ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എടുക്കുന്നതായി റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലഷ്‌കറെ തൊയ്ബ ആസ്ഥാനം നിര്‍മിക്കാനായി പാക് സർക്കാർ പ്രളയദുരിതാശ്വാസ ഫണ്ട് വക മാറ്റിയതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ ധനസഹായം നല്‍കിയതായി വെളിപ്പെടുത്തല്‍. മുരിദ്‌കെയിലെ മര്‍കസ് തൊയ്ബ എന്ന എന്ന ആസ്ഥാനം നിര്‍മിക്കാനായി പാക് സർക്കാർ പ്രളയദുരിതാശ്വാസ ഫണ്ട് വക മാറ്റിയതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ലഷ്‌കറെ തൊയ്ബയ്ക്ക് പാക് സര്‍ക്കാര്‍ ഇതിനോടകം നാല് കോടി രൂപ(പാക് രൂപ) നല്‍കിയതായും 15 കോടി രൂപയാണ് ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ ആകെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മുരിദ്‌കെയിലെ ഭീകരകേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ താമസകേന്ദ്രം, ആയുധ സംഭരണശാല, ലഷ്‌കര്‍ തൊയ്ബയുടെ ഉം ഉല്‍ ഖുറ പരിശീലന ബ്ലോക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിരുന്നു.
ലഷ്‌കറെ കമാന്‍ഡര്‍മാരായ മൗലാന അബു സാറും യൂനുസ് ഷാ ബുഖാരിയുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
advertisement
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞതെന്ത്?
പാക് സര്‍ക്കാര്‍ ആഗോളതലത്തില്‍ തീവ്രവാദത്തിനെതിരേ പോരാടുമെന്ന് അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെങ്കിലും അവർ നേരിട്ടാണ് പദ്ധതിക്കുള്ള പണം നല്‍കുന്നതെന്ന് രഹസ്യന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസം എന്ന പേരില്‍ ലഷ്‌കറെ തൊയ്ബ ധനസമാഹരണ കാംപെയ്‌നുകള്‍ ആരംഭിച്ചതായി രേഖകള്‍ വെളിപ്പെടുത്തുന്നു. മാനുഷിക സഹായം ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്ന ചരിത്രപരമായ രീതി ഇവിടെയും ആവര്‍ത്തിക്കുകയാണെന്ന് രേഖകളിൽ പറയുന്നു. 2005ല്‍ ലഷ്‌കറെ തൊയ്ബയുടെ മറ്റൊരു വിഭാഗമായ ജമാ അത്ത് ഉദ് ദവ ശേഖരിച്ച ഭൂകമ്പ ദുരിതാശ്വാസ ഫണ്ടിന്റെ ഏകദേശം 80 ശതമാനത്തോളവും തീവ്രവാദ ക്യാംപുകള്‍ നിര്‍മിക്കുന്നതായി വകമാറ്റിയിരുന്നു.
advertisement
ഭീകരതയ്‌ക്കെതിരേ പോരാടുമെന്ന പാക് അവകാശവാദവും തട്ടിപ്പ്
ആഗോളവേദികളില്‍ ഭീകരയ്‌ക്കെതിരേ പോരാടുമെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ രേഖകള്‍ സ്ഥിരീകരിക്കുന്നു. ഇത് ലഷ്‌കറെ തൊയ്ബയുടെ നിലനില്‍പ്പും പുനരുജ്ജീവനവും ഉറപ്പാക്കുന്നു.
ലഷ്‌കറെ തൊയ്ബ ആസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ ശ്രമം തീവ്രവാദത്തിനെതിരെയുള്ള ഇസ്ലാമാബാദിന്റെ ഇരട്ടത്താപ്പിനെ പ്രതിഫലിപ്പിക്കുന്നുവെന്നും പാകിസ്ഥാന്റെ മണ്ണില്‍ നിന്ന് പുതിയ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
advertisement
മുരിദ്‌കെയിലെ ലഷ്‌കറെ ആസ്ഥാനം പാകിസ്ഥാന് തന്ത്രപ്രധാനമാകുന്നത് എങ്ങനെ?
മുരിദ്‌കെയിലെ ലഷ്‌കറെ ആസ്ഥാനമായ മര്‍ക്കസ് തൊയ്ബ സംഘടനയിലെ പ്രധാന കമാന്‍ഡര്‍മാരുടെ വസതിയായി മാത്രമല്ല, മറിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിവിധ പരിശീലന കോഴ്‌സുകളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
2000ല്‍ സ്ഥാപിതമായ മര്‍ക്കസ് തൊയ്ബ പാകിസ്ഥാനിലെ പഞ്ചാബിലെ മുരിദ്‌കെയിലെ ഷെയ്ഖുപുരയില്‍ സ്ഥിതി ചെയ്യുന്ന ലഷ്‌കറെ തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. പാകിസ്ഥാനിലുള്ളിലും വിദേശത്തുള്ളതുമായ ഭീകരസംഘടനകള്‍ക്കായുള്ള ആയുധ-ശാരീരിക പരിശീലന സൗകര്യവും മറ്റും ഇവിടെ നടത്തിയിരുന്നു.
advertisement
ഇവിടെ പ്രതിവര്‍ഷം ഏകദേശം 1000 വിദ്യാര്‍ഥികളാണ് വിവിധ കോഴ്‌സുകളില്‍ ചേരാനായി എത്തുന്നത്. മര്‍ക്കസ് തൊയ്ബ സമുച്ചയത്തിനുള്ളില്‍ പള്ളിയും ഗസ്റ്റ് ഹൗസും നിര്‍മിക്കുന്നതിന് ഒസാമ ബിന്‍ ലാദന്‍ ഒരു കോടി രൂപ നല്‍കിയിരുന്നു.
പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരം അജ്മല്‍ കസബ് ഉള്‍പ്പെടെ മുംബൈ ഭീകരാക്രണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രഹസ്യാന്വേഷണ പരിശീലനം ഇവിടെ നിന്നാണ് നല്‍കിയത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹാവൂര്‍ ഹുസൈന്‍ റാണയും സാക്കി ഉര്‍ റഹ്‌മാന്‍ ലഖ് വിയുടെ നിര്‍ദേശപ്രകാരം മുരിദ്‌കെ സന്ദര്‍ശിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 15, 2025 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എടുക്കുന്നതായി റിപ്പോർട്ട്