ഭീകര താവളമില്ലെന്ന് പാക് മന്ത്രി; ലൈവ് ആയി ടിവിയില്‍ ഫാക്ട് ചെക്ക് ചെയ്ത് മാധ്യമപ്രവര്‍ത്തക: വീഡിയോ
- Published by:Sneha Reghu
- news18-malayalam
Last Updated:
തീവ്രവാദത്തിനെതിരെ മുന്‍നിരയില്‍ നിന്നാണ് പാകിസ്ഥാൻ പോരാടുന്നതെന്ന് പാക് മന്ത്രി പറഞ്ഞു
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചിരുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകളെയാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഇതിന് പിന്നാലെ ഒരു ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലില്‍ പാകിസ്ഥാനില്‍ ഭീകര ക്യാപുകളില്ല എന്ന പാക് ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അത്താവുള്ള തരാര്‍ നടത്തിയ അവകാശവാദം മാധ്യമപ്രവര്‍ത്തക പൊളിച്ചടുക്കുന്ന വീഡിയോ വൈറലായി. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ അഭിമുഖത്തിൽ ബ്രിട്ടനിലെ സ്‌കൈ ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ യാല്‍ദ ഹക്കിം പാകിസ്ഥാൻ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചരിത്രം ലൈവായി ഫാക്ട് ചെക്ക് ചെയ്തതോടെയാണ് മന്ത്രി കുരുക്കിലായത്.
ഇന്ത്യന്‍ സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സ്‌കൈ ന്യൂസില്‍ ആദ്യം തരാര്‍ ആരോപിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തക യാല്‍ദ ഇത് പൊളിച്ചടുക്കുകയായിരുന്നു.
തീവ്രവാദ ക്യാമ്പുകള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചിട്ടുണ്ടെന്ന് യാല്‍ദ പറഞ്ഞു. ജയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂരും ലഷ്‌കറെ തൊയ്ബയുടെ മുരിഡ്കയിലെ താവളവും ഉള്‍പ്പെടെ ഒൻപത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ മിസൈല്‍ ആക്രമണം നടത്തി തകർത്തത്.
''പാകിസ്ഥാനില്‍ തീവ്രവാദ ക്യാംപുകളൊന്നുമില്ലെന്ന് ഞാന്‍ വ്യക്തമായി പറയുകയാണ്. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണ്. നമ്മുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരേ ഞങ്ങള്‍ പോരാടുകയാണ്. തീവ്രവാദത്തിനെതിരേ മുന്‍നിരയില്‍ നിന്നാണ് ഞങ്ങൾ പോരാടുന്നത്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഞങ്ങളുടെ 9000 പേരാണ് ജീവന്‍ ബലി നല്‍കിയത്,'' തരാര്‍ പറഞ്ഞു. ''ഇന്ത്യയാകട്ടെ ജാഫര്‍ എക്‌സ്പ്രസ് വിമാനം റാഞ്ചിയപ്പോള്‍ അതിനെ അപലപിച്ചില്ല. സംഭവത്തില്‍ യാതൊരുവിധ ആശങ്കയും പ്രകടിപ്പിച്ചില്ല,'' തരാര്‍ പറഞ്ഞു.
advertisement
ഇതിന് പിന്നാലെ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുമ്പ് തന്റെ ഷോയില്‍ നടത്തിയ കുറ്റസമ്മതം ചൂണ്ടിക്കാട്ടി തരാറിന്റെ ഈ പ്രസ്താവനയില്‍ യാല്‍ദ ഇടപെടുകയായിരുന്നു.
''തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും ഇന്ത്യയില്‍ പ്രോസികളായി ഉപയോഗിക്കുകയും ചെയ്യുന്ന നയമാണ് പതിറ്റാണ്ടുകളായി തുടരുന്നതെന്ന് ഒരാഴ്ച മുമ്പ് എന്റെ പരിപാടിയില്‍ പങ്കെടുക്കവെ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. 2018ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയിരുന്നു. പാകിസ്ഥാന്‍ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം സഹായം നിര്‍ത്തലാക്കിയത്,'' അവര്‍ പറഞ്ഞു.
advertisement
Afghan journalist Yalda Hakim exposed 🇵🇰's Information Minister Ataullah Tarar in a TV interview. pic.twitter.com/NSrHdjeEoV
— Every Voice Matters 🇮🇳 (@Speaks_For_All) May 7, 2025
''അതിനാല്‍ പാകിസ്ഥാനില്‍ തീവ്രവാദ കാംപുകളിലെന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് ജനറല്‍ പര്‍വേസ് മുഷറഫ് പറഞ്ഞതിനും ബേനസീര്‍ ഭൂട്ടോ പറഞ്ഞതിനും നിങ്ങളുടെ പ്രതിരോധമന്ത്രി ഒരാഴ്ച മുമ്പ് പറഞ്ഞതിനും വിരുദ്ധമാണ്. തീവ്രവാദ സംഘടനകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്നത് പാകിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ബിലാവല്‍ ഭൂട്ടോ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് എന്നോട് പറഞ്ഞത്'', യാൽദ വ്യക്തമാക്കി
advertisement
ഇതിന് മറുപടി നല്‍കാന്‍ തരാര്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം. ''അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരേ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാജ്യമാണ്. തീവ്രവാദം ഇല്ലാതാക്കുന്നതില്‍ ഞങ്ങള്‍ ഇപ്പോഴും മുന്‍നിരയിലുണ്ട്. ലോകസമാധാനത്തിന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. കാരണം ഭീകരര്‍ക്കും മറ്റ് ലോകരാഷ്ട്രങ്ങള്‍ക്കുമിടയിലെ മതിലാണ് ഞങ്ങള്‍,'' തരാര്‍ പറഞ്ഞു.
ഇതിന് ശേഷം യാല്‍ദയെ പാകിസ്ഥാനിലേക്ക് തരാര്‍ ക്ഷണിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ സ്ഥാപകനുമായ ഒസാമ ബിന്‍ ലാദനെ 2011ല്‍ യുഎസ് സൈന്യം വെടിവെച്ചു കൊല്ലുന്നതിന് മുമ്പ് പാകിസ്ഥാനിലെ അബോട്ടാബാദില്‍ കണ്ടെത്തിയതായി അവര്‍ തരാറിനെ ഓര്‍മിപ്പിച്ചു. കൂടാതെ, താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 07, 2025 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഭീകര താവളമില്ലെന്ന് പാക് മന്ത്രി; ലൈവ് ആയി ടിവിയില്‍ ഫാക്ട് ചെക്ക് ചെയ്ത് മാധ്യമപ്രവര്‍ത്തക: വീഡിയോ