വാഷിംഗ്ടൺ: ഒരാളല്ല, ഇന്ത്യൻ വേരുകളുള്ള രണ്ടു പേരാണ് നവംബർ മൂന്നിന് നടക്കുന്ന യു എസ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസും പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ സ്ഥാനാർത്ഥിയായി സുനിൽ ഫ്രീമാനും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും സോഷ്യലിസ്റ്റ് എന്ന നിലയിൽ കമല ഹാരിസിനെ ആക്ഷേപിക്കുന്നത് കൊണ്ടു തന്നെ അവർ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ശക്തമായ റാഡിക്കൽ സോഷ്യലിസ്റ്റ് അജൻഡയുള്ള സ്ഥാനാർത്ഥിയാണ് ഫ്രീമാൻ.
സുനിൽ ഫ്രീമാന്റെ അമ്മ ഫ്ലോറ നവിത ഇന്ത്യയിൽ നിന്നുള്ളയാളാണ്. ഇന്ത്യാ വിഭജനത്തിനു ശേഷം വാരണാസിയിലെ അഭയാർത്ഥി ക്യാംപിൽ ഫ്ലോറ അധ്യാപികയായി പ്രവർത്തിക്കുന്നതിനിടയിൽ ആണ് ചാൾസ് ഫ്രീമാനെ കണ്ടുമുട്ടുന്നത്. അമേരിക്കൻ സമാധാന സംഘത്തിലെ അംഗമായി ഇന്ത്യ സന്ദർശിക്കാൻ എത്തിയത് ആയിരുന്നു ചാൾസ് ഫ്രീമാൻ.
You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]
അതേസമയം, തന്റെ അമ്മ എല്ലായ്പ്പോഴും സാരി ആയിരുന്നു ഉടുത്തിരുന്നതെന്ന് IANS ന് അനുവദിച്ച അഭിമുഖത്തിൽ സുനിൽ ഫ്രീമാൻ വെളിപ്പെടുത്തി. പതിറ്റാണ്ടുകളായി യു എസിൽ താമസിക്കുകയാണെങ്കിലും ഇന്ത്യൻ പൗരത്വം അമ്മ നിലനിർത്തിയെന്നും സുനിൽ വെളിപ്പെടുത്തി. ന്യൂഡൽഹിയിലും ലഖ്നൗവിലുമായി വളർന്ന അവർ ലഖ്നൗവിലെ ഇസബെൽ തോബൺ കോളേജിൽ നിന്നാണ് ബിരുദം സ്വന്തമാക്കിയത്.
വാഷിംഗ്ടൺ മേഖലയിലാണ് സുനിൽ ഫ്രീമാൻ വളർന്നുവന്നത്. പത്താം വയസിൽ ഇന്ത്യ സന്ദർശിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ അനുഭവമായാണ് സുനിൽ വിശേഷിപ്പിക്കുന്നത്. പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷനെ കമ്മ്യൂണിസ്റ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പക്ഷേ, സർക്കാരിനെ അക്രമാസക്തമായി അട്ടിമറിക്കുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ല.
'ഞങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയാണ്. സോഷ്യലിസത്തെ കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള ചുവടുവെപ്പായി ഞങ്ങൾ കാണുന്നു. പക്ഷേ ഇത് വളരെ നീണ്ട ഒരു പ്രക്രിയയാണ്' - സുനിൽ ഫ്രീമാൻ പറഞ്ഞു.
'ഞങ്ങൾ സോഷ്യലിസത്തിനു വേണ്ടിയാണ് നോക്കുന്നത്. തൊഴിലാളികൾ ഉൽപാദന മാർഗ്ഗങ്ങൾ നിയന്ത്രിക്കുകയും മികച്ച സമൂഹത്തിനായി അത് ഉപയോഗിക്കുകയും ചെയ്യുന്ന സോഷ്യലിസത്തിനു വേണ്ടി. ഞങ്ങൾ ഒരിക്കലും
അക്രമത്തിന് ആഹ്വാനം ചെയ്യുന്നില്ല. നിലവിലുള്ള നിയമവ്യവസ്ഥയിൽ നിന്നുകൊണ്ടു തന്നെ ഞങ്ങൾ പ്രവർത്തിക്കും' - സുനിൽ ഫ്രീമാൻ വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ പരിരക്ഷ ലഭിക്കാത്തത്, മുതലാളിത്തത്തിന് ഫലപ്രദമായ ഉത്തരങ്ങളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധി എന്നിവയാൽ അമേരിക്കയിൽ സോഷ്യലിസത്തിൽ താൽപര്യം വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം വാദിച്ചു. 'വിപ്ലവകരമായ മാർക്സിസ്റ്റ് പാർട്ടി' എന്നാണ് പിഎസ്‌എൽ തന്റെ വെബ്‌സൈറ്റിൽ സ്വയം വിശേഷിപ്പിക്കുന്നത്. 2008 മുതൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഗ്ലോറിയ ലാ റിവയാണ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി.
അഭയാർത്ഥി ക്യാമ്പുകളിലെ തന്റെ ജോലിയെക്കുറിച്ചും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ബ്രിട്ടീഷ് വിദ്യാർത്ഥികളിൽ നിന്നും സുന്ദരികളായ ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും വംശീയത നേരിട്ടതിനെക്കുറിച്ചും അമ്മ പറഞ്ഞതാണ് തന്റെ ആക്ടിവിസത്തിന്റെ ആദ്യകാല പ്രചോദനങ്ങളിലൊന്നെന്ന് സുനിൽ ഫ്രീമാൻ പറഞ്ഞു. ബാല്യകാലത്ത് രണ്ടു വർഷം ഇന്ത്യയിൽ സുനിൽ ഫ്രീമാൻ ചെലവഴിച്ചിരുന്നു. അറുപത്തിയഞ്ച് വയസുള്ള സുനിൽ ഫ്രീമാൻ വാഷിംഗ്ടൺ നഗരപ്രാന്തത്തിലെ റൈറ്റേഴ്സ് സർക്കിൾ എന്ന സംഘടനയിൽ ജോലി ചെയ്താണ് വിരമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Donald trump, Kamala Harris, US Election, US Elections 2020, US president Election news