• HOME
  • »
  • NEWS
  • »
  • world
  • »
  • അലസാന്ദ്ര ഗല്ലോനി; റോയിട്ടേ‌ഴ്സിന്റെ എഡിറ്റർ ഇൻ ചീഫായ ആദ്യ വനിത

അലസാന്ദ്ര ഗല്ലോനി; റോയിട്ടേ‌ഴ്സിന്റെ എഡിറ്റർ ഇൻ ചീഫായ ആദ്യ വനിത

ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സ് തോംസൺ റോയിട്ടേഴ്സ് കോർപ്പറേഷന്റെ ഭാഗമായുള്ള സ്ഥാപനമാണ്.

Alessandra Galloni

Alessandra Galloni

  • News18
  • Last Updated :
  • Share this:
    റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അതിന്റെ ഉന്നത എഡിറ്റർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ചിരുന്ന അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. റോയിട്ടേഴ്‌സിന്റെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ട്വിറ്ററിലൂടെ കമ്പനി അറിയിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ചതിനു ശേഷം സ്റ്റീഫൻ ജെ അഡ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.

    റോം സ്വദേശിനിയായ ഗല്ലോനിക്ക് റോയിട്ടേഴ്‌സിൽ ബിസിനസ്, രാഷ്ട്രീയം എന്നിവ സംബന്ധിച്ച വാർത്തകൾ കവർ ചെയ്തതിൽ വലിയ അനുഭവപരിചയമുണ്ട്. എഡിറ്റർ ഇൻ ചീഫ് ആകുന്നതിനു മുമ്പ് അവർ റോയിട്ടേഴ്‌സിന്റെ ഗ്ലോബൽ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 'പ്രതിഭാധനരും സ്വയം സമർപ്പിതരും ഏറെ പ്രചോദിപ്പിക്കുന്നവരുമായ മാധ്യമപ്രവർത്തകർ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു', ഗല്ലോനി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ലോകത്തെ ഏറ്റവും വലിയ വാർത്താ ഏജൻസികളിൽ ഒന്നാണ്.

    Petrol Diesel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ അറിയാം

    റോയിട്ടേഴ്‌സിൽ ഇറ്റാലിയൻ വാർത്താ റിപ്പോർട്ടർ ആയാണ് ഗല്ലോനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് 13 വർഷക്കാലം അവർ വാൾസ്ട്രീറ്റ് ജേർണലിൽ പ്രവർത്തിച്ചു. തുടർന്ന് 2013-ലാണ് വീണ്ടും റോയിട്ടേഴ്‌സിലേക്ക് അതിന്റെ ദക്ഷിണ യൂറോപ്യൻ ബ്യൂറോയുടെ എഡിറ്ററായി തിരികെയെത്തുന്നത്. 'ഒരു മികച്ച എഡിറ്ററും മികച്ച സഹപ്രവർത്തകയുമായിരുന്ന വ്യക്തിക്ക് ഈ ബാറ്റൺ കൈമാറാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്' - വിരമിക്കുന്ന എഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ ജെ അഡ്‌ലർ ട്വിറ്ററിൽ കുറിച്ചു.

    തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിർത്തുക, റോയിട്ടേഴ്‌സിന്റെ ഡിജിറ്റൽ, ഇവന്റ് ബിസിനസുകൾ വളർത്തുക എന്നീ സുപ്രധാനമായ ഉത്തരവാദിത്തങ്ങളാകും പുതിയ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഗല്ലോനിയെ കാത്തിരിക്കുന്നത്.

    നാല് ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഗല്ലോനിക്ക് 2020ൽ ജെറാൾഡ് ലോബ്ഫൗണ്ടേഷന്റെ മിനാർഡ് എഡിറ്റർ അവാർഡ്, ഓവർസീസ് പ്രസ് ക്ലബ് അവാർഡ്, യു കെ ബിസിനസ് ജേർണലിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'വാർത്തയുടെ ഭാവിയെക്കുറിച്ച് ഗല്ലോനിക്ക് ശ്രദ്ധേയമായ കാഴ്ചപ്പാടുണ്ട്' - എന്നാണ് റോ/യിട്ടേഴ്‌സിന്റെ പ്രസിഡന്റ് മൈക്കൽ ഫ്രീഡൻബർഗ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞത്.

    ആഗോളതലത്തിൽ വിപുലമായ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഗല്ലോനിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ തീരുമാനിക്കുന്നതെന്നും റോയിട്ടേഴ്‌സിൽ എട്ട് വർഷത്തെ അനുഭവസമ്പത്തുള്ള ഗല്ലോനി ലണ്ടനിലെ ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 19-ന് തിങ്കളാഴ്ചയാകും അവർ ഔദ്യോഗികമായി ചുമതലയേൽക്കുക.

    ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സ് തോംസൺ റോയിട്ടേഴ്സ് കോർപ്പറേഷന്റെ ഭാഗമായുള്ള സ്ഥാപനമാണ്. മറ്റു വാർത്താ ഏജൻസികളായ ദി അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.
    Published by:Joys Joy
    First published: