• HOME
 • »
 • NEWS
 • »
 • world
 • »
 • ചൈനയിലെ സീറോ കോവിഡ് നയം: ഒന്നേകാൽ കോടി കുടുംബങ്ങളെങ്കിലും ഓക്സിജൻ മെഷീനും വെന്റിലേറ്ററും വാങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

ചൈനയിലെ സീറോ കോവിഡ് നയം: ഒന്നേകാൽ കോടി കുടുംബങ്ങളെങ്കിലും ഓക്സിജൻ മെഷീനും വെന്റിലേറ്ററും വാങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം കോവിഡ് -19 ചികിത്സയുടെ ഭാ​ഗമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വിൽപന കുതിച്ചുയർന്നു

 • Share this:

  ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനു പിന്നാലെ വെന്റിലേറ്ററുകൾക്കും ഓക്സിജൻ മെഷീനുകൾക്കും ആവശ്യക്കാരും കൂടുന്നതായി റിപ്പോർട്ട്. ചൈനയിലെ സീറോ കോവിഡ് നയത്തിനെതിരെ തലസ്ഥാനമായ ബീജിംഗിലും ആഗോള സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിലും പ്രതിഷേധം ശക്തമാകുകയാണ്. സീറോ കോവിഡ് നയം മൂലം ഉറുംഖിയിലുള്ള അപ്പാർട്ട്‌മെന്റിനു തീപിടിച്ച് പത്തു പേർ മരിച്ചെന്ന വാർത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സർക്കാരിനെതിരായ പ്രതിഷേധവും ശക്തി പ്രാപിച്ചു. ഷി ജിൻപിങ് രാജിവെക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി അധികാരമൊഴിയണമെന്നും മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.

  ഒരു പ്രത്യേക സ്ഥലത്ത് വളരെ കുറച്ച് കേസുകൾ കണ്ടെത്തിയാൽ പോലും, ചെറുകിട, വൻകിട, വ്യാവസായിക സ്ഥാപനങ്ങൾ വരെ പൂട്ടി, അതിനു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതാണ് ചൈനയുടെ രീതി. ഇതാണ് സീറോ കോവിഡ് നയം എന്നറിയപ്പെടുന്നത്.

  ചൈനയിലെ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം കോവിഡ് -19 ചികിത്സയുടെ ഭാ​ഗമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വിൽപന കുതിച്ചുയർന്നതായി രാജ്യത്തെ മെഡിക്കൽ സ്റ്റോർ ഉടമകൾ പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
  Also Read- കോവിഡ് നയത്തിനെതിരെ ചൈനയിൽ നടക്കുന്ന പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത BBC മാധ്യമപ്രവർത്തകന് ക്രൂരമർദനം

  സീറോ കോവിഡ് നയം മൂലം, കുറഞ്ഞത് 12 ദശലക്ഷം (1.2 കോടി) ചൈനീസ് കുടുംബങ്ങളെങ്കിലും വെന്റിലേറ്ററുകളും ഓക്സിജൻ മെഷീനുകളും സ്വന്തമായി വാങ്ങേണ്ടി വരുമെന്ന് ചോങ്‌കിംഗ് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനമായ സൗത്ത് വെസ്റ്റ് സെക്യൂരിറ്റീസ് പറയുന്നു.

  വെന്റിലേറ്റർ വാങ്ങാൻ 500 ഡോളറും ഓക്സിജൻ മെഷീന് 100 ഡോളറും നൽകേണ്ടി വന്നു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായും കിടക്കകൾക്ക് ക്ഷാമം നേരിടുന്നതായും അവർ കൂട്ടിച്ചേർത്തു. പൗരന്മാരിൽ പലരും രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുന്നത്.

  Also Read- ചൈനയിൽ ഷി ജിൻപിങ്ങിനെതിരെ പ്രതിഷേധക്കാർ വെള്ള പേപ്പർ ഉയർത്തിക്കാട്ടുന്നത് എന്തുകൊണ്ട്?

  സീറോ കോവിഡ് നയം ഉപേക്ഷിക്കാ‍ൻ ഷി ജിൻപിങ് ആലോചിച്ചിരുന്നതായും എന്നാൽ പ്രതിഷേധം കനത്തതോടെ ആ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ജനങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ആവശ്യത്തിന് സർക്കാർ വഴങ്ങുന്നു എന്ന തോന്നൽ ഉണ്ടാകുമോ എന്ന ഭയമാണ് ഇതിനു പിന്നിലെ കാരണമായി പലരും പറയുന്നത്.

  രാജ്യത്ത് നിരവധി പേരിൽ ഒമിക്രോണിനു സമാനമായ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ വാക്സിനേഷൻ നയവും ഭീഷണിക്ക് ആക്കം കൂട്ടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ വികസിപ്പിച്ച വാക്സിനുകൾ രാജ്യം വാങ്ങുന്നില്ല. പ്രായമായവരിൽ ഭൂരിഭാഗവും കുത്തിവെയ്പ് എടുത്തിട്ടുമില്ല. 60 വയസിന് മുകളിലുള്ളവരിൽ മൂന്നിലൊന്ന് പേരും മൂന്ന് ഡോസ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതും കോവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണമാണ്.

  രാജ്യത്തെ പല പ്രധാന ന​ഗരങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിൽ ജനങ്ങൾ അതൃപ്തരാണ്. സീറോ കോവിഡ് നയം തുടർന്നാൽ ചൈന‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യവും അതുപോലെ തുടരുമെന്നാണ് കരുതപ്പെടുന്നത്.

  Published by:Naseeba TC
  First published: