എറണാകുളത്ത് ഇൻഫോപാർക്ക്, സെൻട്രൽ, നോർത്ത് പൊലീസ് സ്റ്റേഷനുകളിലും പശ്ചിമകൊച്ചി മേഖലകളിലെ പല പൊലീസ് സ്റ്റേഷനുകളിലും നിരവധി പൊലീസുകാർ രോഗത്തിന്റെ പിടിയിലാണ്. പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും കേസ് അന്വേഷണത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇപ്പോൾ പൊലീസിനുള്ള അധിക ഡ്യൂട്ടിയും കൂടി ആകുമ്പോൾ ജില്ലയിൽ സ്ഥിതി സങ്കീർണമാണ്.
നിലവിൽ എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം ആയിരത്തിലധികം കേസുകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമൂഹ വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി കർശന നടപടികൾ പൊലീസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു വരികയാണ്. ഇതിനിടയിലാണ് രോഗം പൊലീസുകാർക്കിടയിൽ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
തൃപ്പൂണിത്തുറ ക്യാമ്പിൽ രണ്ടു ദിവസം കൊണ്ട് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏതാണ്ട് നാൽപതോളം പേർ നിരീക്ഷണത്തിലാണ്. എറണാകുളത്തെ ക്യാമ്പിൽ ഇതിനകം 55 പേർ പോസിറ്റീവ് ആയിക്കഴിഞ്ഞു. രോഗികളുടെ സമ്പർക്കത്തിലുള്ള ആരെയും നിരീക്ഷണത്തിൽ പോകാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാത്രമാണ് ക്യാമ്പുകളിൽ ഇപ്പോൾ ആന്റിജൻ ടെസ്റ്റ് അടക്കം അനുവദിക്കുന്നത്. ഇതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. സമ്പർക്ക പട്ടികയിൽ വരുന്നവരും മറ്റുള്ളവരും ക്യാമ്പുകളിൽ ഭക്ഷണം കഴിക്കാനായി ഒത്തുകൂടുന്നതും ഒരേ ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നതും മറ്റൊരു ഭീഷണിയാണ്.