ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ആക്രമണം; IRGC നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടത്
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ജറുസലേം പോസ്റ്റിനോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയ്ക്ക് സമീപം നടന്ന ആക്രമണം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ ഉൾപ്പെട്ട സംഘർഷം പശ്ചിമേഷ്യയിലുടനീളം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പേർഷ്യൻ ഗൾഫിനെ ആഗോള കപ്പൽ പാതകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് ചേർന്നാണ് ബന്ദർ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഐആർജിസി നേവിയിൽ തങ്‌സിരിക്കുണ്ടായിരുന്ന നിർണ്ണായക സ്ഥാനവും ഗൾഫ് മേഖലയിലെ ഇറാന്റെ തന്ത്രപരമായ നീക്കങ്ങളിൽ അദ്ദേഹം വഹിച്ചിരുന്ന പങ്കും പരിഗണിക്കുമ്പോൾ, അദ്ദേഹത്തിന്റെ മരണം ഈ സംഘർഷത്തിലെ വലിയൊരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.
അടുത്തിടെ ഈ സമുദ്രപാതയ്ക്ക് മേൽ ഇറാൻ നിയന്ത്രണം കർശനമാക്കിയിരുന്നു. ചില കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ ചരക്ക് വിവരങ്ങളും ക്രൂ വിവരങ്ങളും ഇറാന്റെ റെവല്യൂഷണറി ഗാർഡിന് നൽകേണ്ടി വരുന്നുണ്ട്. ഇതിനായി ചില കപ്പലുകൾ ചൈനീസ് യുവാനിൽ ഫീസ് അടച്ചതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷ ഒരുക്കുന്നത് തങ്ങളായതിനാൽ കപ്പലുകൾ ഫീസ് നൽകുന്നത് സ്വാഭാവികമാണെന്ന് ഇറാനിയൻ പാർലമെന്റംഗം മുഹമ്മദ് റെസ റെസായി കൂച്ചി പറഞ്ഞു.
advertisement
സംഘർഷം ആരംഭിച്ചതിന് ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ വില 40 ശതമാനത്തിലധികം വർധിച്ച് വ്യാഴാഴ്ച ബാരലിന് 104 ഡോളറിലെത്തി. ഇത് ആഗോള ഊർജ്ജ വിപണികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനിടെ, ഏകദേശം 2,500 മറീനുകളുമായി യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായും 1,000 പാരാട്രൂപ്പർമാരെ വിന്യസിക്കാൻ ഉത്തരവിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനെ പ്രേരിപ്പിക്കുക എന്നതാണ് ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യം.
സമാധാന ചർച്ചകൾക്കായി അമേരിക്ക 15 ഇന നിർദ്ദേശം പാകിസ്ഥാൻ വഴി ഇറാന് കൈമാറിയതായി സൂചനയുണ്ട്. ഇറാൻ ഒരു ഉടമ്പടിക്ക് ആഗ്രഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, തങ്ങൾ ചർച്ചകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്കിന് മേലുള്ള പരമാധികാരം ഉറപ്പിക്കുന്ന അഞ്ചിന പദ്ധതിയാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 26, 2026 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ആക്രമണം; IRGC നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്










