4.22 കോടിരൂപയുടെ സ്വത്ത്; തട്ടിപ്പ് കോള്‍ എന്ന് സംശയിച്ച 60കാരിയെ തേടിയെത്തിയത്
- Published by:meera_57
- news18-malayalam
Last Updated:
ലോറീന്റെ അമ്മയുടെ അകന്ന ബന്ധുവായ റെയ്മണ്ട് ആണ് മരണപ്പെട്ടത്. ഇദ്ദേഹം വിവാഹം കഴിച്ചിട്ടില്ല
സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ ഇക്കാലത്ത് പല പേരിലും തട്ടിപ്പുകാര്‍ ആള്‍ക്കാരെ കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ലോട്ടറിയടിച്ചെന്നും മറ്റും പറഞ്ഞെത്തുന്ന തട്ടിപ്പുകാരുടെ കോളുകള്‍ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കുന്നവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായ വാര്‍ത്തകളും സ്ഥിരമായി കേള്‍ക്കാറുണ്ട്.
അത്തരത്തിലെത്തിയൊരു ഫോണ്‍ കോളാണ് കാനഡ സ്വദേശിയായ ലോറീന്‍ ഗെസലിനെയും കുറച്ച് ദിവസം ആശങ്കയിലാഴ്ത്തിയത്. യുകെയിലുള്ള തന്റെ അമ്മയുടെ സഹോദരന്റെ 4.22 കോടിയോളം (400,000 പൗണ്ട്) വിലമതിക്കുന്ന സ്വത്തിന്റെ ഏക അവകാശിയാണ് താനെന്ന രീതിയില്‍ ലോറീന് ഒരു ഫോണ്‍കോള്‍ ലഭിച്ചു. ഇതാണ് ലോറീനെ മുള്‍മുനയില്‍ നിര്‍ത്തിയത്.
യുകെ നമ്പറില്‍ നിന്ന് വിളിച്ച ഒരാളാണ് 60കാരിയായ ലോറീനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. യുകെയില്‍ താമസിക്കുന്ന ലോറീന്റെ അമ്മയുടെ കസിന്‍ 2021 സെപ്റ്റംബറില്‍ മരണപ്പെട്ടുവെന്ന് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പേരിലുള്ള 4.22 കോടി വിലയുള്ള വീടിന്റെ ഏക അവകാശിയാണ് ലോറീന്‍ എന്നും ഇയാള്‍ പറഞ്ഞു. ലോറീന്റെ അമ്മയുടെ അകന്ന ബന്ധുവായ റെയ്മണ്ട് ആണ് മരണപ്പെട്ടത്. ഇദ്ദേഹം വിവാഹം കഴിച്ചിട്ടില്ല.
advertisement
എയര്‍ലൈനില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്തിരുന്ന റെയ്മണ്ട് ട്വികെന്‍ഹാമില്‍ ഒരു വീട് വാങ്ങിയിരുന്നു. റെയ്മണ്ടിന്റെ മരണത്തോടെ വീട് അനാഥമായി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലോറീന്‍ ആണ് ഈ സ്വത്തുക്കളുടെ ഏക അവകാശിയെന്ന് കണ്ടെത്തിയത്. റെയ്മണ്ടിന്റെ കുടുംബ ചരിത്രം വിശദമായി പരിശോധിച്ച ശേഷമാണ് അധികാരികള്‍ ഈയൊരു നിഗമനത്തിലെത്തിയത്.
എന്നാല്‍ ഇതൊരു തട്ടിപ്പ് കോളായിരിക്കുമെന്നാണ് ലോറീന്‍ കരുതിയത്. സൈബര്‍ തട്ടിപ്പുകാരുടെ കെണിയായിരിക്കുമെന്ന് ലോറീന്റെ മകനും പറഞ്ഞു.
1951ലാണ് ലോറീന്റെ അമ്മ കാനഡയിലേക്ക് കുടിയേറിയത്. രണ്ട് വര്‍ഷത്തോളം പഠനത്തിനായി ലോറീന്‍ യുകെയില്‍ താമസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത അംഗീകരിക്കാന്‍ ലോറീന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ ലോറീന്റെ കുടുംബ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും യുകെയിലെ ഏജന്‍സി വ്യക്തമാക്കി. ലോറീന്റെ അമ്മയുടെ കസിനാണ് മരിച്ച റെയ്മണ്ട് എന്ന് ഏജന്‍സി പ്രതിനിധി പറഞ്ഞു. റെയ്മണ്ടിന്റെ അമ്മയുടെ സഹോദരനാണ് ലോറീന്റെ അമ്മയുടെ പിതാവ് എന്നും ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ റെയ്മണ്ടിന്റെ സ്വത്തിന്റെ നിലവിലെ അവകാശിയാണ് ലോറീന്‍ എന്നും അധികൃതര്‍ പറഞ്ഞു.
advertisement
ഈ വിവരം അറിയിച്ചവര്‍ പ്രതിഫലമായി പണമൊന്നും ആവശ്യപ്പെട്ടില്ലെന്നതും ലോറീന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഇവരെ വിശ്വസിക്കാന്‍ ലോറീന്‍ തയ്യാറായത്.
നിലവില്‍ യുകെയിലെ സ്വത്തുക്കള്‍ ലഭിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ലോറീന്‍. സ്വത്ത് ലഭിച്ചശേഷം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോകുമെന്നും അവര്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 21, 2025 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
4.22 കോടിരൂപയുടെ സ്വത്ത്; തട്ടിപ്പ് കോള്‍ എന്ന് സംശയിച്ച 60കാരിയെ തേടിയെത്തിയത്