ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമായെന്ന് അവകാശപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന കോടതി വ്യവഹാരങ്ങൾ പരിഹരിക്കാൻ കമ്പനി രംഗത്ത്. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരമായി 8.9 ബില്യൺ ഡോളർ ഏകദേശം 73000 കോടി രൂപ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ഇതിന് കോടതിയുടെ അംഗീകാരം കിട്ടിയിട്ടില്ല.
അത് കിട്ടുന്ന മുറയ്ക്ക് മാത്രമേ മറ്റ് കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ. ഇതുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ന്യായമായും കാര്യക്ഷമമായും പരിഹരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കോടതിയും ഭൂരിഭാഗം വാദികളും അംഗീകരിക്കുകയാണെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എക്കാലത്തെയും വലിയ ഉൽപ്പന്ന ബാധ്യതാ സെറ്റിൽമെന്റുകളിൽ ഒന്നായി ഈ ഇടപാട് മാറും എന്നാണ് പറയപ്പെടുന്നത്.
അണ്ഡാശയ അർബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ അംശം അടങ്ങിയ ടാൽക്കം പൗഡറിന്റെ പേരിൽ ജോൺസൺ ആൻഡ് ജോൺസൺ ന് എതിരെ ആയിരക്കണക്കിന് കേസുകളാണ് ഉള്ളത്. എന്നാൽ കമ്പനി ഒരിക്കലും തങ്ങൾക്ക് തെറ്റ് പറ്റിയതായി സമ്മതിച്ചിട്ടില്ല എന്നതാണ് വിരോധാഭാസം. അതേസമയം 2020 മെയ് മാസത്തിൽ അമേരിക്കയിലും കാനഡയിലും ഈ ബേബി പൗഡർ വിൽക്കുന്നത് ജോൺസൺ ആൻഡ് ജോൺസൺ നിർത്തുകയും ചെയ്തു. കമ്പനിയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ അതിശയോക്തി നിറഞ്ഞതും ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ലാത്തതുമാണെന്നാണ് കമ്പനിയുടെ വിശ്വാസമെന്ന് ജോൺസൺ ആൻഡ് ജോൺസൺന്റെ വ്യവഹാര വിഭാഗം വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.
25 വർഷത്തിനുള്ളിൽ ഉണ്ടായ പതിനായിരക്കണക്കിന് പരാതിക്കാർക്ക് നഷ്ടപരിഹാരമായി 8.9 ബില്യൺ ഡോളർ നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ പറയുന്നു. ഇതിനായി സബ്‌സിഡിയറി കമ്പനി രൂപീകരിച്ചിട്ടുണ്ട് എന്നും ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചു. LTL Management LLC എന്നാണ് ആ സബ്‌സിഡിയറി കമ്പനിയുടെ പേര്. ഇത് വഴിയാണ് ക്ലെയിമുകൾ പരിഹരിക്കുക. എൽടിഎൽ മുഖേന നേരത്തെ സമർപ്പിച്ച ഒരു സെറ്റിൽമെന്റ് അപ്പീൽ കോടതി നിരസിച്ചിരുന്നു. അതിനെത്തുടർന്നാണ് വീണ്ടും തുക പുതുക്കി കോടതിയെ സമീപിച്ചത്.
Also read- ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ലെബനനിൽ നിന്ന് റോക്കറ്റാക്രമണത്തിന് പിന്നാലെ
സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഗൈനക്കോളജിക്കൽ കാൻസറിന് കാരണമായ രാസവസ്തുക്കൾ ഉണ്ടെന്ന ആരോപണത്തെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ മുമ്പ് 2 ബില്യൺ ഡോളറിന്റെ സെറ്റിൽമെന്റ് നടത്തിയിരുന്നു. പുതുതായി ഒത്തുതീർപ്പ് തുക വാഗ്ദാനം ചെയ്തത് ആരോപിക്കപ്പെട്ട തെറ്റ് അംഗീകരിക്കുന്നതോ കമ്പനിയുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന ദീർഘകാലമായുള്ള നിലപാട് മാറ്റിയതിന്റെയോ സൂചനയോ അല്ല എന്നും കമ്പനി പറഞ്ഞു. ഈ പ്രശ്നം കഴിയുന്നത്ര വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കണമെന്നതാണ് കമ്പനിയുടെ താല്പര്യം എന്നും കമ്പനി പ്രതിനിധി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cancer, Cancer causes, USA