ഇനി ഈ നഗരത്തില്‍ പൊതുസ്ഥലത്ത് പുകവലിച്ചു തള്ളാൻ പറ്റില്ല;നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

Last Updated:

പൊതുസ്ഥലങ്ങളെ പുകവലിയില്‍ നിന്ന് സംരക്ഷിക്കുക, പൗരന്‍മാരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നിവ മുന്നില്‍ കണ്ടാണ് പുകവലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇറ്റലിയുടെ സാമ്പത്തിക-ഫാഷന്‍ തലസ്ഥാനമായ മിലനില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. നഗരത്തിലെ തെരുവുകള്‍, ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ച് പുകവലിക്കാന്‍ പാടില്ലെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നവര്‍ 40 ഡോളര്‍ മുതല്‍ 240 യൂറോ വരെ (3530 മുതല്‍ 21,184 രൂപവരെ) പിഴയൊടുക്കേണ്ടി വരും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമ്മിശ്രപ്രതികരണങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2020ല്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയ മിലന്റെ എയര്‍ ക്വാളിറ്റി ഓര്‍ഡിനന്‍സില്‍ പുകവലി നിരോധനം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നഗരത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇതിന്റെ ആദ്യപടിയെന്നോളം 2021 മുതല്‍ പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും ബസ്റ്റോപ്പിലും പുകവലിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2025 ജനുവരി ഒന്ന് മുതലാണ് പുതിയ നിരോധനം നിലവില്‍ വന്നത്. പൊതുസ്ഥലങ്ങളെ പുകവലിയില്‍ നിന്ന് സംരക്ഷിക്കുക, പൗരന്‍മാരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നിവ മുന്നില്‍ കണ്ടാണ് പുകവലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
advertisement
അതേസമയം നിരോധനം നിലവില്‍ വരുന്നതോടെ തങ്ങളുടെ കച്ചവടം കുറയുമെന്ന് മിലനിലെ പുകയില ഷോപ്പ് ഉടമയായ ഇമ്മാനുവേല്‍ മരിനോനി പറഞ്ഞു. 2026ലെ ശീതകാല ഒളിമ്പിക്‌സിന് വേദിയാകുന്ന നഗരം കൂടിയാണ് മിലന്‍. അതിനു മുന്നോടിയായാണ് പുകവലി നിരോധനം നിലവില്‍ വന്നത്.
വ്യവസായിക സ്ഥാപനങ്ങളും ട്രാഫിക് കുരുക്കുകളും മിലന്‍ നഗരത്തിലെ വായുമലിനീകരണം രൂക്ഷമാക്കുന്നു. യൂറോപ്പില്‍ വായുമലിനീകരണം കൂടുതലുള്ള നഗരങ്ങളിലൊന്നാണ് മിലന്‍.
1975ലാണ് രാജ്യത്ത് ആദ്യമായി പുകവലിയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ പൊതുഗതാഗതത്തിലും ക്ലാസ് മുറികളിലും മാത്രമാണ് പുകവലി നിരോധിച്ചത്. പിന്നീട് 1995ല്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു. 2005ല്‍ എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും പുകവലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
advertisement
ഇറ്റലിയില്‍ ആകെ ജനസംഖ്യയുടെ 19 ശതമാനം പേര്‍ മാത്രമാണ് പുകവലി ശീലമാക്കിയവരെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2023ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറ്റലിയില്‍ ഒരു പാക്കറ്റ് സിഗരറ്റിന് 6 യൂറോയാണ് (529 രൂപ) വില. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് സിഗരറ്റിന് ഏറ്റവും കുറവ് വില ഈടാക്കുന്ന രാജ്യമാണ് ഇറ്റലി. മറ്റ് രാജ്യങ്ങളില്‍ 10 യൂറോയ്ക്ക് (882 രൂപ) മുകളിലാണ് ഒരു പാക്കറ്റ് സിഗരറ്റിന്റെ വില. രാജ്യത്ത് പുകവലി മൂലം പ്രതിവര്‍ഷം 93,000 പേരാണ് മരിക്കുന്നതെന്ന് ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം പറയുന്നു.
advertisement
നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ 17 രാജ്യങ്ങള്‍ പുകവലിയ്‌ക്കെതിരെ നിയമം പാസാക്കിയിട്ടുണ്ട്. അയര്‍ലാന്റ് , ഗ്രീസ്, ബള്‍ഗേറിയ, മാള്‍ട്ട, സ്‌പെയ്ന്‍, ഹംഗറി എന്നീ രാജ്യങ്ങളില്‍ കര്‍ശന നിയമവും നിലനില്‍ക്കുന്നുണ്ട്.
പുകവലിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി ബ്രിട്ടണും രംഗത്തെത്തിയിരുന്നു. പുകവലി വിമുക്തമായ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2009 ജനുവരി 1ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇനി ഈ നഗരത്തില്‍ പൊതുസ്ഥലത്ത് പുകവലിച്ചു തള്ളാൻ പറ്റില്ല;നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement