Tea | രാജകീയ പാനീയം; ചൈനയിൽ ഉത്ഭവിച്ച ചായ ഇന്ത്യക്കാർക്ക് ഇത്ര പ്രിയപ്പെട്ടതായത് എങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
ചായയെ കുറിച്ചുള്ള ചില രസകരമായ വസ്തുതകളും അതിന്റെ ചരിത്രവും അറിയാം
ഇന്ത്യക്കാരുടെ ദേശീയ പാനീയം എന്നു വേണമെങ്കിൽ ചായയെ വിളിക്കാം. ഒരു കപ്പ് ചായ (tea) കുടിച്ചുകൊണ്ടാണ് നമ്മളിൽ പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. പാലും പഞ്ചസാരയും ഇഞ്ചി വേരും ഏലക്ക, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും ചേർത്തും ചായ ഉണ്ടാക്കാം. ലോകത്തിലെ തന്നെ പ്രിയപ്പെട്ട ഒരു പാനീയമാണ് ചായ. ചായയുടെ ഉത്ഭവത്തെ കുറിച്ച് നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ചായയെ കുറിച്ചുള്ള ചില രസകരമായ വസ്തുതകളും അതിന്റെ ചരിത്രവും അറിയാം.
advertisement
ചൈനയിലെ വേരുകൾ - ചായയുടെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ് (china). ബി.സി 2732ൽ ചൈനീസ് ചക്രവർത്തിയായ ഷെൻ നങ് (shen nung) ആണ് ചായ കണ്ടുപിടിച്ചത്. ഒരു ദിവസം അദ്ദേഹം കാട്ടിൽ വേട്ടയ്ക്ക് പോയ സമയത്ത് വെള്ളം തിളപ്പിക്കുമ്പോൾ അടുത്തുള്ള ചെടിയിൽ നിന്നുള്ള ഇലകൾ ഈ വെള്ളത്തിലേക്ക് വീണു. അങ്ങനെ വെള്ളത്തിന്റെ നിറം തവിട്ടുനിറമാകുകയും ചെയ്തു. ഈ വെള്ളം കുടിച്ച ചക്രവർത്തിക്ക് ഉന്മേഷം തോന്നി. ഇതാണ് പിന്നീട് ചായ എന്നറിയപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം അതിന് 'ച' എന്ന് പേരിട്ടു. പരിശോധിക്കുക അല്ലെങ്കിൽ അന്വേഷിക്കുക എന്നർത്ഥം വരുന്ന ചൈനീസ് വാക്കാണ് അത്. ചായ പാനീയമായി ഉപയോഗിക്കാം എന്ന് ആദ്യം തിരിച്ചറിഞ്ഞത് ചൈനക്കാരാണ്. എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി.
advertisement
രാജകീയ പാനീയം- 1610-ൽ പോർച്ചുഗീസുകാരും ഡച്ചുകാരുമാണ് യൂറോപ്പിൽ ആദ്യമായി ചായയെ പരിചയപ്പെടുത്തിയത്. അക്കാലത്ത് തേയിലക്ക് വില കൂടുതലായിരുന്നു. അതിനാൽ, രാജകുടുംബത്തിലുള്ളവർ മാത്രമേ ചായ കുടിച്ചിരുന്നുള്ളൂ. ചൈനയിൽ മാത്രമേ തേയില കൃഷി ചെയ്യാൻ കഴിയുകയുള്ളൂ എന്നതിനാൽ, ചൈനീസ് വ്യാപാരികൾ വെള്ളിക്കും സ്വർണ്ണത്തിനും വേണ്ടി യൂറോപ്യൻ വ്യാപാരികൾക്ക് തേയില കൈമാറിയിരുന്നു. പിന്നീട്, ചായയെ കുറിച്ചുള്ള കഥകൾ അതിവേഗം വ്യാപിക്കാൻ തുടങ്ങി.
advertisement
ഇന്ത്യയിലെ ആദ്യത്തെ തേയിലത്തോട്ടം - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് (british east india company) ഇന്ത്യയിൽ ആദ്യത്തെ തേയിലത്തോട്ടം സ്ഥാപിച്ചത്. ആസാമീസ് സിങ്‌ഫോ ഗോത്രക്കാർ ചായയുടെ രുചിയും മണവും ഉള്ള എന്തോ കുടിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനുശേഷമാണ് കമ്പനി 1837-ൽ അസമിലെ ചൗബ ജില്ലയിൽ ആദ്യത്തെ ഇംഗ്ലീഷ് ടീ ഗാർഡൻ സ്ഥാപിക്കുകയും ഇന്ത്യയിൽ തേയില കൃഷി ആരംഭിക്കുകയും ചെയ്തത്. ഇതേ സമയത്ത്, കമ്പനി ശ്രീലങ്കയിൽ തേയില ഉൽപ്പാദനം ആരംഭിച്ചു. ചൈന കൂടാതെ ഏകദേശം 52 രാജ്യങ്ങളിൽ തേയില കൃഷി ചെയ്യുന്നുണ്ട്.
advertisement
എന്തുകൊണ്ടാണ് ഇന്ത്യക്കാർ ചായ ഇഷ്ടപ്പെടുന്നത്? - ഇന്ത്യയിലെ 80% പേരും ഒരു കപ്പ് ചായ കുടിച്ചുകൊണ്ടാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ആയുർവേദത്തിലും ചായ ഒരു മരുന്നായി ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന് ഊർജം പകരാൻ സഹായിക്കുന്ന ടാന്നിനും കഫീനും ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ക്ഷീണം തോന്നുമ്പോൾ ചായ കുടിക്കുന്നത് നിങ്ങളെ വീണ്ടും ഊർജ്ജസ്വലനാക്കും.