Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഡിജിറ്റൽ മുന്നേറ്റങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അർധരാത്രി മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കുന്നുവെന്നാണ് റിപ്പോർട്ട്
മനോജ് ഗുപ്ത
പാക് അധിനിവേശ കശ്മീരിൽ തിങ്കളാഴ്ച ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം. അവാമി ആക്ഷൻ കമ്മിറ്റിയുടെ ബാനറിന് കീഴിൽ ആയിരക്കണക്കിന് പൗരന്മാർ പ്രദേശം മുഴുവൻ സ്തംഭിപ്പിച്ചും വാഹനങ്ങൾ തടഞ്ഞുമുള്ള സമരത്തിനാണ് തയാറായത്. ഇതൊരു ദശാബ്ദത്തിനിടയിലെ പാക് അധിനിവേശ കശ്മീരിലെ അടിത്തട്ടിൽ നടക്കുന്ന ഏറ്റവും വലിയ പൗരജന മുന്നേറ്റമായാണ് ഇന്റലിജൻസ് വൃത്തങ്ങൾ കണക്കാക്കുന്നത്. വംശീയവും വർഗ്ഗപരവുമായ വേർതിരിവുകൾക്കപ്പുറമുള്ള അപൂർവമായ ഐക്യപ്രകടനമാണിതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ക്രമസമാധാനം നിലനിർത്തുന്നതിനായി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇസ്ലാമാബാദിൽ നിന്ന് 2000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള അർധസൈനിക റേഞ്ചർ സേനയെയും വിന്യസിച്ചു. പ്രധാന സംഘാടകർ ഉൾപ്പെടെ നിരവധി എഎസി പ്രവർത്തകരെ രാത്രികാലങ്ങളിൽ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിലേക്ക് മാറ്റിയതായും വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
advertisement
ഡിജിറ്റൽ മുന്നേറ്റങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അർധരാത്രി മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കുന്നുവെന്നാണ് റിപ്പോർട്ട്. യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ പാക് അധിനിവേശങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതര മാർഗങ്ങളിലൂടെ പ്രതിഷേധ ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
എഎസിയുടെ 38 ഇന ആവശ്യങ്ങൾ
ഈ അശാന്തിയുടെയെല്ലാം മൂലകാരണം സംഘടന മുന്നോട്ട് വെച്ച 38 ഇന ആവശ്യങ്ങളാണ്. ഇതില്‍ പ്രധാനപ്പെട്ട ഇവയാണ്-
- പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 അസംബ്ലി സീറ്റുകൾ നിർത്തലാക്കുക. ഇത് പ്രാദേശിക പ്രാതിനിധ്യത്തെ വളച്ചൊടിക്കുകയും പാക് അധിനിവേശ കശ്മീരിന്റെ രാഷ്ട്രീയത്തിൽ ഇസ്ലാമാബാദിന് അനാവശ്യ നിയന്ത്രണം നൽകുകയും ചെയ്യുന്നുവെന്ന് എഎസി പറയുന്നു.
- മാംഗ്ല, നീലം-ഝലം അണക്കെട്ടുകളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പ്രയോജനം പ്രാദേശിക സമൂഹങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജലവൈദ്യുത കരാറുകൾ വീണ്ടും ചർച്ച ചെയ്യുക.
- വർധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ അടിയന്തരമായി ധാന്യപ്പൊടികൾക്ക് സബ്‌സിഡികൾ ഏർപ്പെടുത്തുക.
- വൈദ്യുത ബില്ലുകൾ കുറയ്ക്കുന്നതിനായി താരിഫുകൾ പ്രാദേശിക ഉൽപാദന നിരക്കുകളുമായി ബന്ധിപ്പിക്കുക.
advertisement
കഴിഞ്ഞ വർഷം ഭരണകൂടം വാഗ്ദാനങ്ങൾ നൽകിയിട്ടും ഈ ആവശ്യങ്ങളിൽ പലതും ഇപ്പോഴും നടപ്പാക്കാതെ കിടക്കുകയാണ്. വർധിച്ചുവരുന്ന നിരാശയുടെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച മുതൽ പ്രദേശത്ത് സമ്പൂർണ ഷട്ട്ഡൗണും വാഹനം തടഞ്ഞുള്ള പ്രതിഷേധത്തിനും എഎസി ആഹ്വാനം ചെയ്തു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതമായി പ്രതിഷേധം തുടരാനും സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഈ പ്രതിഷേധം പ്രത്യയശാസ്ത്രപരമല്ല, മറിച്ച് അവകാശങ്ങൾക്കുവേണ്ടിയുള്ളതാണ് എന്ന് എഎസി പറയുന്നു. സബ്‌സിഡികളും പ്രാദേശിക ഭരണവുമാണ് പ്രതിഷേധങ്ങൾക്ക് ഉടനടിയുള്ള കാരണങ്ങളെന്നും, ഇസ്ലാമാബാദിന്റെ നയങ്ങളോടുള്ള പതിറ്റാണ്ടുകളായി പുകയുന്ന പ്രതിഷേധമാണ് ഈ പ്രക്ഷോഭങ്ങളിൽ പ്രതിഫലിക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു. മാംഗ്ല ഡാം, നീലം-ഝലം തുടങ്ങിയ ജലവൈദ്യുത പദ്ധതികളിലൂടെ വലിയ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് പതിവായി വൈദ്യുതി മുടക്കം അനുഭവപ്പെടുന്നു.
advertisement
സംഘർഷം വ്യാപിക്കുമോ എന്ന ഭയം
പ്രതിഷേധങ്ങൾ പാകിസ്ഥാനിൽ നിന്നുള്ള ആസാദി (സ്വാതന്ത്ര്യം) എന്ന വിശാലമായ ആവശ്യങ്ങളിലേക്ക് വളരുമോ എന്നതിനെക്കുറിച്ച് ഇസ്ലാമാബാദിലെ സുരക്ഷാ വൃത്തങ്ങൾ ആശങ്കാകുലരാണെന്ന് റിപ്പോർട്ടുകളുണ്ട്. എഎസിയുടെ പ്രോക്സി-ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി, പ്രത്യേകിച്ച് അഭയാർത്ഥികൾക്കായി സംവരണം ചെയ്ത അസംബ്ലി സീറ്റുകൾ നിർത്തലാക്കാനുള്ള അവരുടെ ആവശ്യം, മുസാഫറാബാദിനെ നിയന്ത്രിക്കാൻ പാകിസ്ഥാൻ ഉപയോഗിക്കുന്ന രാഷ്ട്രീയ ഘടനയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് കണക്കാക്കുന്നത്.
സ്ഥിതിഗതികൾ ഇപ്പോഴും അസ്ഥിരവും മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന് വൃത്തങ്ങൾ പറയുന്നു. ഇസ്ലാമാബാദ് അക്രമാസക്തമായ അടിച്ചമർത്തൽ നടത്തുകയാണെങ്കിൽ, മേഖലയിൽ പാകിസ്ഥാനെതിരെത്തന്നെ 'യുവജന തീവ്രവാദം' ഉയർന്നുവരാൻ സാധ്യതയുണ്ട്. ഇത് അരക്ഷിതാവസ്ഥ വ്യാപിപ്പിക്കുമെന്ന ആശങ്ക അധികൃതർക്കുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2025 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു