• HOME
 • »
 • NEWS
 • »
 • world
 • »
 • World's loneliest man | കാട്ടിൽ ഒറ്റയ്ക്ക് 26 വർഷം; ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിട പറഞ്ഞു

World's loneliest man | കാട്ടിൽ ഒറ്റയ്ക്ക് 26 വർഷം; ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിട പറഞ്ഞു

ഭൂമിയിൽ ആഴത്തില്‍ കുഴികള്‍ ഉണ്ടാക്കുന്ന ശീലം കാരണം അദ്ദേഹം 'മാന്‍ ഓഫ് ദ ഹോള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്.

 • Last Updated :
 • Share this:
  ഘോര വനത്തിനുള്ളില്‍ (forest) ആരുമായും യാതൊരു വിധ ബന്ധവുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ, ചിലര്‍ക്ക് ഇത്തരമൊരു ജീവിതം സ്വപ്‌നമാണ് (dream). എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് പേടി സ്വപ്‌നമാണ്. കഴിഞ്ഞ 26 വര്‍ഷമായി ബ്രസീലിലെ (Brazil) ആമസോൺ കാടുകളിൽ (amazon forest) ഒരു അജ്ഞാത മനുഷ്യന്‍ ജീവിച്ചിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഈ മാസം അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തി.

  ഭൂമിയിൽ ആഴത്തില്‍ കുഴികള്‍ ഉണ്ടാക്കുന്ന ശീലം കാരണം അദ്ദേഹം 'മാന്‍ ഓഫ് ദ ഹോള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. മൃഗങ്ങളെ കെണിയില്‍ പെടുത്താന്‍ വേണ്ടിയാണ് ഈ കുഴികളിൽ ചിലത് ഉപയോഗിക്കാറുള്ളത്. എന്നാല്‍ മറ്റ് ചിലതാകട്ടെ അദ്ദേഹത്തിന്റെ ഒളിത്താവളങ്ങള്‍ ആയിരുന്നു.

  ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വനത്തിനുള്ളിലെ വൈക്കോല്‍ കുടിലിന് പുറത്താണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ലോകത്തിലെ 'ഏറ്റവും ഏകാകിയായ മനുഷ്യന്‍' എന്നറിയപ്പെട്ടിരുന്ന ആമസോണിലെ ഈ നിഗൂഡ മനുഷ്യനെക്കുറിച്ച് കൂടുതൽ അറിയാം

  ആരായിരുന്നു 'മാന്‍ ഓഫ് ദ ഹോള്‍'?

  തന്റെ ഗോത്രത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ഈ നിഗൂഢ മനുഷ്യന്‍. ബ്രസീലിലെ റൊണ്ടോണിയ സംസ്ഥാനത്തിലെ ഒരു ഉള്‍പ്രദേശമായ ടിമാരുവിലാണ് അദ്ദേഹം താമസിച്ചിരുന്നത്.ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം, 1970കളില്‍ ഭൂപ്രഭുക്കന്മാര്‍ തങ്ങളുടെ കൃഷിയിടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ ഗോത്രത്തിലെ ഭൂരിഭാഗം ആളുകളെയും കൊന്നുകളഞ്ഞു. 1995ല്‍ അനധികൃത ഖനി തൊഴിലാളികളുടെ ആക്രമണത്തില്‍ ശേഷിച്ച ആറ് പേര്‍ മരിക്കുകയും ഇയാള്‍ മാത്രം രക്ഷപ്പെടുകയും ചെയ്തു.

  1970കള്‍ മുതല്‍ പ്രാദേശിക കര്‍ഷകരുടെ ആക്രമണങ്ങള്‍ക്ക് ഇരകളായി എന്ന കാര്യം ഒഴിച്ച് മാന്‍ ഓഫ് ദ ഹോളിന്റെ ഗോത്രത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം പുറത്തുള്ളവരുമായി ഒരു തരത്തിലും സമ്പര്‍ക്കം ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. 'അദ്ദേഹം ആരെയും വിശ്വസിച്ചിരുന്നില്ല. കാരണം അദ്ദേഹത്തിന് മറ്റുള്ളവരില്‍ നിന്ന് ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്' പര്യവേക്ഷകനായ മാര്‍സെലോ ഡോസ് സാന്റോസ് പറഞ്ഞു.

