• HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാൻ ഉപതിരഞ്ഞെടുപ്പിലെ 33 സീറ്റുകളിലും ഇമ്രാൻ ഖാൻ മത്സരിക്കും

പാകിസ്ഥാൻ ഉപതിരഞ്ഞെടുപ്പിലെ 33 സീറ്റുകളിലും ഇമ്രാൻ ഖാൻ മത്സരിക്കും

2022 ഒക്ടോബറിൽ നടന്ന മുൻ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം എട്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുകയും ആറു മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തിരുന്നു

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

  • Share this:

    പാകിസ്ഥാനിലെ (Pakistan) ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 33 സീറ്റിലും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) മത്സരിക്കും. അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് വൈസ് ചെയർമാനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ ഔദ്യോ​ഗികമായി അറിയിച്ചത്. ഇമ്രാൻ‍ ഖാന്റെ അധ്യക്ഷതയിൽ ലാഹോറിലെ സമാൻ പാർക്കിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ വെച്ചാണ് തീരുമാനമെടുത്തതെന്നും ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു.

    പാകിസ്ഥാനിലെ ദേശീയ അസംബ്ലിയിലെ 33 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 16 ന് നടക്കുമെന്നാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 33 സീറ്റുകളിൽ 12 എണ്ണം പഞ്ചാബ് പ്രവിശ്യയിലും എട്ടെണ്ണം ഖൈബർ പഖ്തൂൺഖ്വയിൽ , മൂന്നെണ്ണം ഇസ്ലാമാബാദിലും, ഒൻപതെണ്ണം സിന്ധിലും ഒരെണ്ണം ബലൂചിസ്ഥാനിലുമാണ്.

    പിടിഐ എംപിമാർ കൂട്ടത്തോടെ രാജിവെച്ചതിനെത്തുടർന്നാണ് ദേശീയ അസംബ്ലിയിൽ ഇത്രയേറെ ഒഴിവു വന്നത്. 2022 ഏപ്രിലിൽ ഇമ്രാൻ ഖാനെ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് പി.ടി.ഐ എം.പിമാർ കൂട്ടത്തോടെ രാജിവച്ചത്. സ്പീക്കർ അഷ്‌റഫ് ആദ്യം രാജികൾ സ്വീകരിച്ചിരുന്നില്ല. നിയമസഭാംഗങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണോ രാജിവെക്കുന്നതെന്ന് വ്യക്തിപരമായി പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. കഴിഞ്ഞ മാസമാണ് പിടിഐ നിയമസഭാംഗങ്ങളുടെ രാജി സ്പീക്കർ സ്വീകരിച്ചത്.

    Also read: ലണ്ടനില്‍ വായുമലിനീകരണം വര്‍ധിക്കുന്നു; അനാവശ്യ കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി മേയർ

    “പിടിഐ പാകിസ്ഥാനിലെ രാഷ്ട്രീയ രംഗത്ത് തുടരുകയും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ജൂലൈയിൽ ജനങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, അവർ ഇമ്രാൻ ഖാനെ വിജയിപ്പിച്ചതാണ്. മാർച്ച് 16ന് രാജ്യത്തിന് ഇവിടുത്തെ ജനങ്ങൾ വ്യക്തമായ ഒരു സന്ദേശം നൽകും. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ രാജ്യം പൂർണമായി വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങൾ പിടിഐയ്‌ക്കൊപ്പം നിൽക്കുന്നു.”, ഖുറേഷി പറഞ്ഞു.

    ഇതാദ്യമായല്ല, ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പിൽ ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുന്നത്. 2022 ഒക്ടോബറിൽ നടന്ന മുൻ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം എട്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുകയും ആറു മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തിരുന്നു.

    പാകിസ്ഥാനിലെ പ്രതിപക്ഷ പാ‍ർട്ടികളെല്ലാം ചേർന്ന് ഒറ്റക്കെട്ടായാണ് ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 342 സീറ്റുകളുള്ള പാക് പാ‍ർലമെൻറിൽ 172 വോട്ടുകളാണ് പ്രതിപക്ഷത്തിന് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം വിജയിക്കാൻ വേണ്ടിയിരുന്നത്. പിടിച്ച് നിൽക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും മുൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ കൂടിയായ ഇമ്രാന് ഒടുവിൽ അവിശ്വാസ വോട്ടെടുപ്പിൽ കാലിടറി.

    അതേസമയം, നാണയപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിലയിലായതിനാലും, അന്താരാഷ്ട്ര നാണയ നിധിയിൽ (ഐ‌എം‌എഫ്) നിന്നുള്ള സഹായം എത്താത്തതിനാലും പാകിസ്ഥാൻ സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്.

    Summary: Pakistan’s ousted prime minister Imran Khan will contest all 33 National Assembly seats in the by-elections to be held on March 16, his party has announced, in a move to frustrate the ruling coalition and put more pressure on it to call snap polls

    Published by:user_57
    First published: