കൊച്ചി: കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷിക്ക് ഒരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തീരത്ത് നിന്നും 10 കിമി കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോൽപാദനമാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളാണ് കൂടുതൽ അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്.
കടലിൽ കൂടുമത്സ്യകൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ 146 നിർദിഷ്ട സ്ഥലങ്ങൾ ഇന്ത്യൻ കടൽതീരങ്ങളിൽ സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐ വികസിപ്പിച്ച മാരികൾച്ചർ സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷകരെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഡോ ഗോപാലകൃഷ്ണൻ സിഎംഎഫ്ആർഐയുടെ പദ്ധതികൾ വിശദീകരിച്ചത്.
സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതികവിദ്യപ്രകാരം, ആറ് മീറ്റർ വിസ്തീർണമുള്ള ഒരു കൂടിൽ നിന്നും 8 മാസകാലയളവ് കൊണ്ട് മൂന്ന് ടൺ മീനുകളെ ഉൽപാദിപ്പിക്കാം. ഇതിലൂടെ കർഷകർക്ക് കൃഷി ചെയ്യുന്ന മീനുകൾക്കനുസരിച്ച് ഒന്നര ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാം. കൂടുമത്സ്യകൃഷിക്ക് പുറമെ, കടൽപായൽ കൃഷി, മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന ഇംറ്റ സാങ്കേതികവിദ്യകളും തീരദേശവാസികളുടെ വരുമാനവർധനവിനും ശാക്തീകരണത്തിനും സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
40 മുതൽ 80 ലക്ഷം ടൺ വരെ ഉൽപാദനമാണ് ഇന്ത്യയിൽ മാരികൾച്ചറിലൂടെലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ, ഒരു ലക്ഷം ടണ്ണിൽ താഴെ മാത്രമാണ് ഇപ്പോഴത്തെ ഉൽപാദനം. ഇത് വർധിപ്പിക്കാനാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നതെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര ഓരുജലമത്സ്യകൃഷി ഗവേഷണ സ്ഥാപനം (സിബ) ഡയറക്ടർ ഡോ കുൽദീപ് കെ ലാൽ വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്തു.
തനത് മത്സ്യങ്ങളുടേതുൾപ്പെടെ തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഗവേഷകർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യകൾക്കാണ് മാരികൾച്ചർ രംഗത്ത് ഗവേഷകർ ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 22 ഗവേഷകരാണ് 21 ദിവസം നീണ്ടുനിൽക്കുന്ന വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നത്.