2019ല്‍ നടന്ന ബാലാകോട്ട് ആക്രമണത്തിന് ശേഷം ആണവ യുദ്ധം നടത്താൻ പാകിസ്ഥാന് തയ്യാറെടുപ്പ് നടത്തിയിരുന്നതായി അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് തന്നോട് പറഞ്ഞിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞതായി പോംപിയോ പറഞ്ഞു.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘Never Give an Inch: Fighting for the America I Love’ ലാണ് പോംപിയോ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അമേരിക്ക-ഉത്തരകൊറിയ കൂടിക്കാഴ്ച നടക്കുന്ന അവസരത്തിലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. അന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ച് സമാധാനത്തിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നു
”2019ല്‍ ഇന്ത്യ-പാക് ബന്ധം വഷളായി എന്നും അതൊരു ആണവ യുദ്ധത്തിലേക്ക് വരെയെത്തുമായിരുന്നുവെന്നും ലോകത്ത് എത്ര പേര്‍ക്ക് അറിയാം എന്ന് എനിക്കറിയില്ല. സത്യമാണ്. ഒരു കാര്യം മാത്രമേ എനിക്കറിയൂ. വളരെ രൂക്ഷമായ പ്രതിസന്ധിയായിരുന്നു അത്,’ പോംപിയോ പറഞ്ഞു.
2019 ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ പുല്‍വാമാ ആക്രമണം ഉണ്ടായത്. കശ്മീരില്‍ നടന്ന ആക്രമണത്തില്‍ 40ലധികം സിആര്‍പിഎഫ് ജവാന്മാരാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന് നേതൃത്വം കൊടുത്ത ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയ്ക്കെതിരെ വന്‍ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരരുടെ കേന്ദ്രം യുദ്ധ വിമാനം ഉപയോഗിച്ച് തകര്‍ത്താണ് ഇന്ത്യ മറുപടി നല്‍കിയത്.
‘ഹാനോയില്‍ ഉണ്ടായിരുന്ന ആ രാത്രി എനിക്ക് ഒരിക്കലും മറക്കാനാകില്ല. ആണവ ആയുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയുമായുള്ള ചര്‍ച്ച അവസാനിച്ചിരുന്നില്ല. അപ്പോഴും ഇന്ത്യയും പാകിസ്ഥാനും കശ്മീരിനെ ചൊല്ലി പരസ്പരം ഭീഷണിയുയര്ത്തിക്കൊണ്ടിരിക്കുകയായിരുന്നു,’ പോംപിയോ പറഞ്ഞു.
ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു ഇന്ത്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടിരുന്നു. അതിലെ ഇന്ത്യന്‍ പൈലറ്റിനെ തടഞ്ഞുവെച്ചതും വാര്‍ത്തയായിരുന്നു. ഹാനോയില്‍ ഉണ്ടായിരുന്ന സമയത്താണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുന്നത്. അപ്പോഴാണ് അവര്‍ പറയുന്നത് പാകിസ്ഥാന് ആണവായുധം പ്രയോഗിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്. ഇന്ത്യ അതില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികള്‍ ആലോചിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Also read- പാകിസ്ഥാനിലെ വൈദ്യുതി പ്രതിസന്ധി: പുന:സ്ഥാപിക്കാന്‍ നടപടികളാരംഭിച്ചെന്ന് ഊര്‍ജമന്ത്രി
അന്ന് ഒരു മിനിറ്റ് സമയം എനിക്ക് തരൂവെന്ന് ഞാന്‍ അവരോട് പറഞ്ഞു. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞു,’ പോംപിയോ പറഞ്ഞു. പിന്നീട് താന്‍ അന്നത്തെ അംബാസിഡറായിരുന്ന ജോണ്‍ ബോള്‍ട്ടണുമായി സംസാരിച്ചുവെന്നും അതിന് ശേഷം അന്നത്തെ പാക് സൈനിക മേധാവിയുമായി ചര്‍ച്ച നടത്തിയെന്നും പോംപിയോ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രതിനിധികള്‍ തന്നോട് പറഞ്ഞ അതേ കാര്യം പാക് സൈനിക മേധാവിയോട് പറഞ്ഞുവെന്നും എന്നാല്‍ അത്തരമൊരു സംഭവമില്ലെന്നാണ് സൈനിക മേധാവി അറിയിച്ചത്. അന്ന് പാകിസ്ഥാന് കരുതിയത് ഇന്ത്യ ആണവായുധം വിന്യസിക്കാന്‍ പോകുന്നുവെന്നാണ്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയതെന്നും പോംപിയോ പറഞ്ഞു.
”ഒരു രാത്രികൊണ്ട് ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ഞങ്ങളെപോലെ ഒരു രാജ്യവും തയ്യാറാകില്ല. ഉദ്യോഗസ്ഥരുടെ സഹായത്താലും മികച്ച നയതന്ത്രത്താലുമാണ് അന്ന് വിജയം നേടാന്‍ കഴിഞ്ഞത്. ഇന്ത്യയിലുള്ള അംബാസിഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും മികച്ച പ്രവര്‍ത്തനമാണ് അന്ന് കാഴ്ചവെച്ചത്,’ പോംപിയോ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.