രാമപുരം പത്മനാഭമാരാര്‍ അന്തരിച്ചു; നിലച്ചത് ഒരു നൂറ്റാണ്ട് നീണ്ട സംഗീതോപാസന
Last Updated:
കോട്ടയം: സോപാന സംഗീതരംഗത്ത് ഒരു നൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന രാമപുരം പത്മനാഭ മാരാര്‍ (113) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വസതിയിലായിരുന്നു അന്ത്യം.
എട്ടാം വയസിലാണ് പത്മനാഭമാരാര്‍ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കൊട്ടിപ്പാടി സേവയോടെ സോപാനസംഗീത രംഗത്തേക്കെത്തിയത്. ഒരു നൂറ്റാണ്ടിലേറെ കാലമാണ് മാരാര്‍ രാമപുരം ക്ഷേത്രസന്നിധിയില്‍ സോപാന സംഗീതോപകാസകനായത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു വരെ പത്മനാഭ മാരാരുടെ സോപാനസംഗീതം ക്ഷേത്രത്തില്‍ മുഴങ്ങിയിരുന്നു.
രാമപുരം ചെറുവള്ളില്‍ ശങ്കര മാരാരുടെയും പാര്‍വതി വാരസിയാരുടെയും മകനായി 1905 ജനുവരി ഒന്നിനാണ് മാരാര്‍ ജനിച്ചത്. എട്ടാം വയസ്സില്‍ പിതാവ് ശങ്കര മാരാരോടൊപ്പം ക്ഷേത്രത്തിലെത്തി. കഴകക്കാരനായി കൊട്ടിപ്പാടി സേവയുമായി ഒരു നൂറ്റാണ്ടിലേറെ പത്മനാഭ മാരാര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു.
advertisement
പഞ്ചാരിമേളത്തിലും പ്രഗത്ഭനായിരുന്ന മാരാര്‍ നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. കുറിച്ചിത്താനം പുതുശേരില്‍ മാരാത്തു കൊച്ചുനാരായണ മാരാരില്‍ നിന്നു ക്ഷേത്രാചാരങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു. പാലാ കുഞ്ഞുണ്ണി മാരാരുടെ ശിഷ്യത്വത്തില്‍ വാദ്യോപകരണത്തില്‍ ഉപരിപഠനം നേടി.
രാമപുരം ചാത്തോത്ത് പരേതയായ ഭവാനിയമ്മയാണു ഭാര്യ. മക്കള്‍: ഗോപാലകൃഷ്ണന്‍, നാരായണന്‍, ചന്ദ്രന്‍, ചന്ദ്രമതിയമ്മ. മരുമക്കള്‍: ശാരദ, സുമതി, ശാന്ത, പരേതനായ മുരളീധരന്‍ പിള്ള. സംസ്‌കാരം ഇന്നു മൂന്നിന്.
Location :
First Published :
April 05, 2018 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
രാമപുരം പത്മനാഭമാരാര്‍ അന്തരിച്ചു; നിലച്ചത് ഒരു നൂറ്റാണ്ട് നീണ്ട സംഗീതോപാസന