തിരുവനന്തപുരം- കാസർഗോഡ് യാത്ര ഇനി നാലു മണിക്കൂറിൽ; സിൽവർ ലൈനിന് തത്വത്തിൽ അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകി
തിരുവനന്തപുരം : കേരളത്തിന്റെ യാത്രാ സൗകര്യ വികസനത്തിന് ഇനി സ്വപ്ന വേഗം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം യാത്രയ്ക്ക് നാലു മണിക്കൂർ മാത്രം മതി. കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന വാർത്തയാണിതെന്നും മുഖ്യമന്ത്രി.
advertisement
ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെ യില്‍ ലൈനുകളാകും നിര്‍മിക്കുക. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
advertisement
കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് പ്രാഥമിക സാധ്യതാപഠനത്തില്‍ കണ്ടെത്തിയിരുന്നു.
advertisement
സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ച ശേഷമാണ് കേന്ദ്ര റെയില്‍ മന്ത്രാലയത്തിനയിച്ചത്. നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.