9 മാസത്തിനു ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും സംഘത്തെയും കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാം ?
- Published by:ASHLI
- news18-malayalam
Last Updated:
സാധാരണയായി പരമാവധി ആറ് മാസം വരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ യാത്രികര്‍ കഴിയുന്നത്
ഒമ്പത് മാസത്തെ നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ഫ്രീഡം എന്ന ബഹിരാകാശ പേടകത്തില്‍ നിന്ന് ഫ്‌ളോറിഡ തീരത്താണ് സുനിതയും സംഘവും എത്തിയത്. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ടായിരുന്നു.
നാസ ആദ്യം എന്ത് ചെയ്യും?
സുനിതയേയും ബുച്ച് വില്‍മോറിനേയും ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാവുന്നതാണ്.
മാസങ്ങള്‍ നീണ്ട ബഹിരാകാശ ജീവിതം മനുഷ്യശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളുണ്ടാക്കും. പേശീകളുടെ ആരോഗ്യം ക്ഷയിക്കാനും കാഴ്ച വൈകല്യം വരെയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ഭൂമിയില്‍ എത്തിയതിന് പിന്നാലെ 45 ദിവസത്തെ പുനരധിവാസ പരിപാടിയ്ക്കായി ഇവരെ മാറ്റിയിരിക്കുകയാണ്.
അതേസമയം ഈ മാസമാദ്യം താന്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് സുനിത പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെയും തന്റെ രണ്ട് നായ്ക്കുട്ടികളെയും കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സുനിത പറഞ്ഞിരുന്നു.
advertisement
എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും?
സാധാരണയായി പരമാവധി ആറ് മാസം വരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ യാത്രികര്‍ കഴിയുന്നത്. ഈ കാലയളവിനെയാണ് സുനിതയും ബുച്ച് വില്‍മോറും മറികടന്നിരിക്കുന്നത്. 2023ല്‍ ഫ്രാങ്ക് റൂബിയോ എന്ന ബഹിരാകാശ യാത്രികന്‍ 371 ദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡ് റഷ്യന്‍ ബഹിരാകാശ യാത്രികന്‍ വലേരി പോളിയാക്കോവിന്റെ പേരിലാണ്. അദ്ദേഹം മിര്‍ സ്റ്റേഷനില്‍ തുടര്‍ച്ചയായി 437 ദിവസമാണ് ചെലവഴിച്ചത്.
അതേസമയം തിരിച്ചെത്തിയ ബഹിരാകാശ യാത്രികര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരികയെന്ന് വിദഗ്ധര്‍ പറയുന്നു. പേശികളും അസ്ഥികളും ദുര്‍ബലമാകുക, ശരീരദ്രവങ്ങളുടെ ഒഴുക്കിലെ വ്യതിയാനം എന്നിവയും ഇവര്‍ക്ക് അനുഭവപ്പെടും. കൂടാതെ റേഡിയേഷന്‍ കാരണം കാഴ്ച വൈകല്യമോ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകാനും സാധ്യതയുണ്ട്.
advertisement
'' സുനിത വില്യംസിനെപ്പോലുള്ളവര്‍ വ്യായാമത്തില്‍ താല്‍പ്പര്യമുള്ളവരാണ്. അതിനാല്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ അവര്‍ വ്യായാമം ചെയ്യുമെന്ന് വിശ്വസിക്കുന്നു,'' എന്ന് ബെയ്‌ലര്‍ കോളേജിലെ സെന്റര്‍ ഫോര്‍ സ്‌പേസ് മെഡിസിനിലെ ഉദ്യോഗസ്ഥയായ റിഹാന ബൊഖാരി പറഞ്ഞു.
'' ജോലിയ്ക്ക് പോയ ഓഫീസില്‍ അടുത്ത 9 മാസത്തേക്ക് കുടുങ്ങിക്കിടക്കേണ്ട അവസ്ഥ വന്നാല്‍ നിങ്ങള്‍ക്ക് പരിഭ്രാന്തി ഉണ്ടാകില്ല? എന്നാല്‍ ഈ മനുഷ്യര്‍ അസാധാരണമായ കരുത്താണ് കാണിച്ചത്,'' എംബ്രി റിഡില്‍ എയറനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റായ ജോസഫ് കീബ്ലര്‍ പറഞ്ഞു.
advertisement
പരമാവധി എത്രസമയമാണ് ബഹിരാകാശ യാത്രികര്‍ ബഹിരാകാശത്ത് കഴിയേണ്ടത് ?
ഐഎസ്എസ് ദൗത്യങ്ങള്‍ സാധാരണയായി ആറ് മാസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചില ബഹിരാകാശ യാത്രികര്‍ ഒരു വര്‍ഷം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങാറുണ്ട്. സുനിതയും വില്‍മോറും ഏകദേശം 286 ദിവസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 608 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചയാളാണ് സുനിത. പെഗ്ഗി വിറ്റ്‌സണാണ് സുനിതയ്ക്ക് തൊട്ടുമുന്നിലുള്ളത്. 675 ദിവസമാണ് പെഗ്ഗി ബഹിരാകാശത്ത് ചെലവഴിച്ചത്. എന്നാല്‍ ബഹിരാകാശത്ത് 878 ദിവസം ചെലവഴിച്ച് റഷ്യന്‍ ബഹിരാകാശ യാത്രികനായ ഒലെഗ് കൊണോനെങ്കോ ലോക റെക്കോര്‍ഡിട്ടിരുന്നു.
advertisement
ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ച് വില്‍മോറും 2024 ജൂണില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ പേടകത്തിനുണ്ടായ തകരാര്‍ മൂലം ഇവരുടെ മടക്കയാത്ര വൈകുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 19, 2025 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
9 മാസത്തിനു ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും സംഘത്തെയും കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാം ?