ജി20 സമ്മേളനം: ലോകനേതാക്കള്‍ക്ക് വിളമ്പുന്നത് കൊതിയൂറും മില്ലറ്റ് വിഭവങ്ങളും സ്ട്രീറ്റ് ഫുഡും
- Published by:user_57
- news18-malayalam
Last Updated:
ലോകനേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായി വൈവിധ്യമേറിയ ചെറുധാന്യ വിഭവങ്ങളുടെ പാചകക്കൂട്ടുകള്‍ തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
ഇന്ത്യ ആതിഥ്യമരുളുന്ന ജി 20 സമ്മേളനത്തിന് (G20 Summit) വരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോകനേതാക്കള്‍ക്ക് വിളമ്പുന്നത് കൊതിയൂറുന്ന മില്ലറ്റ് വിഭവങ്ങളും സ്ട്രീറ്റ് ഫുഡുമാണെന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ സ്ട്രീറ്റ് ഫുഡിന് പേരുകേട്ട ചാന്ദിനി ചൗക്കില്‍ നിന്നുള്ള വിഭവങ്ങളാണ് തീന്‍മേശയില്‍ നിറയുക. ഇതിനൊപ്പം ചെറുധാന്യങ്ങള്‍ (മില്ലറ്റ്) കൊണ്ടുള്ള വിഭവങ്ങളും വിളമ്പും.
ലോകനേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായി വൈവിധ്യമേറിയ ചെറുധാന്യ വിഭവങ്ങളുടെ പാചകക്കൂട്ടുകള്‍ തയ്യാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഭാരത് മണ്ഡപത്തില്‍വെച്ചാണ് ജി20 സമ്മേളനം നടക്കുന്നത്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന, രാജ്യത്ത് ലഭ്യമായ ഉയര്‍ന്ന അളവില്‍ പോഷകങ്ങള്‍ അടങ്ങിയ ചെറുധാന്യങ്ങളെ ലോകത്തിനുമുമ്പില്‍ പരിചയപ്പെടുത്തല്‍ കൂടിയാകും ഈ സമ്മേളനം.
സമ്മേളനത്തിന്റെ ഭാഗമായി ഓരോ രാഷ്ട്രത്തലവന്മാരും തങ്ങളുടെ രാജ്യത്തിന്റെ ദേശീയ മരങ്ങളുടെ തൈകളോ അവയുടെ വര്‍ഗത്തില്‍പ്പെട്ട ചെടികളോ നടും. ഭാരത് മണ്ഡപ സമുച്ചയത്തില്‍ ജി20 തോട്ടം നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
advertisement
നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്ല്‍ വെച്ച് നടക്കുന്ന രാജ്യത്തിന്റെ സമ്പന്നമായ കരകൗശല പൈതൃകത്തെക്കുറിച്ചുള്ള തത്സമയ പ്രദര്‍ശന സെഷനുകളിലൂടെയും നാഷണല്‍ ഷോപ്പിംഗ് അനുഭവത്തിലൂടെയും ലോക നേതാക്കളുടെ പങ്കാളിമാര്‍ക്ക് ഇന്ത്യാ സന്ദര്‍ശനം അവിസ്മരണീയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജി 20 ഇന്ത്യ സ്പെഷ്യല്‍ സെക്രട്ടറി മുക്തേഷ് പര്‍ദേശി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”നൂതനമായ രീതിയില്‍ ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി ലഭ്യമായ വിഭവങ്ങളും അതിഥികള്‍ക്കായി ഒരുക്കും. ഏതൊക്കെ വിഭവങ്ങള്‍ ഒരുക്കണമെന്ന് സംബന്ധിച്ച് ഷെഫുമാര്‍ അവസാനവട്ട തീരുമാനത്തിലാണ്. എല്ലാ ഘടകങ്ങളും പരിഗണിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക”, പര്‍ദേശി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
”സ്ട്രീറ്റ് ഫുഡിന് ഏറെ പേരുകേട്ട സ്ഥലമാണ് ഡല്‍ഹി, പ്രത്യേകിച്ച് ചാന്ദിനി ചൗക്ക് മേഖല. സമ്മേളനത്തോട് അനുബന്ധിച്ച് ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമകേന്ദ്രത്തില്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡിന്റെ രുചി അനുഭവിക്കാന്‍ കഴിയും”, അദ്ദേഹം പറഞ്ഞു.
ലോകനേതാക്കളും പ്രതിനിധികളും തങ്ങുന്ന ഹോട്ടലുകള്‍ മില്ലറ്റുകള്‍ കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കുന്ന മത്സരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ”അതിഥികള്‍ക്ക് നല്‍കുന്ന ഉപഹാരങ്ങള്‍ക്ക്
രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ചിത്രങ്ങള്‍ എന്നിവയ്ക്കായിരിക്കും പ്രധാന്യം നല്‍കുക. നമ്മുടെ കരകൗശല പാരമ്പര്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സന്ദേശം നല്‍കുന്നതായിരിക്കണം സമ്മാനങ്ങള്‍. ലോകനേതാക്കള്‍ അവ ഒപ്പം കൊണ്ടുപോകുമ്പോള്‍ നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള ഓര്‍മകളെയും ഒപ്പം കൊണ്ടുപോകണം”, അദ്ദേഹം വ്യക്തമാക്കി.
advertisement
ജി20 സമ്മേളനം നടക്കുന്നതിനോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിച്ച് വരികയാണെന്നും അവരുടെ സുരക്ഷാ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് 10,000 പ്രതിനിധികള്‍ ഡല്‍ഹിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ഡല്‍ഹി, എയറോസിറ്റി, ഗുരുഗ്രാം, തൊട്ടടുത്തുള്ള വിവിഐപി ഹോട്ടലുകള്‍ എന്നിവടങ്ങളിലായിരിക്കും ലോകനേതാക്കളും അവരെ അനുഗമിക്കുന്ന പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ജി20 സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ബ്രസീലാണ്. അതിനാൽ, സമ്മേളനത്തിന്റെ അവസാന സെക്ഷനിൽ ബ്രസീലിന് അധ്യക്ഷസ്ഥാനം പ്രതീകാത്മകമായി കൈമാറുന്ന ചടങ്ങും നടക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 05, 2023 8:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ജി20 സമ്മേളനം: ലോകനേതാക്കള്‍ക്ക് വിളമ്പുന്നത് കൊതിയൂറും മില്ലറ്റ് വിഭവങ്ങളും സ്ട്രീറ്റ് ഫുഡും