അടിമ വ്യാപാരത്തിലും ചൂഷണത്തിലും പ്രധാന പങ്കുവഹിച്ച രാജ്യമാണ് നെതര്‍ലാൻഡ്സ്. ഇപ്പോഴിതാ നൂറ്റാണ്ടുകളോളം രാജ്യത്ത് നിലനിന്നിരുന്ന അടിമകച്ചവടത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ.
‘ഡച്ച് സര്‍ക്കാരിന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു. കഴിഞ്ഞ നുറ്റാണ്ടുകളില്‍ ഈ രാജ്യം ചെയ്ത ക്രൂരപ്രവര്‍ത്തികളില്‍ ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു. നാം ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാണ്. ഭൂതകാലത്തില്‍ ചെയ്ത പ്രവര്‍ത്തികളെ അപലപിക്കാന്‍ മാത്രമേ ഇന്ന് കഴിയുകയുള്ളൂ. മനുഷ്യരാശിയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ക്രൂരതയാണ് ഇത്. മാത്രം പറഞ്ഞ് മാപ്പ് പറയാനെ നമുക്ക് ഇപ്പോള്‍ കഴിയുകയുള്ളു’, റുട്ടെ പറഞ്ഞു.
ഡച്ച് നാഷണല്‍ ആര്‍ക്കൈവ്‌സ് മുമ്പാകെ നടത്തിയ പ്രസംഗത്തിലാണ് റൂട്ടെയുടെ ക്ഷമാപണം. അടിമത്തം നിരോധിച്ചതിന്റെ 160-ാം വാര്‍ഷികം അടുത്ത വർഷം ജൂലൈ ഒന്നിന് ആഘോഷിക്കാനിരിക്കെ പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചിന് അൽപ്പം കൂടി കാത്തിരിക്കാൻ ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ക്ഷമാപണവുമായി മുന്നോട്ട് പോയി. അടിമത്തം നിരോധിച്ചിട്ട് 150 വര്‍ഷമേ ആകുന്നുള്ളുവെന്നാണ് നെതര്‍ലാന്റിലെ ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ പറയുന്നത്. അടിമത്തം നിരോധിച്ചതിന് ശേഷവും ഏറെക്കാലം രാജ്യത്തെ ജനങ്ങളെ അടിമകളെ പോലെ പരിഗണിച്ചിരുന്നുവെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.
മുമ്പും അടിമ കച്ചവടത്തിൽ രാജ്യത്തിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച് ഡച്ച് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായുള്ള ഒരു മാപ്പ് പറച്ചിലിലേക്ക് അത് എത്തിയിരുന്നില്ല. അത്തരമൊരു തുറന്നുപറച്ചില്‍ സമൂഹത്തില്‍ ധ്രൂവീകരണമുണ്ടാക്കിയേക്കാം എന്നും ഡച്ച് സര്‍ക്കാര്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും പ്രധാനമന്ത്രി നടത്തിയ ക്ഷമാപണത്തെ പിന്തുണച്ച് രംഗത്തെത്തി.
അടിമത്ത നിരോധനത്തിന്റെ 160-ാം വാര്‍ഷികത്തില്‍ ഡച്ച് മന്ത്രിമാര്‍ പഴയ അടിമക്കോളനികളായിരുന്ന തെക്കേ അമേരിക്കയും കരീബിയയും സന്ദര്‍ശിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചില്‍ എന്നതും ശ്രദ്ധേയമാണ്.
Also read-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം സഹപാഠികള്‍ തടഞ്ഞു; വിദ്യാർത്ഥികൾക്ക് നിറകയ്യടി
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റില്‍ നിന്നുള്ള പ്രചോദനം
അതേസമയം അമേരിക്കയിലെ മിനിയോപൊളിസില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതും തുടര്‍ന്ന് ഉണ്ടായ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രചാരണവും ഡച്ച് സര്‍ക്കാരിനെയും സ്വാധീനിച്ചിരിക്കാം എന്നാണ് കരുതേണ്ടത്. ഫ്‌ളോയിഡിന്റെ മരണശേഷം നിരവധി രാജ്യങ്ങളും തങ്ങളുടെ ഭൂതകാലത്തില്‍ ചെയ്ത പ്രവര്‍ത്തികളില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡച്ച് സര്‍ക്കാര്‍ നിയോഗിച്ച ഒരു ഉപദേശക സമിതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്ക് റൂട്ടെയുടെ പ്രസംഗം. പതിനേഴാം നൂറ്റാണ്ട് മുതല്‍ നിലനിന്നിരുന്ന അടിമത്തവും മറ്റ് ചൂഷണങ്ങളും ഡച്ച് സര്‍ക്കാരിന്റെ കൂടി അറിവോടെ തന്നെയായിരുന്നുവെന്നും അവ മനുഷ്യരാശിയോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്നായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ചരിത്രപരമായ ആ തെറ്റിന് മാപ്പ് പറയുന്നത് ഉചിതമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
18-ാം നുറ്റാണ്ടില്‍ ഡച്ചുകാര്‍ അടിമവ്യപാരം നടത്തിയിരുന്ന പ്രധാന പ്രദേശമായിരുന്നു സുരിനാമും ഗയാനയും. നുറ്റാണ്ടുകള്‍ നീണ്ട അടിമത്തമായിരുന്നു ഇവിടങ്ങളില്‍ നിലനിന്നിരുന്നത്.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ ക്രൂരപ്രവര്‍ത്തികളില്‍ മാപ്പ് അപേക്ഷിച്ച് ആംസ്റ്റര്‍ഡാം, റോട്ടര്‍ഡാം നഗരങ്ങളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പൂര്‍വ്വികള്‍ ചെയ്ത ക്രൂരതകളില്‍ തങ്ങള്‍ ഇന്ന് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു ഈ നഗരപ്രതിനിധികള്‍ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.