ഹിന്ദുവായ ഭാര്യ ക്രിസ്ത്യാനിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
റിപ്പബ്ലിക്കന്‍ നേതാവായ വാന്‍സ് 2019-ലാണ് കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്തത്
ഹിന്ദു മതവിശ്വാസത്തില്‍ വളര്‍ന്ന തന്റെ ഭാര്യ ഒരു ദിവസം മതപരിവര്‍ത്തനത്തിന് തയ്യാറാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ബുധനാഴ്ച മിസിസിപ്പിയില്‍ നടന്ന ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഭാര്യയുടെ മതം മാറ്റത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
ഹിന്ദുവായി വളര്‍ന്ന ഉഷ വാന്‍സ് ഒരു ദിവസം കത്തോലിക്കാ സഭയില്‍ ആകൃഷ്ടയാകുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായതായി അദ്ദേഹം പറഞ്ഞു. ഉഷ അവസാനം ക്രിസ്തുമതം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
"ഇപ്പോള്‍ മിക്ക ഞായറാഴ്ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില്‍ വരും. ഞാന്‍ അവളോട് പറഞ്ഞതുപോലെ, ഞാന്‍ പരസ്യമായി പറഞ്ഞതുപോലെ ഇപ്പോഴിതാ എന്റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നിലും ഞാന്‍ പറയും, ഒടുവില്‍ പള്ളിയില്‍ എനിക്ക് അനുഭവപ്പെടുന്ന അതേ വികാരം അവള്‍ക്കും ക്രമേണ തോന്നാന്‍ തുടങ്ങും. ഞാന്‍ മാറിയതു പോലെ അവളും മാറും. സത്യസന്ധമായി പറഞ്ഞാല്‍ ആ മാറ്റം ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാൻ ക്രിസ്ത്യന്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. അടുവില്‍ എന്റെ ഭാര്യയും അതിലേക്ക് മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", വാന്‍സ് പറഞ്ഞു.
advertisement
അതേസമയം, ഭാര്യയുടെ വിശ്വാസം തനിക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം പറയുന്നത് എല്ലാവര്‍ക്കും സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടെന്നാണ്. അതുകൊണ്ട് ഭാര്യ മതം മാറിയില്ലെങ്കിലും അവരുടെ വിശ്വാസം തനിക്ക് പ്രശ്‌നമില്ലെന്ന് വാന്‍സ് വ്യക്തമാക്കി. സുഹൃത്തുക്കളുമായും കുടുംബവുമായും സ്‌നേഹിക്കുന്ന വ്യക്തികളുമായും ബന്ധപ്പെട്ട കാര്യമാണിതെന്നും വാന്‍സ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ നേതാവായ വാന്‍സ് 2019-ലാണ് കത്തോലിക്കാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഉഷയെ കണ്ടുമുട്ടിയ സമയത്ത് അദ്ദേഹം ഒരു നിരീശ്വരവാദിയും ഒരു മതത്തിലും വിശ്വസിക്കാത്തയാളുമായിരുന്നു. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ ക്രിസ്തുമതത്തിലാണ് വളരുന്നതെന്നും അവര്‍ ക്രിസ്ത്യന്‍ സ്‌കൂളിലാണ് പഠിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
advertisement
തന്റെ പരാമര്‍ശങ്ങളുടെ പ്രധാന ഭാഗമായി വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരാളാണ് വാന്‍സ്. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ രാജ്യത്തിന്റെ പ്രധാന അടിത്തറയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഈ വിശ്വാസത്തിൽ ക്ഷമ ചോദിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ അജണ്ട രാജ്യത്തെ സംബന്ധിച്ച് ഒരു നല്ല കാര്യമാണെന്നാണ് വാന്‍സിന്റെ അഭിപ്രായം.
എച്ച്-1ബി വിസ സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ജെഡി വാന്‍സിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. എച്ച്-1ബി വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ യുഎസില്‍ ഇന്ത്യാ വിരുദ്ധ വംശീയതയും വിദ്വേഷ പ്രസംഗങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യക്കാരെ നാടുകടത്തണമെന്ന ആഹ്വാനങ്ങളുമുണ്ട്.
advertisement
നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുവുമായ തുളസി ഗബ്ബാര്‍ഡ് ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എക്‌സില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ നിരവധി ഇന്ത്യാ വിരുദ്ധ പ്രതികരണങ്ങളാണ് വന്നത്. ദീപാവലി അമേരിക്കയ്ക്ക് പുറത്താണ്, ഇന്ത്യയിലേക്ക് മാറുക, രാജ്യം വിട്ടുപോകുക തുടങ്ങിയ ആഹ്വാനങ്ങളും ഗബ്ബാർഡിന്റെ പോസ്റ്റിന് താഴെ വന്നു.
എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ ദീപാവലി പോസ്റ്റിന് നേരെയും സമാനമായ ആക്രമണമാണ് ഉണ്ടായത്. ക്രിസ്തു മതത്തിലും യേശുവിലും വിശ്വസിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികരണങ്ങളാണ് അദ്ദേഹം നേരിട്ടത്.
advertisement
ഇതിനുപിന്നാലെയാണ് ഭാര്യയുടെ ഹിന്ദു മത വിശ്വാസത്തെ കുറിച്ചും അതിനോടുള്ള സമീപനത്തെ കുറിച്ചും ജെഡി വാന്‍സിന്റെ പ്രതികരണവും വന്നിരിക്കുന്നത്. വിശ്വാസം, കുടുംബം എന്നിവ സന്തുലിതമാക്കുന്നതിനുള്ള ദമ്പതികളുടെ സമീപനത്തെക്കുറിച്ചുള്ള വാന്‍സിന്റെ ഉത്തരങ്ങള്‍ യാഥാസ്ഥിതിക പ്രേക്ഷകരില്‍ നിന്നും കൈയ്യടി നേടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 31, 2025 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിന്ദുവായ ഭാര്യ ക്രിസ്ത്യാനിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി  യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്



