കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിർബന്ധമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവരിൽ നിന്നും പൊലീസ് പിഴ ഈടാക്കുകയോ മറ്റു നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യും. എന്നാൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ കാൺപൂരിൽ ഒരു ആടിനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു.
വാർത്താ ഏജൻസിയായ IANS ആണ് ഇത്തരമൊരു വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. കാൺപൂരിലെ ബെക്കോംഗഞ്ച് പ്രദേശത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ആടിനെ പൊലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു വാർത്ത. ആടിനെ സ്റ്റേഷനിലെത്തിച്ച പൊലീസുകാർ ഉടമയെ വിളിച്ചു വരുത്തി ഇനി ഇത്തരം നടപടി ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ വിട്ടയച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു.