“ഞാൻ മഹാഭാരതം സിനിമയാക്കുന്ന ഒരു ഘട്ടത്തിലേയ്ക്ക് എത്തുകയാണെങ്കിൽ രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ പതിപ്പുകൾ വായിക്കാൻ മാത്രം എനിക്ക് ഒരു വർഷമെടുക്കും. നിലവിൽ ഇത് 10 ഭാഗങ്ങളുള്ള ഒരു സിനിമയായിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ,” തന്റെ ഭാര്യാസഹോദരൻ ഡോ. എ വി ഗുരുവ റെഡ്ഡിയോട് സംസാരിക്കവെ രാജമൗലി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
“എന്റെ മഹാഭാരതത്തിന് വേണ്ടി ഞാൻ എഴുതുന്ന കഥാപാത്രങ്ങൾ നിങ്ങൾ മുമ്പ് കണ്ടതോ വായിച്ചതോ പോലെ ആയിരിക്കില്ല. ഞാൻ എന്റേതായ രീതിയിൽ മഹാഭാരതം പറയും. മഹാഭാരതത്തിന്റെ കഥ സമാനമായിരിക്കും, എന്നാൽ കഥാപാത്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കഥാപാത്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ എന്റെ രീതിയ്ക്ക് കൂട്ടിച്ചേർക്കുകയും ചെയ്യും, ”അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രത്തിനായി എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ഒരുങ്ങുന്നതായി അടുത്തിടെ ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പിങ്ക് വില്ല എന്ന സിനിമ പോർട്ടൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് ചിത്രം സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലാണ്, ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആയിരിക്കും ഈ ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോർട്ട്. ഹനുമാന്റെ കഥാപാത്രം ആയിരിക്കും മഹേഷ് ബാബുവിന്റേതെന്നും കരുതുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നിലവിൽ വന്നിട്ടില്ല.