കൊച്ചി: സിനിമയിൽ മാത്രമല്ല ബിസിനസിലും ഒരു കൈ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് 'അഡാർ ലവ്' സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിലൂടെയാണ് താൻ പുതിയ സംരംഭം പുതിയ തുടങ്ങിയ കഥ ഒമർ ലുലു അറിയിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ നോൺ - വെജ് സൂപ്പർ മാർക്കറ്റുമായാണ് സംവിധായകൻ ബിസിനസുകാരന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത്. 'കുക്ക് ഫാക്ടർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭം ഇന്നുമുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
താൻ ആരംഭിക്കാൻ പോകുന്ന പുതിയ ബിസിനസിനെക്കുറിച്ച് കഴിഞ്ഞദിവസം ആയിരുന്നു ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആ കുറിപ്പ് ഇങ്ങനെ, 'എന്റെ പുതിയ ഒരു ലക്ഷ്യം അഥവാ ആഗ്രഹം നാളെ സഫലമാവുകയാണ്. വിഷമില്ലാത്ത, മായം കലരാത്ത ഹലാൽ ഫ്രഷ് നോൺ വെജ് ഉൽപ്പന്നങ്ങൾക്കായി മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് 'COOK FACTOR' നാളെ (തിങ്കളാഴ്ച) മുതൽ പ്രവർത്തനമാരംഭിക്കുന്നു. റീട്ടെയിൽ മാർക്കറ്റിനൊപ്പം കൊച്ചിയിലെങ്ങും ഓൺലൈൻ ഡെലിവറി സൗകര്യവുമുണ്ട്. വെണ്ണലയിൽ പാലച്ചുവട് റോഡിലാണ് കുക്ക് ഫാക്ടറിന്റെ റീട്ടെയിൽ ഔട്ട്ലെറ്റ്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.'