  1996 ല്‍ മാത്രമാണ് ഫുനായി ഏജന്‍സി മാന്‍ ഓഫ് ദ ഹോളിനെക്കുറിച്ച് അറിയുന്നത്. അന്നുമുതല്‍ അദ്ദേഹത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം ഏജന്‍സി ഏറ്റെടുത്തു. 1997 ഓടെ അദ്ദേഹത്തിന് സുരക്ഷിതമായി ജീവിക്കാന്‍ ആ പ്രദേശത്ത് ഏജന്‍സി ഉദ്യോഗസ്ഥര്‍ വേലി കെട്ടി. പുറത്തു നിന്നുള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാത്തതിനാല്‍ മാന്‍ ഓഫ് ഹോള്‍ ഏത് ഭാഷയാണ് സംസാരിച്ചിരുന്നതെന്നോ ഏത് വംശത്തില്‍പ്പെട്ട ആളാണെന്നോ അറിയില്ല.

  ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2009ല്‍ നടന്ന ഒരു ആക്രമണത്തില്‍ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നു. കാട്ടില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയപ്പോള്‍ മാന്‍ ഓഫ് ദ ഹോള്‍ കൊല്ലപ്പെട്ടെന്ന് ഫുനായി ഉദ്യോഗസ്ഥര്‍ കരുതി, എന്നാല്‍ ഇദ്ദേഹം സുരക്ഷിതനാണെന്ന് പിന്നീട് കണ്ടെത്തി.

  താമസം

  ബ്രസീലിലെ തനാരു എന്ന പ്രദേശത്താണ് മാന്‍ ഓഫ് ദ ഹോള്‍ താമസിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നിലാണ് ഈ വനമേഖല നിലനില്‍ക്കുന്നത്. വൈക്കോല്‍ കൊണ്ട് ഉണ്ടാക്കിയ ഒരു കുടിലിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്ന് മൃതദേഹം കണ്ടെത്തിയ ഫുനായ് ഏജന്റ് അല്‍തയര്‍ ജോസ് അല്‍ഗയേര്‍ പറഞ്ഞു. ഇത്തരം കുടിലുകളില്‍ മൂന്ന് മീറ്റര്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള ഇത്തരം കുടിലുകളെല്ലാം ഏതാണ്ട് ഓരേ ആകൃതിയിലും വലുപ്പത്തിലുമാണ് ഉള്ളത്. ഒറ്റ വാതില്‍ മാത്രമാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.

  വീടുകളില്‍ കാണപ്പെട്ട ഇത്തരം കുഴികള്‍ക്ക് ആത്മീയമായി വലിയ പ്രാധാന്യം ഉണ്ട്. മാന്‍ ഓഫ് ദ ഹോള്‍ ഇത്തരം കുഴികളില്‍ ഒളിച്ചിരിക്കാറുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്നവര്‍ ചോളം, മാഞ്ചിയം എന്നിവ നട്ടു പിടിപ്പിക്കുകയും തേന്‍, വാഴപ്പഴം, പപ്പായ തുടങ്ങിയവ ശേഖരിക്കുകയും ചെയ്തിരുന്നു.

  എങ്ങനെയാണ് 'മാന്‍ ഓഫ് ദ ഹോള്‍' മരിച്ചത്?

  കഴിഞ്ഞ ചൊവ്വാഴ്ച കുടിലിന് പുറത്തുള്ള ഊഞ്ഞാലിലാണ് ഫുനായ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്ക് 55-65 വയസ്സ് പ്രായമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന്റെയോ മല്‍പ്പിടുത്തത്തിന്റെയോ സൂചനകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇതൊരു സ്വാഭാവിക മരണമാണെന്നാണ് വിലയിരുത്തുന്നത്.

  മാന്‍ ഓഫ് ദ ഹോള്‍ ശരീരത്തില്‍ തൂവലുകള്‍ വെച്ചിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകനായ മാര്‍സെലോ ഡോസ് സാന്റോസ് പറഞ്ഞു.

  ബ്രസീലിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഭീഷണിയില്‍

  അനധികൃത ഖനിത്തൊഴിലാളികളും മരംവെട്ടുകാരും കര്‍ഷകരും തങ്ങളുടെ പ്രദേശങ്ങളില്‍ അതിക്രമിച്ചുകയറുന്നതിനാല്‍ ബ്രസീലിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്. തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ 2018 ല്‍ അധികാരമേറ്റതിനുശേഷം ഭീഷണി നേരിടുന്ന ഗോത്രങ്ങളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
  Published by:Arun krishna
  First published: