53ഓളം വിദേശ രാജ്യങ്ങളിൽ ചൈന സ്വന്തം നിലയിൽ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചതായി റിപ്പോർട്ട്. ആതിഥേയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. ബീജിങ് ആസ്ഥാനമാക്കിയാണ് ഈ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിച്ച് പ്രവാസികളായ ചൈനീസ് പൗരന്മാരെ നിരീക്ഷിക്കാനും രാജ്യാന്തര തലത്തിൽ വ്യാപകമായി ചൈനയുടെ സാന്നിധ്യം അറിയിക്കാനുമാണ് ഈ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബറിൽ സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സേഫ് ഗാർഡ് ഡിഫൻഡേഴ്സ് ആണ് ചൈനയ്ക്ക് ആഗോള തലത്തിൽ പല വിദേശ രാജ്യങ്ങളിലായി 54 രഹസ്യ പോലീസ് സ്റ്റേഷനുകൾ ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ചൈന വിദേശത്ത് നടത്തുന്ന 48 അധിക പോലീസ് സ്റ്റേഷനുകളുടെ കൂടി തെളിവുകൾ കണ്ടെത്തിയതായും ഇവർ അവകാശപ്പെടുന്നു. ഈ വിവരം പുറത്താകും മുമ്പേ തന്നെ ചൈന, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് സംയുക്ത പോലീസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
പാരീസ് നഗരപ്രാന്തത്തിലെ ഒരു ചൈനീസ് പോലീസ് സ്റ്റേഷനിൽ രഹസ്യമായി പ്രവർത്തിക്കുന്ന പൊലീസുകാർ ഒരു ചൈനീസ് പൗരനെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിച്ചതായും സംഘടന വെളിപ്പെടുത്തി. ഇതിന് പുറമെ രണ്ട് ചൈനീസ് പ്രവാസികളെ കൂടി യൂറോപ്പിൽ നിന്ന് നിർബന്ധിതമായി തിരിച്ചയച്ചെന്നും ഇവർ വെളിപ്പെടുത്തി. സെർബിയ, സ്പെയിൻ എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ചിരുന്ന വ്യക്തികളെയാണ് ചൈനയിലേക്ക് നാടുകടത്തിയത്.
ആരാണ് പോലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത്?
ആഗോളതലത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകൾ പരസ്യപ്പെടുത്തുന്ന സേഫ്ഗാർഡ് ഡിഫൻഡേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയത്തിന് കീഴിൽ ലോകത്തിന്റെ എല്ലായിടത്തും ചൈനയുടെ ചാര പോലീസിന്റെ പ്രവർത്തനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള പ്രവാസികളെ അവരുടെ വിദേശ ആവശ്യങ്ങൾക്ക് സഹായിക്കുന്നതിന് എന്ന വ്യാജേന ചുരുങ്ങിയത് 53 രാജ്യങ്ങളിലായി നൂറോളം പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
വാർത്ത നിഷേധിച്ച് ചൈനീസ് സർക്കാർ
അതേസമയം വിദേശ രാജ്യങ്ങളിൽ ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിൽ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ആഗോളതലത്തിൽ ചിലർ ചൈനയ്ക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ലോകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്നും ചൈന തിരിച്ചടിച്ചു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള ജോലികളിൽ ചൈനീസ് പ്രവാസികളെ സഹായിക്കാൻ സജ്ജീകരിച്ച ഈ സൗകര്യങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഹബ്ബുകളാണെന്ന് ചൈന അവകാശപ്പെട്ടു. കോവിഡ് മഹാമാരിക്കാലത്ത് ഡോക്യുമെന്റേഷൻ പുതുക്കാൻ കഴിയാതെ നിരവധി പൗരന്മാരെ മറ്റു രാജ്യങ്ങളിൽ ജയിലിലാകുന്ന സാഹചര്യം ഒഴിവാക്കാനായാണ് ഇത്തരം ഓഫീസുകൾ ആരംഭിച്ചതെന്നും ചൈന പറഞ്ഞു.
വിദേശ സ്റ്റേഷനുകളിൽ സന്നദ്ധ പ്രവർത്തകരാണ് ജോലി ചെയ്യുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എൻജിഒയുടെ പുതിയ റിപ്പോർട്ട് പ്രകാരം ആഗോള പോലീസ് ശൃംഖല അതിന്റെ ആദ്യത്തെ 21 സ്റ്റേഷനുകളിൽ 135 പേരെ നിയമിച്ചതായി ചൈനീസ് അധികൃതർ നേരത്തെ സമ്മതിച്ചിരുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിന് വിപരീതമായ പ്രസ്താവനകളാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയത്. മൂന്ന് വർഷത്തെ കരാറിൽ നിയമിതനായ ഒരു പോലീസുകാരന്റെ കരാർ വിവരങ്ങളും നേരത്തെ സിഎൻഎൻ പുറത്തുവിട്ടിരുന്നു.
ചൈനീസ് പോലീസ് സ്റ്റേഷൻ സംബന്ധിച്ച വെളിപ്പെടുത്തലുകൾ ചില രാജ്യങ്ങളിൽ ശക്തമായ രോഷത്തിന് കാരണമായിട്ടുണ്ട്. അയർലൻഡ് രാജ്യത്ത് കണ്ടെത്തിയ ചൈനീസ് പോലീസ് സ്റ്റേഷൻ അടച്ചുപൂട്ടിയിരുന്നു. സമാനമായ നടപടികൾ നെതർലാൻഡും സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.