ഇറാൻ യുദ്ധം നീളുമോ? പണം ആവശ്യത്തിനുണ്ടെന്നും നികുതി വർദ്ധിപ്പിക്കില്ലെന്നും യു.എസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സൈന്യത്തിന് ആവശ്യമായ വിഭവങ്ങൾ ഭാവിയിലും ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇറാനെതിരായ യുദ്ധം തുടരുന്നതിന് ആവശ്യമായ ഫണ്ട് നിലവിൽ പക്കലുണ്ടെന്ന് അമേരിക്ക. എന്നാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സൈനിക സജ്ജീകരണം ഉറപ്പാക്കാൻ കോൺഗ്രസിൽ നിന്ന് അധിക ഫണ്ട് തേടുകയാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. സാമ്പത്തിക സഹായത്തിനുള്ള അഭ്യർത്ഥന ഭാവിയിലെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനായുള്ളതാണെന്നും അല്ലാതെ നിലവിൽ ഫണ്ടിന് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ലെന്നും എൻബിസിയുടെ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിന് ആവശ്യമായ പണം തങ്ങളുടെ പക്കലുണ്ടെന്നും സൈന്യത്തിന് ആവശ്യമായ വിഭവങ്ങൾ ഭാവിയിലും ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ബെസെന്റ് കൂട്ടിച്ചേർത്തു
ഏകദേശം 200 ബില്യൺ ഡോളറിന്റേതാകും പുതിയ ധനസഹായ അഭ്യർത്ഥന എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് കോൺഗ്രസിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പ്രതിരോധ മേഖലയ്ക്കായി വൻതുക അനുവദിച്ച സാഹചര്യം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും ഈ നീക്കത്തെ ചോദ്യം ചെയ്യുന്നുണ്ട്. ട്രംപ് ഭരണകൂടം ഔദ്യോഗികമായി ഈ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ അന്തിമ തുകയിൽ മാറ്റം വന്നേക്കാം. മുൻപ് ചെയ്ത കാര്യങ്ങൾക്കും ഭാവിയിൽ ചെയ്യേണ്ടി വന്നേക്കാവുന്ന പ്രവർത്തനങ്ങൾക്കും കൃത്യമായ ഫണ്ട് അത്യാവശ്യമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഈ നീക്കത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
advertisement
യുദ്ധത്തിനായി നികുതി വർദ്ധിപ്പിക്കുമെന്ന വാർത്തകൾ ബെസെന്റ് തള്ളിക്കളഞ്ഞു. അത്തരം നിർദ്ദേശങ്ങൾ പരിഹാസ്യമാണെന്നും അത് പരിഗണനയിലേ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങൾക്ക് ശേഷം അമേരിക്ക നടത്തിയ ഏറ്റവും ചിലവേറിയ സൈനിക ഇടപെടലുകളിൽ ഒന്നായി ഇത് മാറുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം 11 ബില്യൺ ഡോളറിലധികം ചിലവായതായി ഭരണകൂടം അറിയിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തെ പ്രതിരോധ ബജറ്റായി 840 ബില്യൺ ഡോളർ കോൺഗ്രസ് നേരത്തെ അനുവദിച്ചതിന് പുറമെയാണിത്.
advertisement
വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി ഇറാന്റെയും റഷ്യയുടെയും എണ്ണ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്തിയ നടപടിയെയും ബെസെന്റ് ന്യായീകരിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ എണ്ണ വാങ്ങാൻ അനുവദിക്കുന്നത് ആഗോള വിപണിയിൽ സ്ഥിരത നിലനിർത്താനും വില ബാരലിന് 150 ഡോളറിലേക്ക് ഉയരുന്നത് തടയാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 23, 2026 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ യുദ്ധം നീളുമോ? പണം ആവശ്യത്തിനുണ്ടെന്നും നികുതി വർദ്ധിപ്പിക്കില്ലെന്നും യു.എസ്








