ഇരുകൈകളും മാറ്റിവെക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ ഇന്ത്യയിൽ; 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടർമാർ
- Published by:Anuraj GR
- news18-malayalam
Last Updated:
പത്ത് വർഷം മുമ്പ് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ഈ യുവാവിന്‍റെ രണ്ടു കൈകളും മുറിച്ചുമാറ്റേണ്ടിവന്നത്
മുംബൈ: ഇരുകൈകളും മാറ്റിവെക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ മുംബൈയിൽ നടന്നു. 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള 33 കാരനായ പ്രേമ റാം എന്നയാളാണ് ഇരുകൈകളും മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏഷ്യയിലെ ആദ്യ പുരുഷൻ എന്ന നേട്ടം കൈവരിച്ചത്. ഇന്ത്യൻ വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും വലിയ നാഴികക്കല്ലായ ഈ നേട്ടം മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിലാണ് സംഭവിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
advertisement
പത്ത് വർഷം മുമ്പ് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് പ്രേമറാമിന് രണ്ടു കൈകളും നഷ്ടപ്പെട്ടത്. വയലിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. അന്ന് ഇയാളുടെ രണ്ടു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജീവൻ രക്ഷിക്കാൻ ഇരുകൈകളും മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
advertisement
ആദ്യം കൈപ്പത്തികൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ ബാധിച്ചതോടെ തോളിന് മുകളിൽവെച്ച് ഇരു കൈകളും മുറിച്ചു മാറ്റുകയായിരുന്നു. ഇതോടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രേമറാമിന് മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു. എന്നാൽ തനിക്ക് സംഭവിച്ച ദുരന്തത്തിൽ അദ്ദേഹം പതറിയില്ല. മനോധൈര്യത്തോടെ ജീവിതത്തെ നേരിട്ടു. ഒടുവിൽ കാലങ്ങൾ കൊണ്ട് പേന പിടിച്ച് എഴുതാൻ റാമിന് സാധിച്ചു. ഇപ്പോൾ അദ്ദേഹത്തിന് കാലുകൾകൊണ്ട് എഴുതാൻ അനായാസം സാധിക്കും.
advertisement
advertisement
"എന്നാൽ ഇതുകൊണ്ട് തളർന്നിരിക്കാൻ ഞാൻ തയ്യാറായില്ല. ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ എല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാൻ എന്റെ കാലുകൾ കൊണ്ട് സാധനങ്ങൾ പിടിക്കാൻ പരിശീലിക്കുകയും അതിൽ വിജയിക്കുകയും ചെയ്തത്"- പ്രേമറാം പറഞ്ഞു.
advertisement
ഞാൻ ജീവിതത്തെ സ്നേഹിച്ചു. അതുകൊണ്ടുതന്നെ പൊരുതാൻ തീരുമാനിച്ചു. ബിഎഡ് പഠനം വരെ പൂർത്തിയാക്കി പരീക്ഷയും എഴുതി. ഇപ്പോൾ എനിക്ക് പുതിയ രണ്ട് കൈകൾ ലഭിച്ചു. ഇതിന് എന്റെ കുടുംബാംഗങ്ങൾക്കും ഡോക്ടർമാർക്കും മുംബൈയിലെ ഗ്ലോബൽ ആശുപത്രിയിലെ മുഴുവൻ ടീമിനും ഞാൻ നന്ദി പറയുന്നു. ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ വളരെ സന്തോഷവാനാണ്, സുഖം പ്രാപിക്കാനും എല്ലാം സ്വന്തമായി ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു, ”പ്രേമ റാം പറഞ്ഞു.
advertisement
റാം ഫിസിയോതെറാപ്പി തുടങ്ങിക്കഴിഞ്ഞു, അത് അടുത്ത 18 മുതൽ 24 മാസം വരെ ഫിസിയോതെറാപ്പി തുടരും. 18 മാസത്തിനുള്ളിൽ അദ്ദേഹത്തിന് കൈകൾ പൂർണതോതിൽ ഉപയോഗിക്കാനാകും. റാമിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച ഡോക്ടർമാരുടെ സംഘത്തെ നയിച്ചത് ഗ്ലോബൽ ഹോസ്പിറ്റൽസ് പ്ലാസ്റ്റിക്, ഹാൻഡ് & റീകൺസ്ട്രക്റ്റീവ് മൈക്രോ സർജറി ആൻഡ് ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം മേധാവി ഡോ. നിലേഷ് ജി സത്ഭായിയാണ്. മുമ്പ് യൂറോപ്പിൽ മാത്രമാണ് ഇത്തരത്തിൽ രണ്ടുകൈയകളും മാറ്റിവെക്കുന്ന ശസ്ത്രക്രിയ നടന്നത്..