സിപിഎമ്മിന്‍റെ ചുവപ്പുകോട്ടയായി കണ്ണൂർ ജില്ല അറിയപ്പെടുമ്പോഴും, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കൂടുതലും വിജയിച്ചിട്ടുള്ളത് കോൺഗ്രസ്. 2014ലെ പോരാട്ടത്തിന്‍റെ തനിയാവർത്തനമാണ് ഇത്തവണയും കണ്ണൂരിൽ സിറ്റിങ് എം.പി പി.കെ. ശ്രീമതി ഇടത് സ്ഥാനാർത്ഥിയായും മുൻ എം.പിയും കഴിഞ്ഞ തവണ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ. സുധാകരൻ യുഡിഎഫിനുവേണ്ടിയും മത്സരരംഗത്തുണ്ട്. മുതിർന്ന നേതാവ് സി.കെ. പദ്മനാഭനാണ് എൻഡിഎ സ്ഥാനാർത്ഥി
1998ൽ സിപിഎം രംഗത്തിറക്കിയ എ.പി. അബ്ദുള്ളക്കുട്ടി എന്ന അത്ഭുതക്കുട്ടി മുല്ലപ്പള്ളിയെ അട്ടിമറിച്ചു. 2004ലും അബ്ദുള്ളക്കുട്ടി വിജയം ആവർത്തിച്ചു. എന്നാൽ 2009ൽ കെ സുധാകരനിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. 2014ൽ കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയെ രംഗത്തിറക്കി സിപിഎം വീണ്ടും കണ്ണൂർ കോട്ട തിരിച്ചുപിടിച്ചു.
വികസനവിഷയങ്ങളും കൊലപാതകരാഷ്ട്രീയവും ശബരിമലയുമൊക്കെ ശക്തമായ തെരഞ്ഞെടുപ്പ് വിഷയമാകുന്ന കണ്ണൂരിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ 6566 വോട്ടുകൾക്കായിരുന്നു പി.കെ ശ്രീമതിയുടെ വിജയം. നോട്ട നേടിയതാകട്ടെ 7026 വോട്ടുകൾ. ഇത്തവണ കണ്ണൂർ ആർക്കൊപ്പം നിൽക്കുമെന്ന കാര്യം പ്രവചനാതീതമാണ്...