ആർ.എസ്.എസുമായി കുട്ടിക്കാലം മുതലേയുള്ള ബന്ധം വിവരിച്ച് ഇന്ത്യൻ സൂപ്പർ മോഡൽ മിലിന്ദ് സോമൻ. 'മെയ്ഡ് ഇൻ ഇന്ത്യ, എ മെമ്മോയർ' എന്ന പുസ്തകത്തിലാണ് തനിക്കുണ്ടായിരുന്ന ആർ.എസ്.എസ്. ബന്ധം മിലിന്ദ് വിവരിക്കുന്നത്. ഇന്നത്തെ കാലത്ത് വരുന്ന ആർ.എസ്.എസുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ വായിക്കുന്ന തനിക്ക് അത്ഭുതമാണ് തോന്നാറുള്ളതെന്നും അദ്ദേഹം പറയുന്നു. മിലിന്ദിന്റെ ആർ.എസ്.എസ്. ബന്ധം ഇങ്ങനെ:
ശിവജി പാർക്കിലുള്ള ആർ.എസ്.എസ്. ശാഖയിലാണ് അച്ഛൻ എന്നെ നീന്തൽ പഠിപ്പിക്കാൻ കൊണ്ട് ചേർക്കുന്നത്. ആർ.എസ്.എസിന്റെ ജൂനിയർ കേഡറിൽ ചേരുക വഴി അച്ചടക്കമുള്ള ജീവിതം, ശാരീരിക ക്ഷമത, ശരിയായ ചിത എന്നിവയെല്ലാം ഒരു കൊച്ചു പയ്യൻ പഠിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെപ്പറ്റി ബാബ വിശ്വസിച്ചിരുന്നു. ഞങ്ങളുടെ അയൽപക്കത്തുള്ള മറ്റു ആൺകുട്ടികളും അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്...
എന്റെ അച്ഛൻ ആർ.എസ്.എസിൽ അംഗമായിരുന്നു. ഒപ്പം തന്നെ ഹിന്ദുവെന്നതിൽ അഭിമാനിച്ചിരുന്നു. അതിൽ അഭിമാനം കൊള്ളാൻ എന്തിരിക്കുന്നു എന്നെനിക്കറിയില്ല. എന്നാൽ അതിൽ പരാതിപ്പെടാൻ ഏറെയുണ്ടെന്നും എനിക്ക് തോന്നിയില്ല. എന്റെ ശാഖാ നേതാക്കൾ ഹിന്ദു എന്നതിൽ എന്ത് ചിന്തിച്ചിരുന്നു എന്നും എനിക്കറിയില്ല. അതേപ്പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകൾ അവർ ഞങ്ങളുമായി ചർച്ച ചെയ്തിരുന്നില്ല. ഇനി ചർച്ച ചെയ്തിരുന്നെങ്കിലും ഞാൻ അതിൽ ശ്രദ്ധിക്കുമായിരുന്നില്ല. അതൊരുപക്ഷേ അവരെ എന്റെ അച്ഛനെ പോലെ തോന്നിപ്പിച്ചേക്കാമായിരിക്കും...