'ജനങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം'; ട്രംപിന്റെ അറസ്റ്റ് ഭീഷണിക്ക് മേയര്‍ സ്ഥാനാര്‍ത്ഥി മംദാനിയുടെ മറുപടി

Last Updated:

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വംശജനായ മംദാനി ശബ്ദമുയര്‍ത്തിയത്

News18
News18
യുസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുന്ന സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. മംദാനി മേയര്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്രംപ് നടത്തുന്നത്. എന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ നിന്ന് തന്റെ ശ്രദ്ധതിരിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ഇതിനായി തന്നെ നിരന്തരം ആക്രമിക്കുകയാണെന്നും മംദാനി തിരിച്ചടിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വംശജനായ മംദാനി ശബ്ദമുയര്‍ത്തിയത്.
തൊഴിലാളിവര്‍ഗ അമേരിക്കക്കാരെ യുഎസ് പ്രസിഡന്റ് ഒറ്റിക്കൊടുത്തുവെന്നും ട്രംപിന്റെ നിയമനടപടികള്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഇല്ലാതാക്കിയെന്നും മേയര്‍ സ്ഥാനാര്‍ത്ഥി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൊഹ്‌റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെയും മംദാനി ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
തന്നെ അറസ്റ്റ് ചെയ്യുമെന്നും പൗരത്വം എടുത്തുകളയുമെന്നും നാടുകടത്തുമെന്നും തടങ്കല്‍പാളയത്തില്‍ അടയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കിയിരിക്കുകയാണെന്ന് മംദാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ ആദ്യത്തെ കുടിയേറ്റ മേയറാകാന്‍ പോകുന്ന ആളാണ് ഞാന്‍. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ദക്ഷിണേഷ്യന്‍, മുസ്ലീം സമുദായത്തില്‍ നിന്നുള്ള മേയര്‍ ആകാന്‍ പോകുന്ന തന്നെ കുറിച്ചാണ് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞതെന്നും മംദാനി ചൂണ്ടിക്കാട്ടി.
advertisement
താന്‍ ആരാണെന്നോ, തന്റെ രൂപത്തെയോ, താന്‍ എങ്ങനെ സംസാരിക്കുന്നുവെന്നോ അടിസ്ഥാനമാക്കിയല്ല ട്രംപിന്റെ ആക്രമണമെന്നും മംദാനി പറയുന്നു. താന്‍ എന്തിനുവേണ്ടിയാണോ പോരാടുന്നത് അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് മംദാനി അഭിപ്രായപ്പെട്ടു. അധ്വാനിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ പോരാടുന്നതെന്നും മംദാനി പറഞ്ഞു.
"ഈ നഗരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ പോരാടുന്നത്. അദ്ദേഹം പോരാടുന്നുവെന്ന് പറയുന്ന അതേ ആളുകള്‍ക്കുവേണ്ടിയാണ് ഞാന്‍ പോരാടുന്നത്. വില കുറഞ്ഞ പലചരക്ക് സാധനങ്ങള്‍ക്കുവണ്ടിയും ശ്വാസം മുട്ടിക്കുന്ന ജീവിതച്ചെലവ് ലഘൂകരിക്കുന്നതിന് വേണ്ടിയും പ്രചാരണം നടത്തിയ അതേ പ്രസിഡന്റാണിത്. ഒടുവില്‍, നഗരത്തില്‍ മാത്രമല്ല ഈ രാജ്യത്തുടനീളമുള്ള തൊഴിലാളിവര്‍ഗ അമേരിക്കക്കാരെ എങ്ങനെ വഞ്ചിച്ചുവെന്ന് അംഗീകരിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന് എളുപ്പം വിഭജനത്തിന്റെ തീജ്വാലകള്‍ ആളിക്കത്തിക്കുന്നതാണ്", മംദാനി അഭിപ്രായപ്പെട്ടു.
advertisement
നിയമനിര്‍മ്മാണങ്ങളിലൂടെ ജനങ്ങളെ എങ്ങനെ വഞ്ചിക്കുന്നു എന്ന് സംസാരിക്കുന്നതിനേക്കാള്‍ ട്രംപ് ആഗ്രഹിക്കുന്നത് തന്നെക്കുറിച്ച് സംസാരിക്കാനാണെന്നും മംദാനി പറഞ്ഞു. അമേരിക്കക്കാരില്‍ നിന്ന് ആരോഗ്യ സംരക്ഷണം അക്ഷരാര്‍ത്ഥത്തില്‍ എടുത്തുകളയുന്ന നിയമം, വിശക്കുന്നവരില്‍ നിന്ന് ഭക്ഷണം മോഷ്ടിക്കുന്ന നിയമം തുടങ്ങിയവായാണ് ട്രംപ് തന്റെ ആദ്യ ഭരണകാലയളവില്‍ നടപ്പാക്കിയത്. ഇതിനോടകം തന്നെ പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കക്കാര്‍ക്കായി അത് വീണ്ടും അദ്ദേഹം ആവര്‍ത്തിക്കുകയാണെന്നും മംദാനി ആരോപിച്ചു.
അന്തസ്സോടെ ജീവിക്കാന്‍ സാധിക്കാത്ത ജനങ്ങള്‍ക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്ന് മംദാനി പറഞ്ഞു. ഇതിനായി പിന്തുണച്ച ആളുകളോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ക്ക് പേരുകള്‍ പോലും അറിയാത്ത കുടിയേറ്റക്കാരെക്കുറിച്ച് എന്താണ് പറയുന്നതെന്നും ചെയ്യുന്നതെന്നും സങ്കല്‍പ്പിക്കാനും മംദാനി ആവശ്യപ്പെട്ടു.
advertisement
ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മംദാനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ഭാഷയിലുള്ള ആക്രമണം ട്രംപ് നടത്തിയിരുന്നു. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് മുഴുഭ്രാന്തന്‍ എന്നുവിളിച്ച ട്രംപ് മംദാനിയെ വംശീയമായും ആക്ഷേപിച്ചിരുന്നു. കൂടാതെ മംദാനിയെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരം പോലും പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ ഈ കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ അനുവദിക്കില്ലെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. ന്യൂയോര്‍ക്കിനെ താന്‍ രക്ഷിക്കുമെന്നും ട്രംപ് കുറിച്ചു.
advertisement
മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി മേയറാകാനൊരുങ്ങുന്നത്. ഇതോടെ അദ്ദേഹത്തിനെതിരെ തിരിഞ്ഞ റിപ്പബ്ലിക്കന്‍മാര്‍ സമീപകാലത്ത് മംദാനി നടത്തിയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടുകയും അദ്ദേഹത്തെ യഹൂദവിരുദ്ധനും തീവ്ര കമ്മ്യൂമിസ്റ്റുമായി ചിത്രീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്ലാറ്റ്‌ഫോമിനെതിരായ തീവ്ര വിമര്‍ശനങ്ങളും വിദേശീയ, ഇസ്ലാമോഫോബിക് പ്രസ്താവനകളും അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
'ജനങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം'; ട്രംപിന്റെ അറസ്റ്റ് ഭീഷണിക്ക് മേയര്‍ സ്ഥാനാര്‍ത്ഥി മംദാനിയുടെ മറുപടി
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement