'ഇതായിരുന്നു എൻ്റെ സങ്കല്പത്തിലെ വീട്'; സ്വപ്നവീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ആനി ശിവ
- Published by:Vishnupriya S
- news18-malayalam
Last Updated:
ലാലേട്ടന്റെ സിനിമ കണ്ട അന്ന് തന്റെ മനസില്‍ പതിഞ്ഞതാണ് ഈ വീടെന്നും ആനി ശിവ
നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ പിന്നീട് 10 വർഷത്തെ തന്റെ കഠിനാധ്വാനത്തിലൂടെ എസ്ഐ ആയി മാറിയ കഥ ഏവർക്കും സുപരിചിതമാണ്. നാരങ്ങാ വെള്ളം വിറ്റ് നടന്ന അതേയിടത്തേക്ക് തന്നെ എസ്ഐ ആയി തിരികെ വന്ന അനുഭവം പങ്കുവച്ച ആനി ശിവയെന്ന ആനി എസ്പി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ തങ്ങളുടെ സ്വപ്നവീട് സ്വന്തമാക്കിയ സന്തോഷമാണ് ആനി ശിവ പങ്കുവെക്കുന്നത്.
advertisement
ഈ വീട്ടില്‍ ആനിയ്‌ക്കൊപ്പം 15 വയസുകാരനായ മകന്‍ ശിവസൂര്യയുമുണ്ട്. 'നഭസ്സ്' എന്നാണ് സ്വപ്‌ന ഭവനത്തിന് പേര് നല്‍കിയിരിക്കുന്നത്. ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കഥയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആനി ശവ പറയുന്നുണ്ട്. 2004-ല്‍ പത്തില്‍ പഠിക്കുമ്പോള്‍ കണ്ട മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ 'നഭസ്സ്' എന്ന പേരില്‍ കായലോരത്തെ ഒരു വീട് കാണിക്കുന്നുണ്ട്. അന്ന് തന്റെ മനസില്‍ പതിഞ്ഞതാണ് ആ വീടെന്നും കുറിപ്പില്‍ ആനി ശിവ പറയുന്നു.
advertisement
ആനി ശിവയുടെ കുറിപ്പിന്റെ പൂർണരൂപം: നഭസ്സ്: മണ്ണിൻ്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട്; ഇതായിരുന്നു എൻ്റെ സങ്കല്പത്തിലെ വീട്. 2004 ൽ ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ലാലേട്ടൻ്റെ വിസ്മയത്തുമ്പത്ത് സിനിമ തിയറ്ററിൽ പോയി കാണുന്നത്, സിനിമ കണ്ട് കഴിഞ്ഞു വന്നിട്ടും മനസിൻ്റെ വേരുകളിൽ ഉടക്കിയത് 'നഭസ്സ്' എന്ന പേരും കായലോര വീടും ആയിരുന്നു.
advertisement
വർഷങ്ങൾക്കിപ്പുറം 'വീട്' എന്നൊരു ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ ബ്രോക്കർമാരോട് ഞാൻ പറഞ്ഞ നീണ്ട ഡിമാൻ്റുകളിൽ ചിലത് കായലോരം ആയിരിക്കണം, പത്ത് സെൻ്റ് എങ്കിലും വേണം, ഗ്രാമീണ അന്തരീക്ഷം വേണം, മെയിൻ റോഡ് സൈഡ് പാടില്ല,വാഹനങ്ങളുടെ ബഹളം പാടില്ല, കാർ കയറണം, 30 ലക്ഷത്തിന് മുകളിൽ പോകരുത് എന്നൊക്കെ ആയിരുന്നു.
advertisement
പലരുടെയും പരിഹാസങ്ങൾ നിറഞ്ഞ ഡയലോഗുകൾക്കൊടുവിൽ എൻ്റെ ഡിമാൻ്റുകൾ എല്ലാം അംഗീകരിച്ചുകൊണ്ട് 'അവൾ' ആ കായലോരത്ത് എൻ്റെ വരവും കാത്ത് കിടപ്പുണ്ടായിരുന്നു. എൻ്റെ വരവിന് ശേഷം ഞാൻ 'അവൾക്ക് ' പുതുജീവനേകി. എൻ്റെ ഇഷ്ടങ്ങൾ 'അവളുടെയും' ഇഷ്ടങ്ങളായി. എൻ്റിഷ്ടങ്ങളുടെ കാടൊരുക്കാൻ തുടങ്ങിയപ്പോൾ 'അവളും' എന്നോടൊപ്പം സന്തോഷത്തോടെ നിന്നു.
advertisement
advertisement
ദ ആൽക്കെമിസ്റ്റിൽ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ 'ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ജീവിതത്തെ രസകരമാക്കുന്നത്'. അങ്ങനെ എൻ്റെ ഈ സ്വപ്നവും രസകരമായി സാക്ഷാത്കരിച്ചു. വീടിനുള്ളിൽ പുസ്തകങ്ങൾ കൊണ്ടും വീടിനു പുറത്ത് പച്ചപ്പ് കൊണ്ടും കാടൊരുക്കുകയാണ്. ഒരു പുസ്തകമോ ഒരു ചെടിയോ എനിക്കായി കരുതാം. കായൽ കാറ്റേറ്റ് ചൂട് കട്ടൻചായ ഊതിയൂതി കുടിച്ച് ഇച്ചിരി നേരം സൊറ പറഞ്ഞിരിക്കാം. വിളിച്ചിട്ട് വന്നോളൂ.
advertisement
NB: വീട് വയ്ക്കുക എന്ന് പറയുന്നത് സാമ്പത്തികമായും മാനസികമായും അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല പ്രത്യേകിച്ച് ആരുടെയും കൈതാങ്ങില്ലാതെ ഒരു പെണ്ണ് ഒറ്റയ്ക്ക് ഇതിന് ഇറങ്ങി പുറപ്പെടുമ്പോൾ. ഒറ്റയ്ക്ക് വീട് വയ്ക്കാൻ തീരുമാനിക്കുന്നവർ എന്ത് റിസ്കും ഒറ്റയ്ക്ക് ഏറ്റെടുക്കാൻ മനസിനെ ആദ്യമേ റെഡി ആക്കി എടുക്കണം.
advertisement









