കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസമെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍.
തൊമ്മി കൊലക്കേസില്‍ വിചാരണനേരിടുന്ന സജി മൂക്കന്നൂരാണ് ഫാദര്‍ നിക്കോളാസിന് ഒപ്പമുണ്ടായിരുന്നതെന്നാണ് വെളിപ്പെടുത്തല്‍. 2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. വൈദികന്റെ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നു.
തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന് കന്യാസ്ത്രീകളോട് സജിയെക്കുറിച്ച് പറഞ്ഞത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു.
അതേസമയം സജി കൊലക്കേസ് പ്രതിയാണെന്ന് അറിയില്ലെന്നാണ് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറയുന്നത്. ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനൊപ്പം എത്തിയത് കൊലക്കേസ് പ്രതിയാണെന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ വീട് ഉള്‍പ്പെട്ട പ്രദേശത്തെ ഇടവകാംഗമാണ് നിക്കോളാസ്. ഇദ്ദംഹം ആദ്യഘട്ടത്തില്‍ കന്യാസ്ത്രീക്ക് പിന്തുണ നല്‍കിയിരുന്നെങ്കിലും പിന്നീട് ബിഷപ്പിനൊപ്പം ചേരുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.