'ആർആർആർ' എന്ന ചിത്രത്തിലെ രാം ചരൺ, എൻടിആർ ജൂനിയർ എന്നിവർ ഡാൻസ് ചെയ്തു അഭിനയിച്ച 'നാട്ടു നാട്ടു' 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാംചരൺ എന്ന നടന്‍റെ അഭിനയമികവും കരിയറും ആസ്തിയുമൊക്കെ വീണ്ടും ചർച്ചയാകുകയാണ്. തെലുങ്ക് സിനിമയുടെ പ്രതീകമായി കണക്കാക്കുന്ന, സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ മകനാണ് രാം ചരൺ. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ രാം ചരൺ, മഗധീര, രംഗസ്ഥലം, യെവഡു, ആർആർആർ തുടങ്ങിയ വലിയ ഹിറ്റുകളിൽ നായകനായി വേഷമിട്ടു. ആർആർആർ രാംചരണിന്‍റെ കരിയറിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം എന്നതിൽ ഉപരി ഓസ്ക്കാർ ഉൾപ്പടെ ആഗോള അംഗീകാരങ്ങളും സ്വന്തമാക്കുന്ന സിനിമയായി മാറി.
സിനിമകളുടെ വമ്പൻ വിജയം മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ഏറ്റവുമധികം ആസ്തിയുള്ള നടൻമാരിൽ ഒരാൾ കൂടിയാണ് രാംചരൺ. ഏകദേശം 1370 കോടിയിലേറെയാണ് രാംചരണിന്‍റെ ആസ്തി. നടന്റെ പ്രതിമാസ വരുമാനം 3 കോടി രൂപയിൽ കൂടുതലാണ്. വാർഷിക വരുമാനം 30 കോടിയിലധികം വരും. ഒരു സിനിമയ്ക്ക് 15 കോടിയോളം രൂപയാണ് രാംചരൺ പ്രതിഫലമായി ഈടാക്കുന്നത്.
രാജമൗലിയുടെ ആർആർആറിൽ അഭിനയിക്കാൻ 45 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് സൂചന. സൂം എന്റർടൈൻമെന്റ് പറയുന്നതനുസരിച്ച്, തന്റെ അടുത്ത ചിത്രത്തിനായി അദ്ദേഹം 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. രാം ചരണിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമകളിൽ നിന്നും പരസ്യചിത്രങ്ങളിൽനിന്നുമാണ്. അഭിനയത്തിനുള്ള പ്രതിഫലം വാങ്ങുന്നതിന് പുറമെ തന്റെ സിനിമകളിൽ നിന്നുള്ള ലാഭവിഹിതവും താരം എടുക്കുന്നുണ്ട്. ഒരു ഉൽപ്പന്നത്തിന്‍റെയോ ബ്രാൻഡിന്‍റെയോ അംബാസഡറാകാനും പരസ്യത്തിൽ അഭിനയിക്കാനും ശരാശരി 1.8 കോടി രൂപയാണ് രാംചരൺ കൈപ്പറ്റുന്നത്. പെപ്‌സി, ടാറ്റ ഡോകോമോ, വോലാനോ, അപ്പോളോ ജിയ, ഹീറോ മോട്ടോകോർപ്പ്, ഫ്രൂട്ടി തുടങ്ങി 34 ഓളം ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദ്ദേഹം അഭിനയിച്ചതായി ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് ചെയ്തു.
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 25,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഒരു ബംഗ്ലാവിലാണ് രാം ചരൺ താമസിക്കുന്നത്, അവിടെ അദ്ദേഹം ഭാര്യ ഉപാസന കാമിനേനി, അച്ഛൻ ചിരഞ്ജീവി, അമ്മ സുരേഖ എന്നിവരോടൊപ്പമാണ് താമസം. നീന്തൽക്കുളം, ടെന്നീസ് കോർട്ട്, ക്ഷേത്രം, ജിംനേഷ്യം, മത്സ്യക്കുളം തുടങ്ങി ആഡംബര സൗകര്യങ്ങൾ ബംഗ്ലാവിലുണ്ട്. തരുൺ തഹിലിയാനിയാണ് ഹൈദരാബാദിലെ തന്റെ വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. ഏകദേശം 38 കോടി രൂപയാണ് ഈ ബംഗ്ലാവ് ഉൾപ്പെടുന്ന വസ്തുവിന്‍റെ മൂല്യം. അദ്ദേഹത്തിന് മുംബൈയിൽ ഒരു ആഡംബര ബംഗ്ലാവുണ്ട്.
ഇനി RRR താരം രാം ചരണിന്‍റെ ഗ്യാരേജിലുള്ള ആഡംബര കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഒരു കസ്റ്റമൈസ്ഡ് Mercedes Maybach GLS 600 രാംചരണിന് ഉണ്ട്. ഓഡി മാർട്ടിൻ വി8 വാന്റേജ്, റോൾസ് റോയ്‌സ് ഫാന്റം, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ആസ്റ്റൺ മാർട്ടിൻ, ഫെരാരി പോർട്ടോഫിനോ എന്നിവയും രാംചരണിനുണ്ടെന്ന് ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് ചെയ്തു.
രാം ചരണിന് നിരവധി ബിസിനസുകൾ ഉണ്ട്. ചിരഞ്ജീവിയുടെ 150-ാമത്തെ ചിത്രമായ ഖൈദി നമ്പർ 150-ന്റെ പിന്നിലെ നിർമ്മാണ കമ്പനിയായ ‘കൊനിഡെല പ്രൊഡക്ഷൻ കമ്പനി’ എന്ന ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയാണ് രാംചരൺ. 50 കോടി ബജറ്റിൽ ഒരുക്കിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ 164 കോടിയിലധികം നേടി. പ്രതിദിനം അഞ്ച് മുതൽ എട്ട് വരെ വിമാനസർവീസ് നടത്തുന്ന ട്രൂജെറ്റ് എന്ന പേരിൽ ഒരു എയർലൈൻ സർവീസും രാംചരണിന് സ്വന്തമായി ഉണ്ട്.