ഒമ്പത് മാസമുള്ളപ്പോള്‍ ഹമാസ് ബന്ദിയാക്കിയ കുഞ്ഞടക്കം നാലുപേരുടെ മൃതദേഹം ഇസ്രായേലിന് കൈമാറും
Last Updated:
2023 ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിനിടെയാണ് കഫിറിനേയും സഹോദരനായ ഏരിയലിനേയും അമ്മ ഷിരി ബിബാസിനേയും ഹമാസ് തട്ടിക്കൊണ്ടുപോയത്
ഒമ്പത് മാസമുള്ളപ്പോള്‍ ഹമാസ് ബന്ദിയാക്കിയ കുഞ്ഞടക്കം നാലുപേരുടെ മൃതദേഹം ഇന്ന് ഇസ്രായേലിന് കൈമാറുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിന്റെയും നാല് വയസുള്ള സഹോദരന്‍ ഏരിയല്‍ ബിബാസിന്റേതുമടക്കം നാല് മൃതദേഹങ്ങളാണ് ഹമാസ് ഇസ്രായേലിന് കൈമാറുക. ബന്ദികളാക്കിയവരില്‍ ആറ് പേരെ ശനിയാഴ്ച മോചിപ്പിക്കുമെന്നും ഹമാസ് പ്രതിനിധി ഖലീല്‍ അല്‍-ഹയ്യ പറഞ്ഞു.
ബന്ദികളാക്കപ്പെട്ട കുഞ്ഞുങ്ങള്‍
2023 ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിനിടെയാണ് കഫിര്‍ ബിബാസിനേയും സഹോദരനായ ഏരിയല്‍ ബിബാസിനേയും അമ്മ ഷിരി ബിബാസിനേയും ഹമാസ് തട്ടിക്കൊണ്ടുപോയത്. ബന്ദിയാക്കിയ സമയത്ത് വെറും ഒമ്പത് മാസമായിരുന്നു കഫിറിന്റെ പ്രായം.
ആക്രമണത്തിനിടെ രണ്ട് മക്കളെയും കെട്ടിപ്പിടിച്ച് കരയുന്ന ഷിരി ബിബാസിന്റെ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഷിരിയുടെ ഭര്‍ത്താവായ യാര്‍ഡെന്‍ ബിബാസിനെയും ഹമാസ് തട്ടിക്കൊണ്ടുപോയിരുന്നു. ആക്രമണത്തിന് പിന്നാലെ കഫിര്‍ ബിബാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിങ്ക് നിറത്തിലുള്ള ആനയുടെ കളിപ്പാട്ടവും കൈയിലേന്തി നില്‍ക്കുന്ന കഫിര്‍ ബിബാസിന്റെ നിഷ്‌കളങ്കമായ മുഖം ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിന്റെ പ്രതീകമായി പിന്നീട് മാറി. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ മുന്നോട്ടുവരാനും തുടങ്ങി.
advertisement
ആ കുഞ്ഞുങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ?
കഫിറും അവന്റെ നാലുവയസുകാരന്‍ ചേട്ടനും അമ്മ ഷിരിയും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹുവിനെ വിമര്‍ശിക്കുന്ന യാര്‍ഡെന്‍ ബിബാസിന്റെ വീഡിയോയും ഹമാസ് പുറത്തുവിട്ടിരുന്നു.
ഇവരുടെ മരണം ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഈ കുഞ്ഞുങ്ങളും അമ്മയും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ബന്ധുക്കളെ ഇസ്രായേല്‍ അറിയിച്ചു. നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ കഫിറിന്റെയും ഏരിയലിന്റെയും പിതാവായ യാര്‍ഡെന്‍ ബിബാസിനെ ഹമാസ് ജീവനോടെ വിട്ടയച്ചിരുന്നു. ഫെബ്രുവരി 1നാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. എന്നാല്‍ തന്റെ ജീവിതത്തിന്റെ വെളിച്ചം ഇപ്പോഴും അവിടെയാണെന്നും തനിക്ക് മുന്നില്‍ ഇപ്പോള്‍ ഇരുട്ട് മാത്രമാണെന്നുമാണ് മോചനത്തിന് പിന്നാലെ യാര്‍ഡെന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്.
advertisement
കുഞ്ഞുങ്ങളുടെയടക്കം നാല് പേരുടെ മൃതദേഹങ്ങള്‍ ഫെബ്രുവരി 20ന് ഇസ്രായേലിന് കൈമാറുമെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് കഫിറിന്റെയും ഏരിയലിന്റെയും കുടുംബാംഗങ്ങള്‍ പറയുന്നത്. കുഞ്ഞുങ്ങളെയും ഷിരി ബിബാസിനേയും ജീവനോടെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ബിബാസ് കുടുബം ബിബിസിയോട് പറഞ്ഞു. ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ചര്‍ച്ചയുടെ ഭാഗമായാണ് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായത്. അമേരിക്കയുടെ ഇടപെടലോടെ ഈ ആഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇസ്രായേലിന്റെ വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍ സൂചിപ്പിച്ചു.
advertisement
ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടകം 19 ബന്ദികളെയാണ് മോചിപ്പിച്ചത്. 14 പേരെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 73 പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തില്‍ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. 1200 പേരെ ഹമാസ് കൊലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ 15 മാസം നീണ്ടുനിന്ന ആക്രമണത്തില്‍ 48000 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 20, 2025 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഒമ്പത് മാസമുള്ളപ്പോള്‍ ഹമാസ് ബന്ദിയാക്കിയ കുഞ്ഞടക്കം നാലുപേരുടെ മൃതദേഹം ഇസ്രായേലിന് കൈമാറും