കാതുവാക്കുള രെണ്ടു കാതൽ എന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ സംവിധാനം ചെയ്യുന്നത്. നയൻതാരയ്ക്ക് പുറമേ, സാമന്ത അക്കിനേനിയും ചിത്രത്തിൽ നായികയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നയൻതാരയും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയൻതാര.
മൂക്കിത്തി അമ്മൻ നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലോക്ക്ഡൗൺ കാലത്ത് ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാളത്തിൽ നിഴൽ ആണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കുഞ്ചാക്കോ ബോബനാണ് നിഴലിൽ നായകൻ. നയൻതാരയും ചാക്കോച്ചനും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ലൗ ആക്ഷൻ ഡ്രാമയിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
ഇതുകൂടാതെ, നേട്രികൻ, അണ്ണാതെ, എന്നീ ചിത്രങ്ങളിലും നയൻതാരയാണ് നായിക. രജനീകാന്ത് നായകനാകുന്ന അണ്ണാതെയുടെ ചിത്രീകരണം ഹൈദരാബാദിലാണ്. സിനിമയുടെ ഷൂട്ടിങ്ങ് സംഘത്തിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് രജനി അടക്കമുള്ളവർ നിരീക്ഷണത്തിൽ പോയിരുന്നു. ഇതുകൂടാതെ ഫഹദ് ഫാസിൽ നായകനാകുന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലും നായികയാകുന്നത് നയൻതാരയാണ്.