എൽദോസ് കുന്നപ്പള്ളിയെ സ്ഥാനാർത്ഥിയാക്കണം; പെരുമ്പാവൂരിൽ അനുയായികളുടെ ശക്തിപ്രകടനം
- Published by:Rajesh V
- news18-malayalam
Last Updated:
'പെരുമ്പാവൂർ കുന്നപ്പള്ളിക്കൊപ്പം' എന്ന ബാനറുയർത്തിയാണ് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്
പെരുമ്പാവൂരിൽ സിറ്റിങ് എം എൽ എ എൽദോസ് കുന്നപ്പള്ളിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ ശക്തിപ്രകടനം നടത്തി. പിന്തുണയുമായി പ്രാദേശിക നേതാക്കളും പ്രവർത്തകരും അടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ജനങ്ങളുടെ വികാരം പ്രകടിപ്പിച്ചതാണെന്നാണ് അണികൾ പറയുന്നത്.
മണ്ഡലത്തിലെ 11 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളിൽ 7 ഏഴെണ്ണത്തിന്റെ പിന്തുണ എൽദോസിനുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
'പെരുമ്പാവൂർ കുന്നപ്പള്ളിക്കൊപ്പം' എന്ന ബാനറുയർത്തിയാണ് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്. പാലക്കാടും തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്താണ് പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. കെപിസിസി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
സ്വതന്ത്രനായി മത്സരിക്കും
സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാനാണ് എൽദോസ് കുന്നപ്പള്ളിയുടെ തീരുമാനം. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് വ്യക്തമാക്കി. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു പ്രതികരണം. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു.
advertisement
എൽദോസ് കുന്നപ്പള്ളിയ്ക്ക് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്നാൽ, വി ഡി സതീശന്റെ വിശ്വസ്തൻ കൂടിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് തന്നെയാണ് സാധ്യത കൂടുതൽ.
സീറ്റ് നിഷേധിക്കാൻ കാരണം
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വത്തിന് വിനയായത്. മാർച്ച് 26ന് ഈ കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് എൽദോസിന് സ്ഥാനാർത്ഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ നിലപാടെടുത്തു.
advertisement
തിങ്കളാഴ്ച വൈകിട്ടുവരെ എൽദോസ് കുന്നപ്പിള്ളിയുടെ വീണ്ടും പെരുമ്പാവൂരിൽ മത്സരിക്കാനുള്ള സാധ്യതകൾ നിലനിന്നിരുന്നു. എൽദോസിന്റെയും ഷിയാസിന്റെയും ഉൾപ്പെടെ പേരുകളാണ് സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 19, 2026 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പള്ളിയെ സ്ഥാനാർത്ഥിയാക്കണം; പെരുമ്പാവൂരിൽ അനുയായികളുടെ ശക്തിപ്രകടനം









