CVI ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇടയ്ക്കിടെ കൈകുലുക്കുന്ന ശീലവും ഹൃദയസംബന്ധമായ അസുഖത്തിന് കഴിക്കുന്ന ആസ്പിരിനുമാണ് ട്രംപിന് ഈ രോഗം വരാനുള്ള കാരണമെന്ന് വൈറ്റ് ഹൗസ് പറയുന്നു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിരകളെ ബാധിക്കുന്ന ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) രോഗം സ്ഥിരീകരിച്ചു. കാലുകളില്‍ നീരും പരിക്കും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സിവിഐ ഉണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി.
ട്രംപിന്റെ ആരോഗ്യത്തെകുറിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കൈയ്യിലെ പാടുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ഇത്.
എന്താണ് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി ?
സിരകള്‍ ശരിയായി പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കാലുകളില്‍ വേദനയോ തരിപ്പോ അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റം നീര്‍വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്. കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് ഫലപ്രദമായി രക്തം തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഞരമ്പുകളില്‍ രക്തം വഹിക്കുന്ന ചെറിയ വാല്‍വുകളുണ്ട്. ഈ വാല്‍വുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ദുര്‍ബലമാകുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ കാലില്‍ നീര്‍വീക്കം അനുഭവപ്പെടുന്നത്. രക്തം കട്ടപിടിക്കുകയും കാലിലെ ഞരമ്പുകളില്‍ ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വീക്കമുണ്ടാകുകയും ചെയ്യുന്നു. ജീവന് ഭീഷണിയല്ലെങ്കിലും സിവിഐ വളരെ വേദനാജനകമായ അവസ്ഥയാണ്.
advertisement
ട്രംപിന്റെ രോഗാവസ്ഥയ്ക്ക് കാരണമെന്താണ് ?
ഇടയ്ക്കിടെ കൈകുലുക്കുന്ന ശീലവും ഹൃദയസംബന്ധമായ അസുഖത്തിന് കഴിക്കുന്ന ആസ്പിരിനുമാണ് ട്രംപിന് ഈ രോഗം വരാനുള്ള കാരണമെന്ന് വൈറ്റ് ഹൗസ് പറയുന്നു. 70 വയസ്സിനു മുകളിലുള്ളവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ട്രംപിന് ഇപ്പോള്‍ 79 വയസ്സുണ്ട്. വാര്‍ദ്ധക്യത്തിലെ ശീലങ്ങളുമായി ബന്ധപ്പെട്ടതും വിട്ടുമാറാത്തതുമായ രോഗമാണ് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി.
എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ?
രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കാലുകളിലോ കണങ്കാലിലോ വീക്കം അല്ലെങ്കില്‍ നീര്‍ക്കെട്ട് അനുഭവപ്പെട്ടേക്കും. കാലിന് ഭാരമോ ക്ഷീണമോ തോന്നുക, ചൊറിച്ചില്‍, വെരിക്കോസ് സിരകള്‍ രൂപപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കും. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മം ഇരുണ്ട നിറമാകുകയും കട്ടിയാകുകയോ ചെയ്‌തേക്കും. കൂടാതെ കാലുകളില്‍ മുറിവുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അസഹനീയമായ വേദനയും അനുഭവപ്പെടും.
advertisement
പ്രായമാകുമ്പോള്‍ സ്വാഭാവികമായും സിരകള്‍ ദുര്‍ബലമാകും. ഇതാണ് രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക, പൊണ്ണത്തടി, ഗര്‍ഭം, ജനിതക പ്രവണത, പുകവലി, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍, സിര സംബന്ധമായ പ്രശ്‌നങ്ങള്‍ കുടുംബത്തിലെ ആര്‍ക്കെങ്കിലും ഉണ്ടാകുക എന്നിവയും രോഗം വരാനുള്ള സാധ്യതകളാണ്.
സിവിഐ എങ്ങനെ ചികിത്സിക്കാം?
സിവിഐ പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ ചികിത്സയിലൂടെ കൈകാര്യം ചെയ്യാന്‍ കഴിയും. പതിവായി നടക്കുക, കാലുകള്‍ ഉയര്‍ത്തുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങള്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കംപ്രഷന്‍ സ്റ്റോക്കിംഗ്‌സ് ധരിക്കുന്നത് രക്തയോട്ടം സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ആന്റിബയോട്ടിക്കുകള്‍, രക്തം നേര്‍ത്തതാക്കുന്ന മരുന്നുകള്‍, മെഡിക്കേറ്റഡ് റാപ്പുകള്‍ തുടങ്ങിയവയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. രോഗിയുടെ അവസ്ഥയെ ആശ്രയിച്ച് സ്‌ക്ലിറോതെറാപ്പി, എന്‍ഡോവെനസ് അബ്ലേഷന്‍, വെയിന്‍ സര്‍ജറി തുടങ്ങിയ നടപടിക്രമങ്ങളും സാധാരണയായി സിവിഐ ചികിത്സയില്‍ പരിഗണിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
July 19, 2025 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
CVI ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം