ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി ട്രംപ്
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള ആഗോള തീരുവകളുടെ നിയമസാധുതയെ കുറിച്ച് യുഎസ് സുപ്രീം കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഇറാനുമായി (Iran) വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ (Donald Trump) തീരുവ യുദ്ധം. ചൊവ്വാഴ്ച ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ അമേരിക്കയുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
ഉത്തരവ് അന്തിമവും നിര്‍ണായകവുമാണ് എന്നും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിനെ കുറിച്ചോ ഇളവുകള്‍ സംബന്ധിച്ചോ കൂടുതല്‍ വിശദീകരണങ്ങളും ട്രംപ് നല്‍കിയിട്ടില്ല.
"ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ വ്യാപാര ഇടപാടുകള്‍ക്കും 25 ശതമാനം തീരുവ നല്‍കേണ്ടി വരും. ഈ ഉത്തരവ് അന്തിമവും നിര്‍ണായകവുമാണ്. ഈ വിഷയത്തില്‍ ശ്രദ്ധചെലുത്തിയതിന് നന്ദി," ട്രംപ് ട്രൂത്ത്‌സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വെല്ലുവിളിയാകും
അതേസമയം, ഇറാനെ ലക്ഷ്യം വെച്ചുള്ള ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഒരു വ്യാപാര കരാറിലൂടെ യുഎസില്‍ നിന്ന് തീരുവ ഇളവ് നേടാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
advertisement
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ ഇതിനോടകം തന്നെ 50 ശതമാനം തീരുവ യുഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യംവെച്ചുള്ള ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനവും വന്നിരിക്കുന്നത്. ഇത് ഇന്ത്യ അടക്കമുള്ള ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഇറാനുമായി ബന്ധപ്പെട്ട തീരുവകളുടെ അധിക സമ്മര്‍ദ്ദം യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെ കൂടുതല്‍ ബാധിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.
ചൈന, യുഎഇ, തുര്‍ക്കി എന്നിവയെ പോലെ തന്നെ ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2022-23 സാമ്പത്തിക വര്‍ഷം ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി വ്യാപാരം 2.33 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം സമീപ വര്‍ഷങ്ങളില്‍ വ്യാപാരം കുറഞ്ഞു.
advertisement
2025-ലെ ആദ്യത്തെ നാല് മാസത്തിനുള്ളില്‍ 652 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ഇറാനും തമ്മില്‍ നടന്നത്. തൊട്ടുമുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപാരത്തില്‍ ആറ് ശതമാനം കുറവുണ്ടായി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനാല്‍ 2023-ല്‍ 1.8 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. അതേസമയം ഇറക്കുമതി 0.44 ബില്യണ്‍ ഡോളറായിരുന്നു. മൊത്തം വ്യാപാരം ഏകദേശം 1.68 ബില്യണ്‍ ഡോളറിലെത്തി.
advertisement
ഇറാനിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി അരി, തേയില, പഞ്ചസാര, ഫാര്‍മസ്യൂട്ടിക്കല്‍സ്, ജൈവ രാസവസ്തുക്കള്‍ എന്നിവയാണ്. 2025ന്റെ തുടക്കത്തില്‍ അരി മാത്രം 465 മില്യണ്‍ ഡോളറായിരുന്നു കയറ്റുമതി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയില്‍ ഏറ്റവും ഉയര്‍ന്ന പങ്കുവഹിച്ചത് ജൈവ രാസവസ്തുക്കളാണ്, 512.92 മില്യണ്‍ ഡോളര്‍.
ഇന്ത്യ ഇറാനില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്കുകള്‍, പഴങ്ങള്‍, പരിപ്പ് എന്നിവ ഇറക്കുമതി ചെയ്യുന്നു. 2025ന്റെ തുടക്കത്തില്‍ പിസ്തയും മറ്റ് ഭക്ഷ്യയോഗ്യമായ പഴങ്ങളും നട്‌സും അക്കം 311.60 മില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി. ധാതു ഇന്ധനങ്ങളും എണ്ണയുമടക്കം 86.48 മില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി.
advertisement
ഇറാന്റെ മതാധിഷ്ടിത ഭരണകൂടത്തിനെതിരെയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെയും രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടയിലാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനം വന്നിരിക്കുന്നത്. വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ആരംഭിച്ച പ്രതിഷേധം നിലവില്‍ അക്രമാസക്തമായി തുടരുകയാണ്. നിലവിലെ ഭരണത്തില്‍ നിന്നും മോചനം തേടിയുള്ള മുദ്രാവാക്യങ്ങളാണ് നിലവില്‍ പ്രതിഷേധക്കാര്‍ മുഴക്കുന്നത്.
യുഎസ് തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ഇറാനിലെ രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയതായും ട്രംപ് അറിയിച്ചു. ഖമേനി സര്‍ക്കാര്‍ റെഡ് ലൈന്‍ കടക്കുകയാണെന്ന് തോന്നിയാല്‍ സൈനിക നടപടി ആരംഭിക്കുമെന്നും ട്രംപ് സൂചന നല്‍കി. ഇറാനിലെ സാഹചര്യം ഗൗരവത്തോടെയാണ് അമേരിക്ക പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഖമേനി ഭരണത്തില്‍ നിന്നും ഇറാന്‍ ജനതയെ സ്വാതന്ത്ര്യം നേടാന്‍ സഹായിക്കാന്‍ യുഎസ് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഒരു പക്ഷേ, മുമ്പൊരിക്കലും ഇല്ലാത്ത വിധം ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് എത്തിനില്‍ക്കുകയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പരാമര്‍ശങ്ങളില്‍ ഖമേനി യുഎസിന് മുന്നറിയിപ്പ് നല്‍കി. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും രാജ്യദ്രോഹികളായ ശിങ്കിടികളെ ആശ്രയിക്കുന്നത് നിര്‍ത്താനും ഖമേനി ആവശ്യപ്പെട്ടു. ഇറാനെതിരായ വ്യോമാക്രമണങ്ങളെ ട്രംപ് വിലയിരുത്തുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഖമേനിയുടെ ആഹ്വാനം.
എന്നാല്‍, ട്രംപിന്റെ തീരുവ നിലനില്‍ക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള ആഗോള തീരുവകളുടെ നിയമസാധുതയെ കുറിച്ച് യുഎസ് സുപ്രീം കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിനെതിരെ വിധി വരികയാണെങ്കില്‍ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ അത് ബാധിച്ചേക്കും. ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 13, 2026 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി ട്രംപ്







