പാരിസ്: ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ നിരവധി രാജ്യങ്ങളാണ് ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദു ചെയ്തത്. പുറംരാജ്യങ്ങളിലേക്ക് യാത്ര പോകുന്നത് ഒഴിവാക്കാൻ ചൈന അവരുടെ പൗരൻമാർക്ക് ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു. അതേസമയം, നിരവധി രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരെ ചൈനയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. അതേസമയം, കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
അതേസമയം, ഇറ്റലിയിൽ നിന്ന് ചൈനയിലേക്കും ചൈനയിൽ നിന്ന് ഇറ്റലിയിലേക്കുമുള്ള എല്ലാ വിമാനങ്ങളും റദ്ദുചെയ്തതായി ഇറ്റാലിയൻ സർക്കാർ അറിയിച്ചു. യൂറോപ്പിൽ നിന്ന് ആദ്യമായിട്ട് ഇക്കാര്യം പ്രഖ്യാപിക്കുന്നത് ഇറ്റലിയാണ്. ചൈനയിലേക്കുള്ള യാത്രകൾ റദ്ദു ചെയ്യുകയോ യാത്രയിൽ മാറ്റം വരുത്തുകയോ ചെയ്ത എയർലൈനുകൾ താഴെ കൊടുത്തിരിക്കുന്നവയാണ്,
എയർ ഏഷ്യ
മലേഷ്യയിലെ കിനാബാലു, ബാങ്കോംക്, തായ് ലൻഡിലെ ഫുകേത് എന്നിവിടങ്ങളിൽ നിന്ന് ചൈനയിലെ വുഹാനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദു ചെയ്തു. ഫെബ്രുവരി അവസാനം വരെയാണ് വിമാനങ്ങൾ റദ്ദു ചെയ്തിരുക്കുന്നത്.
എയർ ഓസ്ട്രൽ
ലാ റീയൂണിയൻ, ഗ്വാങ്ഷോ വിമാനം ഫെബ്രുവരി എട്ടുമുതൽ മാർച്ച് ഒന്നു വരെയുള്ള വിമാനങ്ങൾ നിർത്തലാക്കി.
എയർ ഫ്രാൻസ്
ജനുവരി 24ന് അടുത്ത മൂന്നാഴ്ചത്തേക്ക് വുഹാനിലേക്കുള്ള വിമാനങ്ങൾ എയർ ഫ്രാൻസ് നിർത്തലാക്കി. ഫെബ്രുവരി 9 വരെ ബീജിംഗിലേക്കും ഷാങ്ഹായിലേക്കുമുള്ള പതിവ് വിമാന സർവീസുകൾ വ്യാഴാഴ്ച നിർത്തി വെച്ചിരുന്നുവെങ്കിലും ജീവനക്കാരെയും ക്ലയന്‍റുകളെയും ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി സന്നദ്ധ പ്രവർത്തകരുമായി പ്രത്യേകവിമാനങ്ങൾ സർവീസ് നടത്തും.
എയർ ഇന്ത്യ
ജനുവരി 31 മുതൽ മുംബൈ - ന്യൂ ഡൽഹി - ഷാംഗ്ഹായി റൂട്ടിലെ വിമാനം ഫെബ്രുവരി 14 വരെ റദ്ദു ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു. അടുത്ത രണ്ടാഴ്ചത്തേക്ക് ഡൽഹിയിൽ നിന്ന് ഹോംഗ് കോംഗിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചതായും എയർ ഇന്ത്യ അറിയിച്ചു.
എയർ കെ ബി ഇസഡ്
മ്യാൻമർ ആസ്ഥാനമായുള്ള എയർലൈൻ ആണിത്. ഫെബ്രുവരി മുതൽ ചൈനയുടെ തെക്കൻ നഗരമായ ഗാംഗ്ഷുവിലേക്കുള്ള സർവീസുകൾ നിർത്തി.
എയർ മഡഗാസ്കർ
മഡഗാസ്കറിലെ അന്‍റനനാരിവോയിൽ നിന്ന് ഗാംഗ്ഷുവിലേക്കുള്ള സർവീസ് ഫെബ്രുവരിയിൽ നിർത്തലാക്കി.
അമേരിക്കൻ എയർലൈൻസ്
ഫെബ്രുവരി 9 മുതൽ മാർച്ച് 27 വരെ ലോസ് ഏഞ്ചൽസിൽ നിന്ന് ബീജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. ഡാളസ് / ഫോർട്ട് വർത്തിൽ നിന്ന് ബീജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലനിർത്തിയിട്ടുണ്ടെന്നും അറിയിച്ചു.
ബ്രിട്ടീഷ് ഏർവേസ്
ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തി വെച്ചതായി ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ഷാങ്ഹായ്, ബീജിംഗ് എന്നിവിടങ്ങളിലേക്ക് ദിനംപ്രതി വിമാന സർവീസ് നടത്തുന്നു.
