പിയറി പൊയിലിവ്രെ: ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനാകുമോ?ട്രംപില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കണ്‍സര്‍വേറ്റീവ് നേതാവ്
- Published by:Sarika N
- news18-malayalam
Last Updated:
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് പിയറിയുടെ രാഷ്ട്രീയ മുന്നേറ്റം
കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ രാജിയ്‌ക്കൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ഈയവസരം കാര്യമായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ട്രൂഡോ എത്രമാത്രം തളരുന്നുവോ അത്രമാത്രം മുന്നോട്ട് കുതിക്കാനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമിക്കുന്നത്. കാനഡയിലെ ഈ ചേരിപ്പോരില്‍ ചര്‍ച്ചയാകുന്ന പേരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതാവായ പിയറി പൊയിലിവ്രെയുടേത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് പിയറിയുടെ രാഷ്ട്രീയ മുന്നേറ്റം.
പിയറി പൊയിലിവ്രെ
കാനഡയിലെ കാലിഗറിയിലാണ് പിയറി പൊയിലിവ്രെ ജനിച്ചുവളര്‍ന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പിയറിയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം എഴുതിയ ഒരു ഉപന്യാസത്തിന് സമ്മാനം ലഭിക്കുകയും ചെയ്തു. കാനഡയുടെ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു പിയറി ആ ഉപന്യാസത്തില്‍ എഴുതിയിരുന്നത്.
കാനഡയ്ക്ക് ആയിരിക്കും താന്‍ എപ്പോഴും പ്രാധാന്യം കൊടുക്കുകയെന്ന് പിയറി ആവര്‍ത്തിച്ചുപറയുന്നു. ട്രംപിന്റെ 'ആദ്യം അമേരിക്ക' എന്ന മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന വാക്കുകളാണ് പിയറിയും ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ട്രൂഡോയെ പരാജയപ്പെടുത്താന്‍ കഴിവുള്ള നേതാവാണ് പിയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡയുടെ സാമ്പത്തിക-രാഷ്ട്രീയ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ജസ്റ്റിന്‍ ട്രൂഡോയെ 'ദുര്‍ബലന്‍' എന്നും 'മാനസികരോഗി'യെന്നുമാണ് പിയറി വിശേഷിപ്പിച്ചത്. കൂടാതെ മോണ്‍ട്രിയല്‍ മേയറായ വലേറി പ്ലാന്റയെ 'കഴിവില്ലാത്തവളെന്നും' ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജഗ്മീത് സിംഗിനെ 'സ്വന്തം നേട്ടത്തിനായി തത്വങ്ങളെ വഞ്ചിച്ചവന്‍' എന്നുമാണ് പിയറി വിശേഷിപ്പിക്കുന്നത്.
ട്രംപിനെ പോലെ ഹ്രസ്വശൈലികള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കാനും പിയറി ശ്രമിക്കുന്നു. ഉദാഹരണത്തിന് രാജ്യത്തിന്റെ പണപ്പെരുപ്പത്തിന് കാരണം ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണമാണെന്ന് വിമര്‍ശിച്ച പിയറി 'Justinflation' എന്ന വാക്കാണ് അതിനായി ഉപയോഗിച്ചത്. കൂടാതെ ട്രംപിനെ പോലെ മാധ്യമങ്ങളുടെയും ഉന്നതവര്‍ഗത്തിന്റെയും മോശം പെരുമാറ്റത്തിന്റെ ഇരയാണ് താനെന്ന് ചിത്രീകരിക്കാനും പിയറി ശ്രമിക്കുന്നുണ്ട്. ട്രംപിനെ പോലെ പിയറിയ്ക്കും സ്ത്രീകള്‍ക്കിടയില്‍ ജനപ്രീതി കുറവാണ്.
advertisement
എന്നാല്‍ 2022ല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റാലികളില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പിയറിയ്ക്ക് സാധിച്ചു. ഇദ്ദേഹത്തിന്റെ റാലികളില്‍ വന്‍ജനപങ്കാളിത്തമുണ്ടാകുകയും ചെയ്തു.
ധ്രൂവീകരിക്കുന്ന സന്ദേശങ്ങള്‍
ജനങ്ങളില്‍ ധ്രൂവീകരണമുണ്ടാക്കുന്ന സന്ദേശങ്ങളാണ് പിയറി പൊയിലിവ്രെ പങ്കുവെയ്ക്കുന്നതെന്ന് ഒട്ടാവ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്‌സ് പ്രൊഫസറായ ജെനിവീവ് ടെല്ലിയര്‍ എഎഫ്പിയോട് പറഞ്ഞു. ഒരു പിറ്റ് ബുള്ളിന്റെ (പ്രത്യേകയിനം നായ) സവിശേഷതകളടങ്ങിയ വ്യക്തിയാണ് പിയറി എന്നും അദ്ദേഹം പറഞ്ഞു. ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ പിയറി പോയിലിവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണെന്ന് നാനോസ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഒക്ടോബറിലാണ് കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
advertisement
പൊയിലിവ്രെയ്ക്കും ട്രംപിനും ഇടയില്‍ ധാരാളം സമാനതകളുണ്ടെന്നും ഈ സമാനതകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പൊളിറ്റിക്‌സ് പ്രൊഫസറായ ഫെലിക്‌സ് മാത്യു പറഞ്ഞു.
'' ട്രംപിനെ പോലെ പിയറി പൊയിലിവ്രെ യുക്തിചിന്തയെ ആശ്രയിക്കുന്നില്ല. പകരം മുദ്രാവാക്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആശയങ്ങളുടെ പിന്തുണയെക്കാള്‍ ജനകീയ ആവേശം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്,'' പ്രൊഫസര്‍ ഫെലിക്‌സ് മാത്യു പറഞ്ഞു.
സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളുടെ ലിങ്കുകള്‍ പിയറി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുമുണ്ട്. കാനഡയിലെ വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന പിയറി അമേരിക്കയിലെ യാഥാസ്ഥിതികരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.
advertisement
2022ല്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള നടപടികളെയും വാക്‌സിന്‍ നിയമങ്ങളെയും എതിര്‍ത്ത് ഒട്ടാവയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ പണിമുടക്കിനെ പിന്തുണച്ചയാളുകൂടിയാണ് പിയറി പൊയിലിവ്രെ. എന്നാല്‍ ട്രംപില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ പിയറി ശ്രമിക്കുന്നുണ്ടെന്നും ട്രംപിനെക്കാള്‍ തീവ്രത കുറഞ്ഞ നേതാവാണെന്ന രീതിയില്‍ സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം ട്രംപുമായുള്ള സാദൃശ്യത്തെ പിയറി പൊയിലിവ്രെ തള്ളി. തലച്ചോറും നട്ടെല്ലുമുള്ള ഒരു നേതാവാകും താന്‍ എന്നാണ് അദ്ദേഹം പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 06, 2025 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പിയറി പൊയിലിവ്രെ: ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനാകുമോ?ട്രംപില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കണ്‍സര്‍വേറ്റീവ് നേതാവ്