മൂന്നുവർഷം കിടപ്പിൽ. ഇനി ഒരിക്കലും നൃത്ത വേദിയിലേക്ക് എത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധി എഴുതി. എന്നാൽ, ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് കവിത ജീവിതം തിരിച്ചു പിടിച്ചു. വീണ്ടും ചിലങ്കയുടെ താളം കവിതയുടെ ജീവിതത്തിൽ തിരിച്ചെത്തി. ആത്മവിശ്വാസം കൊണ്ട് മാത്രമാണ് വീണ്ടും നൃത്തവേദിയിലേക്ക് എത്താൻ കഴിഞ്ഞത് കവിത പറയുന്നു.
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെയുള്ള പെൺക്കുട്ടികളോട് കവിതയ്ക്ക് പറയാനുള്ളത് നമ്മുടെ സന്തോഷം നമ്മുടെ കൈയിലാണെന്നാണ്. ഒരു പെൺകുട്ടി ഒറ്റയ്ക്ക് എന്ത് ചെയ്യുമെന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ, ആ ഒറ്റപ്പെടലാണ് ആത്മവിശ്വാസം എന്നും കവിത പറയുന്നു. സ്വയം വിശ്വാസമുണ്ടെങ്കിൽ എത്ര വലിയ സ്വപ്നവും നേടിയെടുക്കാം. ആലുവ സ്വദേശിയായ കവിത ഇന്ന് നൃത്തവിദ്യാലയം കൂടി നടത്തുന്നുണ്ട്. നൃത്തത്തോടൊപ്പം വിദ്യാർഥികൾക്ക് അതിജീവനത്തിന്‍റെ പാഠം കൂടി ഈ അധ്യാപിക പകർന്നു നൽകുകയാണ്.