കാതേ പസഫിക്
വ്യാഴാഴ്ച മുതൽ മാർച്ച് അവസാനം വരെ ചൈനയിലെ പ്രധാന റൂട്ടുകളിൽ 50 ശതമാനമോ അതിൽ കൂടുതലോ സേവനങ്ങൾ കുറയ്ക്കുമെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാതേ പസഫിക് അറിയിച്ചു.
ഡെൽറ്റ
ഉപഭോക്തൃ ആവശ്യം ഗണ്യമായി കുറച്ചതിനാൽ യുഎസിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന പ്രതിവാര വിമാനങ്ങളുടെ എണ്ണം താൽക്കാലികമായി പകുതിയായി കുറയ്ക്കുകയാണെന്ന് ഡെൽറ്റ എയർ ലൈൻസ് അറിയിച്ചു. ആഴ്ചയിൽ 42 ൽ നിന്ന് 21 ആയാണ് കുറച്ചിരിക്കുന്നത്. പുതിയ ഷെഡ്യൂൾ ഫെബ്രുവരി 6 മുതൽ ഏപ്രിൽ 30 വരെ പ്രാബല്യത്തിൽ വരും.
ഈജിപ്ത് എയർ
ഫെബ്രുവരി മുതൽ ഹാങ്‌ഷുവിലേക്കും മറ്റ് പ്രധാന നഗരങ്ങളായ ബീജിംഗ്, ഗ്വാങ്‌ഷു എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകൾ ഫെബ്രുവരി നാലിനകം നിർത്തി വെയ്ക്കുകയാണെന്ന് ഈജിപ്ത് എയർ വ്യാഴാഴ്ച അറിയിച്ചു.
എൽ അൽ
മാർച്ച് 25 വരെ ബീജിംഗിലേക്കുള്ള സർവീസുകൾ നിർത്തി വെയ്ക്കുകയാണെന്ന് ഇസ്രയേൽ എയർലൈൻ അറിയിച്ചു. മറ്റ് ചൈനീസ് ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുകയാണ്.
ഫിൻ എയർ
യൂറോപ്പും ഏഷ്യയും തമ്മിൽ നിരവധി ബന്ധങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫിൻ എയർ, ചൈനയിൽ നിന്നുള്ള ഗ്രൂപ്പ് യാത്ര നിർത്തി വെച്ചതിന് ശേഷം ഫെബ്രുവരി അഞ്ചുമുതൽ മാർച്ച് വരെ ചില വിമാനങ്ങൾ നിർത്തി വെയ്ക്കുമെന്ന് അറിയിച്ചു. ഈ നിമിഷത്തേക്ക്, ഇത് ബീജിംഗിലേക്കും ഷാങ്ഹായിലേക്കും ദിവസേനയുള്ള ഫ്ലൈറ്റുകളും ഹോങ്കോങ്ങിലേക്കുള്ള ദിവസേന രണ്ട് ഫ്ലൈറ്റുകളും ഗ്വാങ്‌ഷുവിലേക്ക് ആഴ്ചയിൽ രണ്ട് ഫ്ലൈറ്റുകളും തുടരും.
ഇൻഡിഗോ
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി 20 വരെ ഡൽഹിക്കും ചെംഗ്ഡുവിനും (ചൈന) വിമാനസർവീസ് താൽക്കാലികമായി നിർത്തി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൊൽക്കത്ത - ഗ്വാങ്ഷു വിമാനം ചില സമയങ്ങളിലായി തുടരും.
ഇബീരിയ
ചൈനയിലേക്കുള്ള ഏക വിമാനം ഷാങ്ഹായിലേക്കുള്ള വിമാനം വെള്ളിയാഴ്ച മുതൽ നിർത്തിവച്ചതായി ഐബീരിയ അറിയിച്ചു.
കസാഖിസ്ഥാൻ
ഫെബ്രുവരി ഒന്നു മുതൽ റോഡ് ഗതാഗതവും ഫെബ്രുവരി 3 മുതൽ വിമാന സർവീസും നിർത്തി ചൈനയുമായുള്ള എല്ലാ ഗതാഗത ബന്ധങ്ങളും നിർത്തുമെന്ന് കസാക്കിസ്ഥാൻ.
കെ എൽ എം
വാരാന്ത്യാവസാനത്തോടെ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തി വയ്ക്കുകയാണെന്ന് കെഎൽഎം. 'ഫെബ്രുവരി 2 ഞായറാഴ്ച ആംസ്റ്റർഡാമിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ ബീജിംഗിൽ നിന്നും ഷാങ്ഹായിൽ നിന്നും ആംസ്റ്റർഡാമിലേക്ക് മടങ്ങാൻ കഴിയുന്നത്ര യാത്രക്കാർക്ക് അവസരം നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്'. കെഎൽഎം ഉദ്ധരിച്ച് എൻഒഎസ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ പറഞ്ഞു.
