സല്‍മാന്‍ റഷ്ദിയെ ആക്രമിച്ചയാളെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് എതിരായ ആക്രമണത്തെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാൻ ദിനപത്രം ന്യൂയോർക്കിൽ വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. 'ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം' എന്നും ലേഖനത്തില്‍ പറയുന്നു.
മറ്റൊരു ഇറാനിയന്‍ ദിനപത്രമായ വാതന്‍ എമറൂസില്‍ 'സൽമാൻ റഷ്ദിയുടെ കഴുത്തിൽ കത്തി' എന്നാണ് ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. 'നരകത്തിലേക്കുള്ള വഴിയിൽ സാത്താൻ' എന്ന തലക്കെട്ടോടെയാണ് ഖൊറാസാൻ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അമേരിക്കയിൽ പൊതുപരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിനിരയായ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ (Salman Rushdie) നില ഗുരുതരമായി തുടരുകയാണ് അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്. സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ആളുകള്‍ റഷ്ദിയെ സഹായിക്കാനായി പാഞ്ഞടുക്കുന്നത് കാണാം. പ്രതിയെ അറസ്റ്റുചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2022 10:42 PM IST