അന്റാർട്ടിക്കയിൽ പൂക്കൾ വിരിയുന്നു; സന്തോഷിക്കാൻ ഒന്നുമില്ല; ഭയക്കേണ്ടതുണ്ടെന്ന് വിദഗ്ധർ
- Published by:Naseeba TC
- news18-malayalam
Last Updated:
മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്
വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കാണുമ്പോൾ ആർക്കാണ് സന്തോഷം തോന്നാത്തത്. അത് അന്റാർട്ടിക്കയിലെ മഞ്ഞ് മലകളിലാണെങ്കിലോ? തൂവെള്ള നിറത്തിൽ വ്യാപിച്ചു കിടക്കുന്ന മഞ്ഞുമലയിൽ പല വർണങ്ങളിൽ വിടർന്നു നിൽക്കുന്ന പൂക്കൾ കാണാൻ തന്നെ എന്തൊരു ഭംഗിയായിരിക്കുമല്ലേ…
എന്നാൽ, വല്ലാതങ്ങ് സന്തോഷിക്കാനോ ആഹ്ളാദിക്കാനോ ഇതിൽ ഒന്നുമില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. മാത്രമല്ല, അൽപം പേടിക്കേണ്ടതുമുണ്ട്. മഞ്ഞ് മലയിൽ പൂക്കൾ തളിർത്തു നിൽക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയായിട്ടാണ് ഗവേഷകർ കാണുന്നത്. മരവിച്ചിരിക്കുന്ന ഭൂഖണ്ഡത്തിൽ അന്റാർട്ടിക് ഹെയർ ഗ്രാസ്, അന്റാർട്ടിക്ക് പേൾവോർട്ട് എന്നിങ്ങനെ ആകെ രണ്ട് ഇനം പൂച്ചെടികൾ മാത്രമേ ഉള്ളൂ.
ഐസും മഞ്ഞും മൂടിക്കിടക്കുന്നതിനാൽ, ചെടികൾക്ക് വളരാൻ മുമ്പ് അധികം സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. മരങ്ങളോ കുറ്റിച്ചെടികളോ ഇല്ലാത്ത ഭൂപ്രദേശത്ത് സസ്യങ്ങളുടെ സാന്നിധ്യമുള്ളത് സൗത്ത് ഓർക്ക്‌നി ദ്വീപുകൾ, സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപുകൾ, പടിഞ്ഞാറൻ അന്റാർട്ടിക് പെനിൻസുല എന്നിവിടങ്ങളിൽ മാത്രമാണ്.
advertisement
Also Read- കൗതുകമായി പിങ്ക് പ്രാവ്; അത്ഭുതത്തോടെ സോഷ്യല്‍ മീഡിയ
ആഗോളതാപനം മൂലം അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ഇവിടത്തെ ചെടികളിലെ വളർച്ചയും വേഗത്തിലായി തുടങ്ങി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
Also Read- ആൽബട്രോസ് ഇണകൾ വേർപിരിയുന്നു; കാരണം കാലാവസ്ഥാ വ്യതിയാനം
2009 മുതൽ 2019 വരെ സൗത്ത് ഓർക്ക്‌നി ദ്വീപുകളിലെ നിരവധി സ്ഥലങ്ങളിൽ അന്റാർട്ടിക്കയുടെ രണ്ട് തദ്ദേശീയ സസ്യങ്ങളുടെ വളർച്ച അളന്നു വരികയായിരുന്നു ഇറ്റലിയിലെ ഇൻസുബ്രിയ സർവ്വകലാശാലയിലെ ഗവേഷകയായ നിക്കോലെറ്റ കാനോണും സഹപ്രവർത്തകരും. ഇവരുടെ കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ 50 വർഷത്തെ സർവേകളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പ്രദേശങ്ങൾ സസ്യങ്ങളാൽ കൂടുതൽ സമ്പന്നമാകുന്നുവെന്ന് മാത്രമല്ല, കാലാവസ്ഥ ചൂടുപിടിക്കുന്നതിനനുസരിച്ച് അവ ഓരോ വർഷവും വേഗത്തിൽ വളരുകയും ചെയ്യുന്നു. 1960 മുതൽ 2009 വരെയുള്ള 50 വർഷങ്ങളിലുണ്ടായ വളർച്ച 2009-2019 കാലഘട്ടത്തിൽ ഉണ്ടായതായി സർവേ ചൂണ്ടിക്കാട്ടുന്നു.
advertisement
Also Read- ഇന്തോനേഷ്യയിലെ ‘മുങ്ങുന്ന ഗ്രാമം’; കാലാവസ്ഥാ വ്യതിയാനം ഒരു ജനതയുടെ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെ?
അന്റാർട്ടിക്ക് പേൾവോർട്ടിന്റെ വളർച്ച കൂടുതൽ വേഗത്തിലാണെന്നും 2009-2019 കാലയളവിൽ അഞ്ച് മടങ്ങ് കൂടുതൽ വളർന്നുവെന്നുമാണ് കണ്ടെത്തൽ. അന്റാർട്ടിക്കയിലെ ചെടികളുടെ വളർച്ചയ്ക്ക് കാലാവസ്ഥാ വ്യതിയാനത്തിനു പുറമേ, ഒന്നിലധികം കാരണങ്ങളുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. വർദ്ധിച്ചുവരുന്ന താപനില, അധിനിവേശ ജീവികളെ ഭൂഖണ്ഡത്തിലേക്ക് ആകർഷിക്കാനും തദ്ദേശീയ സസ്യങ്ങളെ മറികടക്കാനും അനുവദിക്കും, ഇത് പ്രാദേശിക ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും അസ്ഥിരപ്പെടുത്തുമെന്നും ഗവേഷകർ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 23, 2023 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അന്റാർട്ടിക്കയിൽ പൂക്കൾ വിരിയുന്നു; സന്തോഷിക്കാൻ ഒന്നുമില്ല; ഭയക്കേണ്ടതുണ്ടെന്ന് വിദഗ്ധർ