ചാൽ മതിയായിരുന്നില്ല. ദക്ഷിണ കൊറിയ പോർച്ചുഗലിനെ പരാജയപ്പെടുത്തിയതോടെ ഉറുഗ്വായ് ലോകകപ്പിൽനിന്ന് പുറത്താകുകയായിരുന്നു.
സൂപ്പർതാരം എഡിൻസൺ കവാനിയെ ഫൗൾ ചെയ്‌തതിന് ഉറുഗ്വായ് താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് കളിക്കാരും മാച്ച് ഒഫീഷ്യൽസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഇത് മത്സരശേഷവും തുടർന്നു. അതിനിടെയാണ് ഗിമെനെസ് കൈമുട്ട് കൊണ്ട് മാച്ച് ഒഫീഷ്യലിനെ ഇടിച്ചത്.
റഫറിയെ ശകാരിച്ചതിന് ഗിമെനെസിനും കവാനിക്കും എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനുശേഷമാണ് ഒരു ഫിഫ ഉദ്യോഗസ്ഥന്റെ തലയ്ക്ക് പിന്നിൽ അത്‌ലറ്റിക്കോ മാഡ്രിഡ് സെന്റർ ബാക്ക് കൂടിയായ ഗിമെനെസ് ഇടിച്ചെന്ന ആരോപണം ഉയർന്നത്. ഒറ്റനോട്ടത്തിൽ ഇത് മനഃപൂർവമല്ലെന്നാണ് കരുതുന്നതെങ്കിലും, ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ ഫിഫ തീരുമാനിച്ചതായാണ് വിവരം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം നടപടി ഉണ്ടാകും. ഗിമെനെസിന്‍റെ നടപടി ഉദ്യോഗസ്ഥനെതിരെയുള്ള ‘ആക്രമണമായി’ കണക്കാക്കിയാൽ താരത്തെ 15 മത്സരങ്ങളിൽ നിന്ന് വിലക്കാമെന്ന് സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.
മാച്ച് ഒഫീഷ്യൽസുമായുള്ള വാദപ്രതിവാദത്തിന് ശേഷം ഗിമെനെസ് ക്യാമറയിലേക്ക് നോക്കി അലറി: ‘അവരെല്ലാം [റഫറിമാർ] ഒരു കൂട്ടം കള്ളന്മാരാണ്’. എന്നാൽ ഉറുഗ്വായുടെ സൂപ്പർതാരവും മുൻ ലിവർപൂൾ സ്‌ട്രൈക്കറുമായ ലൂയിസ് സുവാരസ് തർക്കം നടക്കുമ്പോൾ അതിൽ ഇടപെട്ടിരുന്നില്ല. തന്റെ ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്നത് കണ്ട് ബെഞ്ചിലിരുന്ന് സുവാരസ് പൊട്ടിക്കരയുന്നത് കാണാമായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലും ടെലിവിഷനിലും അദ്ദേഹം ഉറുഗ്വായുടെ പുറത്താകലിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ എഴുതി: ‘ഒരു ലോകകപ്പിനോട് വിടപറയുന്നത് വളരെയധികം വേദനിപ്പിക്കുന്നു, പക്ഷേ ഞങ്ങൾ രാജ്യത്തിന് വേണ്ടി എല്ലാം വിധത്തിലും നന്നായി ശ്രമിച്ചു എന്ന സമാധാനമുണ്ട്. അവർ ഞങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിലും ഉറുഗ്വേക്കാരനായതിൽ അഭിമാനിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും ഞങ്ങളെ പിന്തുണച്ച ഓരോ ഉറുഗ്വേക്കാർക്കും നന്ദി!’
Also See- മെസിയുടെ മകൻ അർജന്റീന ആരാധകർക്കുനേരെ ച്യൂയിംഗം എറിഞ്ഞു; കുപിതയായി ഭാര്യ അന്റൊണെല്ല
ഉറുഗ്വേൻ ടിവി ചാനലായ ടെലിഡോസിനോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു: ‘എനിക്ക് സങ്കടവും നിരാശയും തോന്നുന്നു. ‘എന്റെ മകനും ആ സങ്കടത്തിന്റെ ചിത്രവുമായി സ്റ്റേഡിയം വിടുകയാണ്, അതിനാൽ ഒരു പിതാവിന് ഇത് സഹിക്കാവുന്നതിൽ ഏറെയാണ്’- സുവാരസ് പറഞ്ഞു.
ഘാനയ്‌ക്കെതിരെ ഉറുഗ്വേക്ക് പെനാൽറ്റി നൽകാൻ വിസമ്മതിച്ചതിന് ഫിഫയെയും അൽ ജനൂബ് സ്റ്റേഡിയത്തിലെ മാച്ച് ഒഫീഷ്യൽസിനെതിരെയും സുവാരസ് പൊട്ടിത്തെറിച്ചു. ‘കവാനിയെ ബോക്സിനുള്ളിൽവെച്ച് ഡിഫണ്ടർ തടഞ്ഞത് ഉറപ്പായും പെനാൽറ്റി നൽകേണ്ടതായിരുന്നു’ സുവാരസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.