SDPI നേതാക്കൾ AKG സെന്റർ സന്ദർശിച്ചോ? ആ ചിത്രങ്ങൾ സത്യമാണോ?
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം എസ്ഡിപിഐയുടെ ദേവികുളം മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്കിൽ വന്ന ചിത്രങ്ങളാണ് പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി എകെജി സെന്ററിലേക്ക് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സ്കൂട്ടറിലെത്തിയ അക്രമി സ്ഫോടക വസ്തു എറിഞ്ഞത്. നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ആക്രമണത്തെ അപലപിച്ച് നിരവധി രാഷ്ട്രീയ കക്ഷികൾ രംഗത്ത് വന്നു. എന്നാൽ കഴിഞ്ഞ ദിവസം എസ്ഡിപിഐയുടെ ദേവികുളം മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്കിൽ വന്ന ചിത്രങ്ങളാണ് പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നത്. (Photo- Facebook/ SDPI Devikulam Mandalam)
advertisement
'എകെജി സെന്ററിൽ ബോംബെറിഞ്ഞ സ്ഥലം SDPI തിരുവനന്തപുരം ജില്ലാ നേതാക്കൾ സന്ദർശിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറർ ഷംസുദ്ദീൻ മണക്കാട്, കമ്മിറ്റി അംഗം മാഹിൻ പരുത്തികുഴി എന്നിവർ സ്ഥലം സന്ദർശിക്കുന്നതിന്റെയും എകെജി സെന്ററിൽ നിന്ന് ഇറങ്ങിവരുന്നതിന്റെയും ചിത്രങ്ങളാണ് ഫേസ്ബുക്കിൽ സംഘടന പങ്കുവെച്ചത്. (Photo- Facebook/ SDPI Devikulam Mandalam)
advertisement
<strong>വിവാദം - </strong>എറണാകുളം മാഹാരാജാസ് കോളജിൽ അഭിമന്യു കൊല്ലപ്പെട്ടിട്ട് നാലുവർഷം പൂർത്തിയാകുന്ന ദിവസം തന്നെ എസ്ഡിപിഐ നേതാക്കൾ എകെജി സെന്ററിൽ സന്ദർശനം നടത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ എതിരാളികൾ ആയുധമാക്കി. തിരുവനന്തപുരം ജില്ലാ നേതാക്കള്‍ സന്ദർശിച്ച ചിത്രങ്ങൾ അഭിമന്യൂവിന്റെ നാട്ടിലെ എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതിനെ സംശയദൃഷ്ടിയോടെയാണ് പലരും കണ്ടത്. സോഷ്യൽ മീഡിയയിൽ വളരെ വേഗം ചിത്രങ്ങൾ വൈറലായി. സിപിഎം- എസ്ഡിപിഐ അവിശുദ്ധ ബന്ധം എന്ന തലത്തിലാണ് ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടത്. സിപിഎം എസ്ഡിപിഐ രഹസ്യ ധാരണ ഉണ്ടെന്ന ആരോപണം ഉയരുമ്പോഴാണ് എസ്ഡിപിഐ നേതാക്കളുടെ സന്ദർശനം. എസ്ഡിപിഐയുടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവർത്തനങ്ങളോടും സിപിഎമ്മും സംസ്ഥാന സർക്കാരും മൃദുസമീപനം പുലർത്തുന്നു എന്ന ആരോപണം ബിജെപി അടക്കം ശക്തമായി ഉയർത്തുന്നതിനിടെ സന്ദർശനം രാഷ്‌ട്രീയ കേരളത്തിൽ ചർച്ചയായി. (Photo- Facebook/ SDPI Devikulam Mandalam)
advertisement
<strong>എകെജി സെന്ററിന്റെ വിശദീകരണം -</strong> സിപിഎം നേതാക്കളെ കാണാൻ എസ്ഡിപിഐ ജില്ലാ നേതൃത്വം എത്തിയ വിവരം എകെജി സെന്റർ സ്ഥിരീകരിച്ചു. എന്നാൽ സന്ദർശന അനുമതി നൽകാത്തതിനെ തുടർന്ന് ഇവർ മടങ്ങിപ്പോയെന്നും എകെജി സെന്ററിന് മുന്നിൽ നിന്ന് ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് എകെജി സെന്ററിന്റെ വിശദീകരണം.
advertisement
<strong>എസ്ഡിപിഐ നേതാക്കള്‍ പറയുന്നത് - </strong>കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദിന്റെ നേതൃത്വത്തിൽ എസ്ഡിപിഐ നേതാക്കൾ എകെജി സെന്ററിൽ എത്തിയത്. ബോംബ് ആക്രമണം നടന്ന സ്ഥലം രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്ന് എസ്ഡിപിഐ പറയുന്നു. എസ്എഫ്ഐ ആക്രമിച്ച വയനാട്ടിലെ രാഹുൽഗാന്ധിയുടെ ഓഫീസും സന്ദർശിച്ചിരുന്നുവെന്ന് നേതാക്കൾ പറയുന്നു. (Photo- Facebook/ SDPI Devikulam Mandalam)