ലയൺ എയർ
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്തോനേഷ്യയുടെ ലയൺ എയർ ഗ്രൂപ്പ് ബുധനാഴ്ച ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തുമെന്ന് അറിയിച്ചു. 15 വ്യത്യസ്ത ചൈനീസ് നഗരങ്ങളിലേക്കുള്ള റൂട്ടുകളിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കുന്നത് ഫെബ്രുവരി ഒന്നുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാബല്യത്തിൽ വരും.
ലുഫ്താൻസ
ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസ ഫെബ്രുവരി 9 വരെ ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻ കമ്പനികളിലൊന്നായ ലുഫ്താൻസ ഗ്രൂപ്പ്, അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളായ സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ് നടത്തുന്ന വിമാനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് അറിയിച്ചു.
മ്യാൻമർ എയർവേസ് ഇന്‍റർനാഷണൽ
10 ചൈനീസ് നഗരങ്ങളിലേക്കുള്ള ചാർട്ടർ ഫ്ലൈറ്റുകൾക്ക് വെള്ളിയാഴ്ച മുതൽ സസ്പെൻഷൻ പ്രഖ്യാപിച്ച എംഎഐ, ഗ്വാങ്‌ഷുവിലേക്കുള്ള പതിവ് സർവീസിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് നിരക്ക് ഈടാക്കാതെ യാത്രാപദ്ധതികൾ മാറ്റാൻ അനുവദിക്കുകയായിരുന്നു.
മ്യാൻമർ നാഷണൽ എയർലൈൻസ്
ശനിയാഴ്ച മുതൽ ഹോങ്കോങ്ങിലേക്കും ചെങ്ഡുവിലേക്കും ഉള്ള വിമാന സർവീസുകൾ നിർത്തി വെയ്ക്കുമെന്ന് എംഎൻഎ അറിയിച്ചു.
റോയൽ എയർ മരോക്ക്
മൊറോക്കൻ ദേശീയ വിമാനക്കമ്പനിയായ റോയൽ എയർ മരോക്ക് വെള്ളിയാഴ്ച മുതൽ കാസബ്ലാങ്കയിൽ നിന്ന് ബീജിംഗിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി 29ന് പുനരാരംഭിക്കും.
സ്കാൻഡിനേവിയൻ എയർലൈൻസ്
വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 9 വരെ ബീജിംഗിലേക്കും ഷാങ്ഹായിലേക്കുമുള്ള നേരിട്ടുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതായി എസ്‌എഎസ് അറിയിച്ചു. ഹോങ്കോങ്ങിലേക്കുള്ള സർവീസ് തുടരുകയാണ്.
സിംഗപ്പൂർ എയർലൈൻസ്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ തോത് വർദ്ധിച്ചതിനാൽ നിരവധി ചൈനീസ് നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിലെ ചില ഫ്ലൈറ്റുകളും സിൽക്ക് എയറും റദ്ദാക്കുമെന്ന് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.
സ്കൈഅപ്പ് എയർലൈൻസ്
ചൈനയിലെ റിസോർട്ട് ദ്വീപായ ഹൈനാനിലേക്കുള്ള ചാർട്ടർ സർവീസുകൾ മാർച്ച് 28 വരെ നിർത്തുമെന്ന് ഉക്രേനിയൻ എയർലൈൻ അറിയിച്ചു.
ടർക്കിഷ് എയർലൈൻസ്
ഫെബ്രുവരി 9 വരെ ചൈനയിലെ ബീജിംഗ്, ഗ്വാങ്‌ഷു, ഷാങ്ഹായ്, സിയാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി വെച്ചതായി തുർക്കി എയർലൈൻസ് അറിയിച്ചു.
ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ്
ഫെബ്രുവരി 24 വരെ ഹൈനാനിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുമെന്ന് യുഐഎ അറിയിച്ചു.
യുണൈറ്റഡ് എയർലൈൻസ്
യു എസ് എയർലൈനായ യുണൈറ്റഡ് എയർലൈൻസ് ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി എട്ടു വരെ ബീജിംഗ്, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്ന. ഫെബ്രുവരി 9 മുതൽ മാർച്ച് 28 വരെ ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം 12 ൽ നിന്ന് നാലായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.
യുറൽസ് എയർലൈൻസ്
റഷ്യയുടെ യുറൽസ് എയർലൈൻസ് ചൈനയിലെ നിരവധി സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ നേരത്തെ നിർത്തി വെച്ചിരുന്നു. ഇത് കൂടാതെ, ചൈനീസ് വിനോദ സഞ്ചാരികൾ അധികമായി എത്തുന്ന പാരിസ്, റോം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സർവീസുകളും നിർത്തിവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus outbreak, Corona virus Wuhan, Medicine for corona