ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാന് 2 ബില്യൺ ഡോളർ വായ്പ നൽകി ചൈന. പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അവസ്ഥയിൽ ചൈനയുടെ വായ്പാ സഹായം പാകിസ്ഥാന് ആശ്വാസം പകരുമെന്നാണ് റിപ്പോർട്ട്. നിലവിലെ പാകിസ്ഥാന്റെ കരുതൽ ശേഖരം വെറും രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്ക് മാത്രമേ തികയുകയുള്ളുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ 1.1 ബില്യൺ ഡോളറിന്റെ ഐഎംഎഫ് ബെയ്ൽ ഔട്ട് തുകയെപ്പറ്റിയുള്ള ചർച്ചകളും ഏകദേശം സ്തംഭിച്ച നിലയിലാണ്.
‘മാർച്ച് 23ന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,’ മെച്യൂരിറ്റി തീയതിയെപ്പറ്റി പരാമർശിച്ച് ഇഷാഖ് ദാർ പാർലമെന്റിൽ അറിയിച്ചു. ബന്ധപ്പെട്ട എല്ലാ രേഖകകളും തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ ചൈനീസ് സർക്കാരോ ചൈനീസ് സെൻട്രൽ ബാങ്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വായ്പ കാലാവധി കഴിഞ്ഞതിന് ശേഷമുള്ള വായ്പ അനുമതിയെപ്പറ്റിയുള്ള ഔദ്യോഗിക അഭിപ്രായമാണ് ഇഷാഖ് ദാർ നടത്തിയത്. പുതിയ വായ്പയുടെ കാലാവധിയെപ്പറ്റിയോ മറ്റ് നിബന്ധനകളെപ്പറ്റിയോ ദാർ വെളിപ്പെടുത്തിയിട്ടില്ല.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മറ്റ് കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാകിസ്ഥാനിലെ ഉയർന്ന ധനകാര്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതൽ ധനസഹായത്തിനായി ഐഎംഎഫുമായി പാകിസ്ഥാൻ ചർച്ച നടത്തി വരികയാണ്. 1.1 ബില്യൺ വായ്പ അനുവദിക്കണമെന്നാണ് ആവശ്യം. 2019ൽ പാകിസ്ഥാന് ആറ് ബില്യൺ ഡോളറാണ് ഐഎംഎഫ് വായ്പയായി നൽകിയത്. നിലവിലെ അവസ്ഥയിൽ പാകിസ്ഥാന് ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക സഹായമാണ് ചൈനയുടേത്. 1.8 ബില്യൺ ഡോളറാണ് കഴിഞ്ഞ മാസം ചൈന പാകിസ്ഥാൻ സെൻട്രൽ ബാങ്കിലേക്ക് എത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Financial crisis, Helplin, Pakistan